തുര്‍ക്കിയില്‍ കുര്‍ദ് ആക്രമണം: 31 സൈനികര്‍ കൊല്ലപ്പെട്ടു
text_fieldsഅങ്കാറ: തുര്‍ക്കിയില്‍ രണ്ടര വര്‍ഷമായി നിലനിന്ന വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച ശേഷം കുര്‍ദുകള്‍ നടത്തുന്ന വന്‍ ആക്രമണത്തില്‍ 31 സൈനികര്‍ മരിച്ചു. ഹക്കാന്‍ പ്രവിശ്യയിലെ ഡാഗ്ലിക മലനിരകളില്‍ സൈനികര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിനു നേരെയാണ് കുര്‍ദ് തീവ്രവാദി സംഘടനയായ കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി (പി.കെ.കെ) ആക്രമണം നടത്തിയത്. ഒൗദ്യോഗികമായി 16 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. പി.കെ.കെക്കെതിരായ നീക്കം ശക്തമാക്കുമെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് തിരിച്ചടിയുണ്ടായത്. ജൂലൈയില്‍ തുടങ്ങിയ സൈനിക നീക്കത്തില്‍ ഇതുവരെയായി 2000ത്തിലേറെ കുര്‍ദുകള്‍ മരിച്ചിട്ടുണ്ട്.
പി.കെ.കെ മുമ്പും തിരിച്ചടിച്ചിട്ടുണ്ടെങ്കിലും സൈനിക നിരയില്‍ ഇത്ര വലിയ ആള്‍നാശമുണ്ടാകുന്നത് ഇതാദ്യമാണ്. ഡാഗ് ലിക ബറ്റാലിയനിലെ ലെഫ്റ്റനന്റ് കേണലും മരിച്ചവരില്‍പെടും. കൈകൊണ്ട് നിര്‍മിച്ച ബോംബുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. രണ്ടു സൈനിക വാഹനങ്ങള്‍ പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്.
ആക്രമണത്തിന് തിരിച്ചടിയായി പി.കെ.കെ കേന്ദ്രങ്ങളില്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും തുടര്‍ച്ചയായി ആക്രമണം നടത്തി. എഫ്-16, എഫ്-14 യുദ്ധവിമാനങ്ങള്‍ 13 പി.കെ.കെ താവളങ്ങളിലാണ് ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി ബോംബുകള്‍ വര്‍ഷിച്ചത്. ആളപായത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. തുര്‍ക്കി മാത്രമല്ല, യൂറോപ്യന്‍ യൂനിയനും യു.എസും തീവ്രവാദ പട്ടികയില്‍പെടുത്തിയ സംഘടനയാണ് പി.കെ.കെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
