Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനവംബറിലെ ചോരക്കറ...

നവംബറിലെ ചോരക്കറ മായുംമുമ്പ് ഫ്രാന്‍സ് വീണ്ടും കുരുതിക്കളം

text_fields
bookmark_border
നവംബറിലെ ചോരക്കറ മായുംമുമ്പ് ഫ്രാന്‍സ് വീണ്ടും കുരുതിക്കളം
cancel

പാരിസ്: ‘ബൗളിങ് പിന്‍സ് കണക്കെ മൃതദേഹങ്ങള്‍ വായുവിലൂടെ പറക്കുകയായിരുന്നു. മറക്കാന്‍ കഴിയാത്തതാണ് ആ കാഴ്ചകള്‍. ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ബന്ധുക്കളുടെ ആര്‍ത്തനാദങ്ങള്‍ കാതുകളില്‍ വന്നലക്കുന്നുണ്ട് ഇപ്പോഴും. കണ്ണടച്ചുതുറക്കുന്ന വേഗത്തിലായിരുന്നു അത് സംഭവിച്ചത്. പരമാവധി ആളുകളെ കൊല്ലണമെന്ന വാശിയെന്നോണമാണ് അക്രമി അസാമാന്യ വേഗത്തോടെ ട്രക്  ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഓടിച്ചുകയറ്റിയത്. പരിഭ്രാന്തരായ ജനം നിലവിളിച്ചുകൊണ്ട് ഓടുകയായിരുന്നു അപ്പോള്‍’. -ഫ്രാന്‍സിലെ നീസില്‍ ഇന്നലെ നടന്ന ആക്രമണത്തെ കുറിച്ച് പ്രാദേശിക പത്രപ്രവര്‍ത്തകനായ ഡാമിയന്‍ അലെമാന്ദിന്‍െറ വാക്കുകള്‍. വെടിയൊച്ച കേട്ടയുടന്‍ മറ്റുള്ളവര്‍ക്കൊപ്പം അലെമാന്ദും സമീപത്തെ റസ്റ്റാറന്‍റില്‍ അഭയം തേടി.

‘മൃതദേഹങ്ങള്‍ ഒന്നൊന്നായി ചാടിക്കടന്നാണ് ഞാന്‍ പുറത്തത്തെിയത്. യുദ്ധക്കളംപോലെ ഭീകരമായിരുന്നു റോഡ്. തലയോട്ടികളും മാംസക്കഷണങ്ങളും ചിതറിക്കിടന്നു. മാതാപിതാക്കള്‍ക്കരികെ മരിച്ചുകിടന്ന കുഞ്ഞുങ്ങള്‍ അപ്പോഴും കളിപ്പാട്ടങ്ങള്‍ മുറുകെപിടിച്ചിരുന്നു. തണുത്ത മരവിച്ച ശരീരങ്ങളുടെ സമീപമിരുന്ന് വിലപിക്കുന്നവരെ ആശ്വസിപ്പിക്കാന്‍പോലും കഴിയാതെ തരിച്ചുപോയ നിമിഷം’ -മറ്റൊരു ദൃക്സാക്ഷിയായ വാസിം ബൗഹ്ലെല്‍ ഭീതിയോടെ വിവരിക്കുന്നു.


‘പേടിച്ചരണ്ട ഞങ്ങള്‍  അടുക്കളയിലെ സ്റ്റൗവിനരികെ ഒളിച്ചു. അപ്പോഴേക്കും ആളുകള്‍ ചകിതരായി ഓടാന്‍ തുടങ്ങിയിരുന്നു. ഏറെ കഴിഞ്ഞ് പൊലീസ് അകമ്പടിയോടെ റസ്റ്റാറന്‍റിന്‍െറ പിന്‍വാതിലിലൂടെ ഇറങ്ങി. എങ്ങും അനക്കമറ്റ ശരീരങ്ങളായിരുന്നു. മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നതു കണ്ട മക്കള്‍ക്ക് തലകറങ്ങി’ -അമേരിക്കന്‍ നഗരമായ ഒര്‍ലാന്‍ഡോയില്‍നിന്ന് മക്കള്‍ക്കൊപ്പം അവധിക്കാലം ചെലവഴിക്കാന്‍ ഫ്രാന്‍സിലത്തെിയ ജൂലി ഹോളന്‍റ് പറയുന്നു. മക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ റസ്റ്റാറന്‍റിലത്തെിയതായിരുന്നു അവര്‍.


