Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightInterviewchevron_rightവളർച്ചയെക്കാൾ...

വളർച്ചയെക്കാൾ അതിശയകരമാണ്​ അദാനിയുടെ വീഴ്​ച

text_fields
bookmark_border
വളർച്ചയെക്കാൾ അതിശയകരമാണ്​ അദാനിയുടെ വീഴ്​ച
cancel
camera_alt

Adani and paranjoy guha thakurta

ചങ്ങാത്തമുതലാളിത്തം ജനാധിപത്യത്തെ അട്ടിമറിക്കുന്നതിനെക്കുറിച്ച്​ വർഷങ്ങളായി നിർഭയം എഴുതുകയും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്ന മീഡിയ ആക്​ടിവിസ്റ്റാണ്​ പരൻജോയ്​ ഗുഹ തകുർത്ത.

ഭരണകൂടത്തിന്റെ പകപോക്കലുകളും ചാരവലയങ്ങളും വ്യവസായ ഭീമന്മാർ വിരിച്ച നിയമക്കുരുക്കുകളുമൊന്നും ഈ 67കാരനെ പിന്തിരിപ്പിക്കാൻ പര്യാപ്​തമല്ല. അദാനി ഗ്രൂപ്പിന്റെ താൽപര്യങ്ങൾക്ക്​ വിഘാതമാവുന്നതൊന്നും പറയുകയോ എഴുതുകയോ ചെയ്യരുതെന്ന്​ അഹ്​മദാബാദിലെ ഒരു കോടതി ഉത്തരവിറക്കുകപോലുമുണ്ടായി.

അദാനി ഗ്രൂപ്പിനെ അടിമുടി ഉലച്ച ഹിൻഡൻബർഗ്​ റിപ്പോർട്ടിൽ പരൻജോയ് ഗുഹ തകുർത്തയെക്കുറിച്ച്​ പരാമർശങ്ങളുണ്ട്​. ഈ ഘട്ടത്തിൽ ദ ടെലി​ഗ്രാഫ്​ അസോസിയറ്റ്​ എഡിറ്റർ സംബിത്​ സാഹ നടത്തിയ അഭിമുഖത്തി​ന്റെ പ്രസക്ത ഭാഗങ്ങളുടെ സംഗ്രഹവിവർത്തനം വായിക്കാം.

വസ്​തുതകൾ പങ്കുവെക്കാമെന്നല്ലാതെ കോടതി നി​ർദേശം ലംഘിക്കാനോ അദാനി ഗ്രൂപ്പി​ന്റെ ഭാവിയെക്കുറിച്ച്​ പ്രവചിക്കാനോ ഇല്ല എന്ന മുഖവുരയോടെയാണ്​ പരൻജോയ്​ ഗുഹ തകുർത്ത സംസാരമാരംഭിച്ചത്​.

അദാനിയുടെ വ്യവസായ സാമ്രാജ്യത്തിലേക്ക്​ താങ്കളുടെ ശ്രദ്ധയെത്തുന്നത്​ എങ്ങനെയാണ്​​​?

45 വർഷമായി മാധ്യമപ്രവർത്തകനാണ്​ ഞാൻ. ആ നിലയിൽ എനിക്ക് താൽപര്യമുള്ള മേഖല രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയാണ്. കോർപറേറ്റ് മേഖലയെക്കുറിച്ചും സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും നിരന്തരമായി എഴുതുന്നതിന്റെ ഭാഗമായാണ്​ അദാനി ഗ്രൂപ്പിനെക്കുറിച്ചും എഴുതാൻ തുടങ്ങിയത്.