വിനോദസഞ്ചാരികളെക്കൊണ്ട് നിറയുന്ന നീസ് കടല്‍ത്തീരം വെള്ളിയാഴ്ച ഒഴിഞ്ഞുകിടന്നു. ആളുകള്‍ വീടുകളില്‍നിന്ന് പുറത്തിറങ്ങിയില്ല. ഷോപ്പിങ്മാളുകളും റസ്റ്റാറന്‍റുക ളും അടച്ചു. നവംബറിലെ ചോരക്കറ മായുംമുമ്പാ ഫ്രാന്‍സ് വീണ്ടും കുരുതിക്കളമായി. 18 മാസത്തിനിടെ മൂന്നാം തവണയാണ് രാജ്യത്ത്  ചോര ചിന്തിയത്. യൂറോകപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ക്കകമാണ് ആക്രമണത്തിന് വേദിയാവുന്നത്. യൂറോകപ്പിനോടനുബന്ധിച്ച് 90,000 സൈനികരെയാണ് രാജ്യത്ത് വിന്യസിച്ചത്. നവംബറിലെ ഭീകരാക്രമണത്തിനുശേഷം ഫ്രാന്‍സ് കനത്ത ജാഗ്രതയിലായിരുന്നു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതികളെ പിടികൂടാന്‍ വീടുവീടാന്തരം കയറിയിറങ്ങിയ ഫ്രഞ്ച് പൊലീസ് നിരപരാധികളുള്‍പ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്തു. പതിനായിരത്തിലേറെ സൈനികര്‍ റോഡുകളില്‍ രാവും പകലും റോന്തു ചുറ്റി.

വീണ്ടും ആക്രമണമുണ്ടായതിന്‍െറ പശ്ചാത്തലത്തില്‍ അടിയന്തരാവസ്ഥ വീണ്ടും മൂന്നു മാസത്തേക്കുകൂടി നീട്ടുമെന്നാണ് ഓലന്‍ഡ് പ്രഖ്യാപിച്ചത്. വാഹനങ്ങള്‍ തീവ്രവാദ ആക്രമണത്തിന്‍െറ ഏറ്റവും മാരകമായ ഉപകരണമാണ്. ഫലസ്തീനികളെ കൊല്ലാന്‍ പലപ്പോഴും ഇസ്രായേല്‍  ആയുധമാക്കാറുണ്ട് ഈ മുറ. ആക്രമണം പ്രാകൃതവും ഭീരുത്വവുമാണെന്ന് യു.എന്‍ അപലിച്ചു.  ആഗോള മുസ്ലിം പണ്ഡിതന്മാരും അറബ്രാജ്യങ്ങളും യൂറോപ്യന്‍ യൂനിയനും ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ചു. അമേരിക്കന്‍ കോണ്‍ഗ്രസ് ഐ.എസിനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു.

ഇന്ത്യ, പാകിസ്താന്‍, ആസ്ട്രേലിയ, ബെല്‍ജിയം, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളും ഫ്രാന്‍സിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ജനങ്ങളുടെ ജീവനു നേരെ ആക്രമണങ്ങള്‍ വര്‍ധിക്കുന്നത്  ഓലന്‍ഡിന്  വെല്ലുവിളിയുയര്‍ത്തിയിരിക്കയാണ്. നവംബര്‍ ആക്രമണത്തിനുശേഷം ഓലന്‍ഡിന്‍െറ നേതൃത്വവും രാജ്യത്തിന്‍െറ സുരക്ഷാനയങ്ങളും ചര്‍ച്ചയായിരുന്നു. ഫ്രാന്‍സ് തെരഞ്ഞെടുപ്പിന് ഒമ്പതു മാസം ശേഷിക്കെയാണ് ആക്രമണമെന്നിരിക്കെ, ഓലന്‍ഡിന് പ്രസിഡന്‍റ് പദത്തിലേക്കുള്ള രണ്ടാംവരവ് എളുപ്പമാവില്ളെന്നാണ് വിലയിരുത്തല്‍.