അവരുടെ വളർച്ച അതിശയകരമായിരുന്നു. 20 വർഷം മുമ്പ് വരെ അദാനി ഗ്രൂപ്പിനെക്കുറിച്ച് വളരെ കുറച്ച് ആളുകൾ മാത്രമേ കേട്ടിട്ടുപോലുമുള്ളൂ. 10 നാൾ മുമ്പുവരെ അദ്ദേഹം ലോകത്തിലെ മൂന്നാമത്തെ വലിയ ധനികനായിരുന്നു, ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ. ഇപ്പോൾ, ലിസ്‌റ്റ് ചെയ്‌ത കമ്പനികളുടെ ഓഹരികൾ തകർന്നതിനെത്തുടർന്ന് അദ്ദേഹം ആ പട്ടികയിൽ നിന്ന്​ വീണു. അദാനി ഗ്രൂപ്പിന്റെ ഉയർച്ചയേക്കാൾ അതിശയകരമായി അവരുടെ പതനം. ജനുവരി 24ന് ഹിൻഡൻബർഗ് റിസർച് റിപ്പോർട്ട് വരുന്നതിനുമുമ്പ്, അദാനി ഗ്രൂപ് ഇനിയും ഉയരുകയില്ലെന്ന് സങ്കൽപിക്കാൻപോലും നമ്മിൽ കുറച്ചു പേർക്കു​ മാത്രമേ സാധിക്കുമായിരുന്നുള്ളൂ.

ഇന്ത്യയിലെ മറ്റു​ കോർപറേറ്റുകളിൽനിന്ന്​ അദാനി ഗ്രൂപ്പിനെ വ്യത്യസ്തമാക്കുന്നത് എന്താണ്?

ഇന്ത്യൻ സമ്പദ്‍വ്യവസ്​ഥയുടെ വിഭിന്ന മേഖലകളിൽ പുലർത്തുന്ന ആധിപത്യമാണ്​ സത്യത്തിൽ അവരുടെ അസാധാരണത്വം. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ തുറമുഖ ഓപറേറ്ററാണവർ. രാജ്യത്തി​ന്റെ കിഴക്ക്​, പടിഞ്ഞാറൻ തീരങ്ങളിലായി ഒരു ഡസൻ തുറമുഖങ്ങൾ നിയന്ത്രിക്കുന്നു. അന്താരാഷ്ട്രതലത്തിലാണെങ്കിൽ ഇസ്രായേലിലെ ഹൈഫ തുറമുഖവും ആസ്‌ട്രേലിയയിലെ അബോട്ട് പോയന്റും അവരുടെ കൈവശമാണ്​.

സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ വിമാനത്താവള ഓപറേറ്റർമാരിൽ ഒരാളാണ് അദാനി. കോൾ ഇന്ത്യ ലിമിറ്റഡ് കഴിഞ്ഞാൽ കൽക്കരി ഖനികളുടെ രണ്ടാമത്തെ വലിയ ഓപറേറ്റർ; അവർക്ക്​ ഇന്തോനേഷ്യയിലും ആസ്‌ട്രേലിയയിലും ഖനികളുണ്ട്. ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ കൽക്കരി ഇറക്കുമതിക്കാരുമാണ്​. എൻ.ടി.പി.സി കഴിഞ്ഞാൽ കൽക്കരി ഉപയോഗിച്ചുള്ള ഏറ്റവും വലിയ വൈദ്യുതി ഉൽപാദകരുമാണ്​. 15 വർഷം മുമ്പ് ചെത്തിമിനുക്കിയ വജ്രക്കല്ലുകളുടെ ഏറ്റവും വലിയ സമാഹകരും (aggregator) അദാനി ഗ്രൂപ്പായിരുന്നു. പിന്നീട്​ അവർ ജതിൻ മേത്തയുടെ വിൻസം ഡയമണ്ട്സ് ഉൾപ്പെടെയുള്ളവർക്കായി വഴിമാറി. ഗൗതം അദാനിയുടെ സഹോദരപുത്രിയുടെ ഭർതൃപിതാവായ ജതിൻ മേത്ത ഇപ്പോൾ രാജ്യത്തിനു പുറത്താണ്. ഏറ്റവും വലിയ കിട്ടാക്കടം (non-performing assets) വരുത്തിവെച്ച ഗ്രൂപ്പുകളിലൊന്നാണ്​ വിൻസം ഡയമണ്ട്സ്.


അദാനി ഗ്രൂപ്പിനെക്കുറിച്ച്​ താങ്കൾ ആദ്യമായെഴുതിയത്​ എന്നായിരുന്നു?

2015ൽ എഴുതിയ ലേഖനം അതിനോടകം പുറമെ ലഭ്യമായിരുന്ന വിവരങ്ങളുടെ ഒരു സമാഹാരമായിരുന്നു. പുറത്തറിഞ്ഞിട്ടില്ലാത്ത വിവരങ്ങൾ ഉൾക്കൊള്ളുന്ന (എക്‌സ്‌ക്ലൂസിവ് എന്നു വിളിക്കുന്ന) ആദ്യ ലേഖനം വന്നത് 2016 ഏപ്രിലിൽ ഞാൻ ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലി (ഇ.പി.ഡബ്ല്യു) എഡിറ്ററായിരിക്കുമ്പോഴാണ്.

മുറിച്ച്​ ​പോളിഷ്​ ചെയ്​ത വ​​ജ്രത്തിന്റെ വിലനിർണയ അധികാരവും വ​​ജ്രവ്യവസായത്തിനുള്ള ആനുകൂല്യങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചുമുൾ​പ്പെടെ ആരോപണങ്ങളുയർത്തി നിരവധി ലേഖനങ്ങൾ ഞാൻ ഇ.പി.ഡബ്ല്യുവിൽ എഴുതി. ആ പ്രസിദ്ധീകരണത്തിൽ ഞാൻ അവസാനമായി എഴുതിയത്​ 2017 ജൂണിലാണ്​. (പ്രത്യേക സാമ്പത്തിക മേഖല(SEZ) കളിൽ ഊർജപദ്ധതികൾക്കായുള്ള നിയമങ്ങളിൽ വരുത്തിയ മാറ്റങ്ങളെ സംബന്ധിച്ചായിരുന്നു അത്​.

നികുതി അടച്ചിരുന്നുവോ എന്ന കാര്യം പോലും പരിശോധിക്കാതെ 500 കോടി രൂപയിൽ കൂടുതലുള്ള കസ്റ്റംസ് തീരുവകൾ റീഫണ്ട് ചെയ്യുന്നതിനുള്ള അപേക്ഷ കേന്ദ്ര ധനമന്ത്രാലയവും വാണിജ്യ മന്ത്രാലയവും പരിഗണിക്കുന്നവിധവും ഞാൻ അതിൽ ഉന്നയിച്ചിരുന്നു. വിഷയം പാർലമെന്റിലും ചർച്ചയായി.

അതുകഴിഞ്ഞ്​ ഏറെ വൈകാതെ താങ്കൾ ഇ.പി.ഡബ്ല്യു വിടുകയും ചെയ്​തില്ലേ?

അതെ, ഞാൻ സ്വന്തം പേരിൽ ലേഖനങ്ങൾ എഴുതരുതെന്ന്​ ഇ.പി.ഡബ്ല്യു ട്രസ്​റ്റികൾ എന്നോട്​ ആവശ്യപ്പെട്ടതിനെ തുടർന്ന്​ നിങ്ങൾക്കറിയാവുന്നതുപോലെ ജൂലൈ 2017ന്​ ഞാൻ രാജിവെച്ചു. ഒരു പ്രസ്​ഥാനംപോലെ അഭിമാനകരമായി നിലകൊള്ളുന്ന പ്രസിദ്ധീകരണത്തി​ന്റെ ധാർമികത ഞാൻ നശിപ്പിച്ചുവെന്നും പ്രസാധകർ, എഴുത്തുകാരൻ, എഡിറ്റർ എന്നിവർക്കായി വന്ന വക്കീൽ നോട്ടീസിന്​ മറുപടി നൽകാൻ അഭിഭാഷക സേവനം തേടിയത്​ അനുചിത നടപടിയായെന്നും അവർ എന്നോടു​ പറഞ്ഞു. പ്രസിദ്ധീകരിച്ച ലേഖനം ഒഴിവാക്കാതെ മുറിവിട്ട്​ പോകരുതെന്നും ആവശ്യപ്പെട്ടു. ഞാൻ ഒരു സഹപ്രവർത്തകനെ വിളിച്ച്​ ആ ലേഖനം ഒഴിവാക്കിയേക്കാൻ പറഞ്ഞു, ഒരു കടലാസെടുത്ത്​ എ​ന്റെ രാജിയും എഴുതിക്കൊടുത്തു.