‘അവന്‍ ഏകാകി, മതവുമായി ബന്ധമില്ലായിരുന്നു’

നീസ്: ട്രക് ഇടിച്ചുകയറ്റി  കൂട്ടക്കൊല നടത്തിയതെന്ന് കരുതുന്ന യുവാവ്  ഏകാകിയായിരുന്നുവെന്ന് അയല്‍ക്കാരുടെ സാക്ഷ്യപ്പെടുത്തല്‍. അയാളുടെ ഫ്ളാറ്റില്‍ പരിശോധന നടത്തിയ ഫോറന്‍സിക് വിദഗ്ധര്‍ക്കും പ്രതിക്ക് ഏതെങ്കിലും  മതവുമായി ബന്ധമുള്ളതിന്‍െറ തെളിവുകളൊന്നും കിട്ടിയില്ല. 31 വയസ്സുള്ള തുനീഷ്യന്‍ വംശജനായ മുഹമ്മദ് ലഹ്വീജ് ബൂഹിലാലിന്‍െറ തിരിച്ചറിയല്‍ രേഖകള്‍ ട്രക്കില്‍നിന്ന് കണ്ടുകിട്ടിയിരുന്നു. ഇയാളുടെ  അയല്‍ക്കാരായ ഒരു ഡസന്‍ ആളുകളുമായി എ.എഫ്.പി റിപ്പോര്‍ട്ടര്‍മാര്‍ സംസാരിച്ചിരുന്നു. അന്തര്‍മുഖനെപ്പോലെയായിരുന്നു ഇയാളുടെ പെരുമാറ്റം. അപൂര്‍വമായി മാത്രമേ സംസാരിക്കാറുള്ളൂ. ആരെങ്കിലും അഭിവാദ്യംചെയ്താലും അതിന് പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. തൊഴിലാളിസമൂഹം താമസിക്കുന്നതിനടുത്ത നാലുനിലയുള്ള ബ്ളോക്കിലായിരുന്നു താമസം.

പ്രത്യക്ഷത്തില്‍ മതകാര്യങ്ങളൊന്നും ഇയാളില്‍ കണ്ടിരുന്നില്ളെന്ന് അയല്‍ക്കാരനായ സെബാസ്റ്റ്യന്‍  പറഞ്ഞു. ഷോര്‍ട്സ് ധരിച്ചിരുന്ന ഇയാള്‍ ചിലപ്പോഴൊക്കെ ജോലിക്കാര്‍ ഉപയോഗിക്കുന്ന ബൂട്ട് ധരിച്ചാണ് പുറത്തുപോയിരുന്നത്.അക്രമിയുടെ ബന്ധുക്കളെ ചോദ്യംചെയ്തുവരുകയാണ്. ചില പെറ്റി കേസുകള്‍ നിലവിലുണ്ടെന്നല്ലാതെ ഇയാള്‍ക്കെതിരെ തീവ്രവാദക്കേസുകളും നിലവിലില്ല. ഡ്രൈവറായ ഇയാള്‍ നീസിനടുത്ത നഗരത്തില്‍നിന്ന്  ട്രക് വാടകക്കെടുത്തതായി സംശയിക്കുന്നതായും പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നഗരത്തിനു പുറത്ത് കുന്നുകള്‍ക്കിടയിലൂടെ അക്രമി ട്രക് ഓടിച്ചുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:france truck attack
Next Story