പക്ഷേ, താങ്കൾ പിന്നെയും അദാനി ഗ്രൂപ്പിനെക്കുറിച്ച്​ എഴുതിക്കൊണ്ടേയിരുന്നുവല്ലോ

ഇ.പി.ഡബ്ല്യു ഒഴിവാക്കിയ ലേഖനം ദ വയർ പ്രസിദ്ധീകരിച്ചു. പ്രഫ. അമർത്യ സെന്നും നോം ചോംസ്​കിയും ഉൾപ്പെടെ നിരവധി പേർ എന്നെ പിന്തുണച്ച്​ മുന്നോട്ടുവന്നു. പിന്നെയും എ​ന്റെ ലേഖനങ്ങൾ പല പ്രസിദ്ധീകരണങ്ങളിലും വന്നു. എടുത്തുപറയേണ്ടത്​ ന്യൂസ്​ ക്ലിക്കി​ന്റെ കാര്യമാണ്​. മേയ്​ 2018 മുതൽ ഞാനവരുടെ എഡിറ്റോറിയൽ കൺസൽട്ടൻറായും പ്രവർത്തിച്ചുപോരുന്നു.

അദാനിയെക്കുറിച്ച്​ ഒരക്ഷരം മിണ്ടരുതെന്ന്​ (gag order)താങ്കളോട്​ ഒരു കോടതി ഉത്തരവിട്ടിട്ടില്ലേ?

ന്യൂസ്​ ക്ലിക്കിൽ വന്ന ലേഖനങ്ങളെ തുടർന്ന്​ ഗൗതം അദാനിയുടെയും അദ്ദേഹത്തിന്റെ സംഘത്തിന്റെയും താൽപര്യങ്ങൾക്കു വിരുദ്ധമായി ഒന്നും സംസാരിക്കുകയോ എഴുതുകയോ ചെയ്യരുതെന്ന്​ എനിക്കും സഹരചയിതാവ് അബിർ ദാസ് ഗുപ്തക്കും പ്രബീർ പുർകായസ്ഥയുടെ നേതൃത്വത്തിലെ ന്യൂസ്‌ ക്ലിക്കിനുമെതിരെ 2020 സെപ്റ്റംബറിൽ, അഹ്മദാബാദിലെ കോടതി ഗാഗ് ഓർഡർ പുറപ്പെടുവിച്ചു. ലേഖനങ്ങളുടെ ഉള്ളടക്കമല്ല, ഒരു ലേഖനത്തി​ന്റെ തലക്കെട്ടാണ്​ അപകീർത്തികരമായി ചൂണ്ടിക്കാട്ടപ്പെട്ടത്​. അതുമൂലം പൊതുസമൂഹത്തിനു മുന്നിൽ ജുഡീഷ്യറി താറടിക്കപ്പെട്ടുവെന്നാണ്​ എനിക്കും സഹരചയിതാക്കൾക്കും ന്യൂസ്‌ ക്ലിക്കിനുമെതിരായ ആരോപണം. ഈ കേസ് നിലവിലുള്ളതിനാൽ അതേക്കുറിച്ച് കൂടുതലൊന്നും ഇപ്പോൾ പറയാനാവില്ല.

പ്രഭീർ പുർകായസ്ഥ

ഇ.പി.ഡബ്ല്യു പിൻവലിച്ച ലേഖനം ദ വയർ പ്രസിദ്ധീകരിച്ചതിനെ തുടർന്ന്​ അപകീർത്തികരമെന്ന പേരിൽ അദാനി ഗ്രൂപ് ദ വയർ നടത്തിപ്പുകാർക്കും സഹരചയിതാക്കൾക്കും എനിക്കുമെതിരെ ഭുജിലെ സിവിൽ കോടതിയിലും മുന്ദ്രയിലെ ക്രിമിനൽ കോടതിയിലും കേസ്​ കൊടുത്തു (ഇപ്പോൾ രണ്ടും മുന്ദ്രയിലെ കോടതിയിലാണ്​).

രാജസ്ഥാനിലെ ബാരൻ ജില്ലയിലും ഒരു കേസുണ്ട്​. വിവിധ കോടതികളിലായി ഗൗതം അദാനിയുടെ കമ്പനി അഭിഭാഷകർ ആറു മാനനഷ്ടക്കേസുകൾ നൽകിയ ഏക ഇന്ത്യൻ പൗരനാണ് ഞാൻ.

ഹിൻഡൻബർഗ് റിപ്പോർട്ടിൽ പറയുന്നതു പോലെ താങ്കളെ അറസ്റ്റ് ചെയ്യാൻ എന്തെങ്കിലും ശ്രമമുണ്ടായോ? എന്നെങ്കിലും ജയിലിലായിട്ടുണ്ടോ​?

കോവിഡ്​ മഹാമാരി കടുത്തുനിൽക്കെ 2021 ജനുവരിയിൽ മുന്ദ്ര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എനിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ആ വാറന്റ് നിയമപരമായി അംഗീകരിക്കാനാകാത്തതാണെന്ന് എന്റെ അഭിഭാഷകൻ വാദിച്ചു. ഒരാൾ കോടതിയിൽ ഹാജരാകുന്നതിൽ ആദ്യതവണ വീഴ്​ചവരുത്തിയാൽ ജാമ്യം ലഭിക്കാവുന്ന വാറന്റാണ്​ പുറപ്പെടുവിക്കേണ്ടതെന്ന് സുപ്രീംകോടതിയുടെ വിധിന്യായങ്ങൾ നിരത്തി അദ്ദേഹം വാദിച്ചു. പിന്നെയും ഹാജരായില്ലെങ്കിൽ മാത്രം കോടതിക്ക് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാം. ഇ.പി.ഡബ്ല്യുവിൽനിന്ന് പിൻവലിച്ച് ദ വയർ പിന്നീട് പ്രസിദ്ധീകരിച്ച ലേഖനവുമായി ബന്ധപ്പെട്ടതാണ് ഈ കേസ്.

2019 മേയ് മാസം, ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ടുമുമ്പ്, അദാനി ഗ്രൂപ് ദ വയറിനും എന്റെ മൂന്നു സഹരചയിതാക്കൾക്കുമെതിരായ കേസുകൾ പിൻവലിച്ചു. എന്നാൽ, എനിക്കെതിരായ കേസുകൾ മാത്രം തുടരുന്നു. താങ്കൾ ചോദിച്ചതിന്​ മറുപടി പറയാം: എന്നെ ഒരിക്കലും അറസ്റ്റ് ചെയ്തിട്ടില്ല.

ഹിൻഡൻബർഗ് റിപ്പോർട്ടിനായുള്ള ഗവേഷണത്തിൽ താങ്കൾ സഹകരിച്ചിരുന്നുവോ?

ഈ റിപ്പോർട്ട് വരുന്നതിനുമുമ്പ് ഞാൻ അതേക്കുറിച്ച് കേട്ടിട്ടുപോലുമില്ല. പക്ഷേ, 32,000 വാക്കുകൾ ഉൾക്കൊള്ളുന്ന ആ റിപ്പോർട്ടിൽ ഞാനും അബിർ ദാസ് ഗുപ്തയെപ്പോലുള്ള സ്വതന്ത്ര പത്രപ്രവർത്തകരും നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് നിരവധി പരാമർശങ്ങളുണ്ട്. പൊതുസഞ്ചയത്തിൽ ലഭ്യമായ ലേഖനങ്ങളെയും സാമഗ്രികളെയും അവർ ആശ്രയിച്ചിട്ടുണ്ടാകാം.

അബിർദാസ് ഗുപ്ത

ഗൗതം അദാനിയെ കണ്ടിട്ടുണ്ടോ?

ഉവ്വ്​, 2017ലും 2021ലും നേരിൽ കണ്ടു, ഈയിടെ ഫോണിൽ ദീർഘനേരം സംസാരിക്കുകയും ചെയ്​തു. സംഭാഷണങ്ങൾ റെക്കോഡ്​ ചെയ്യില്ല എന്ന ധാരണയോടെയാണ്​ രണ്ടു തവണയും തമ്മിൽ കണ്ടത്​. രണ്ടു തവണയും എ​ന്റെ ഭാര്യയും ഒരു പഴയ സഹപ്രവർത്തകനും ഗൗതം അദാനിയും ഉൾപ്പെടെ അഞ്ചുപേർ മുറിയിലുണ്ടായിരുന്നു. ആദ്യ കൂടിക്കാഴ്​ച ഒരു മണിക്കൂറും രണ്ടാമത്തേത്​ ഒരു മണിക്കൂർ 55 മിനിറ്റും ടെലിഫോൺ സംഭാഷണം 15 മിനിറ്റും നീണ്ടുനിന്നു.

ഈ കൂടിക്കാഴ്​ചകൾക്ക്​ ആരാണ്​ മുൻകൈയെടുത്തത്​?

ആദ്യ കൂടിക്കാഴ്ച ഞാൻ നിർദേശിച്ചതുപ്രകാരവും രണ്ടാമത്തേത് എന്റെ അഭിഭാഷകൻ ആനന്ദ് യാഗ്​നിക്​ പറഞ്ഞിട്ടുമാണ്​, കേസ്​ കോടതിക്കു പുറത്ത് ഒത്തുതീർപ്പാക്കാമെന്ന പ്രതീക്ഷയിലായിരുന്നു അതെല്ലാം. പക്ഷേ, നടന്നില്ല. കേസുകൾ പിൻവലിക്കണമെന്ന്​ അഭ്യർഥിക്കാനാണ്​ അവസാനമായി വിളിച്ചത്​.

എന്തായിരുന്നു അദാനിയുടെ പ്രതികരണം?

അദ്ദേഹം ഉറപ്പൊന്നും തന്നില്ല. നമ്മൾ സംസാരിക്കുമ്പോഴും കേസുകൾ നിലനിൽക്കുകയാണ്.

വമ്പൻ കമ്പനികൾക്കും വ്യവസായ ഗ്രൂപ്പുകൾക്കുമെതിരെ നിത്യവും എഴുതുന്ന ആളാണ്​ താങ്കൾ, ഇതിനുമുമ്പ്​ കോടതിയും കേസുമൊക്കെ നേരിടേണ്ടിവന്നിട്ടുണ്ടോ?

വ്യവസായ ​ഗ്രൂപ്പുകൾ എനിക്ക്​ പലപ്പോഴും വക്കീൽ നോട്ടീസ്​ അയക്കാറുണ്ട്​, രണ്ട്​ അംബാനി സഹോദരന്മാരുടെയും സുബ്രതോ റോയി (സഹാറ ഗ്രൂപ്​)യുടെയും കമ്പനി അഭിഭാഷകർ എനിക്ക്​ വക്കീൽ നോട്ടീസ്​ അയച്ചിരുന്നു. പക്ഷേ, അവരാരും എന്നെ കോടതി കയറ്റിയില്ല.

ഈ കേസുകൾ താങ്കളെ ബാധിച്ചുവോ?

ഉവ്വ്​, ഈ കേസുകൾ എന്നെയും എന്റെ ജീവിതത്തെയും കാര്യമായിത്തന്നെ ബാധിച്ചിട്ടുണ്ട്​. ഒരുപാട്​ സമയവും പണവും ചെലവിടേണ്ടിവരുന്നുണ്ട്​. എന്നുവെച്ച്​ ഞാൻ എ​ന്റെ തീരുമാനങ്ങളിലും പ്രവർത്തനത്തിലും മാറ്റം വരുത്തുമോ എന്നാണ്​ ചോദ്യമെങ്കിൽ ഇല്ല എന്നാണ്​ മറുപടി.

Show Full Article
TAGS:Adani crisis 
News Summary - Adani's fall is more surprising than its growth
Next Story