വാതില്‍ തുറന്ന് യൂറോപ്പ്
text_fieldsബര്‍ലിന്‍: തുര്‍ക്കി കടല്‍ത്തീരത്ത് മണലില്‍ മുഖം പൂഴ്ത്തിക്കിടന്ന ഐലന്‍ കുര്‍ദി എന്ന പിഞ്ചുബാലന്‍ യൂറോപ്പിന്‍െറ കണ്ണുതുറപ്പിച്ചു. യുദ്ധഭൂമികളില്‍ എല്ലാം നഷ്ടപ്പെട്ട് അഭയംതേടിയത്തെിയവരെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ ജര്‍മനിക്ക് പിന്നാലെ കൂടുതല്‍ കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തയാറായി. 15,000 അഭയാര്‍ഥികളെ സ്വീകരിക്കാന്‍ ഒരുക്കമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ വ്യക്തമാക്കി. അഭയാര്‍ഥികള്‍ക്കുള്ള ഫണ്ട് 100 കോടി പൗണ്ടായി ഉയര്‍ത്തിയതായി അദ്ദേഹം പറഞ്ഞു. ആദ്യ ദിവസം 10,000 അഭയാര്‍ഥികളെ സ്വീകരിച്ച ജര്‍മനിയിലേക്ക് ഞായറാഴ്ചയും വന്‍തോതില്‍ അഭയാര്‍ഥികളൊഴുകി. രണ്ടാം ലോകയുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ അഭയാര്‍ഥിപ്രവാഹത്തിനാണ് ലോകം സാക്ഷ്യംവഹിക്കുന്നത്.
അഭയാര്‍ഥികള്‍ക്ക് ഭക്ഷണവും വെള്ളവും മധുരവും നല്‍കി, ആലിംഗനംചെയ്ത് സ്വീകരിക്കുകയാണ് യൂറോപ്യന്‍ ജനത. ഫ്രാങ്ക്ഫൂര്‍ട്ട്, മ്യൂണിക് ഉള്‍പ്പെടെ പട്ടണങ്ങളില്‍ എത്തിയവര്‍ക്ക് സന്നദ്ധസംഘടനകളുടെ നേതൃത്വത്തില്‍ പുതപ്പും വസ്ത്രവും കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങളും നല്‍കി. വര്‍ഷങ്ങളായി ജര്‍മനിയില്‍ കഴിയുന്ന പശ്ചിമേഷ്യന്‍ കുടിയേറ്റക്കാര്‍ ദ്വിഭാഷികളായിനിന്നാണ് അഭയം തേടിയത്തെിയവരുടെ ആവശ്യങ്ങള്‍ പരസ്പരം കൈമാറിയത്. ഹംഗറിയില്‍നിന്ന് നൂറിലേറെ ബസുകളിലും കാല്‍നടയായും ഓസ്ട്രിയയിലത്തെിയവരാണ് കഴിഞ്ഞദിവസം ജര്‍മനിയിലേക്ക് തിരിച്ചത്. ഓസ്ട്രിയന്‍ തലസ്ഥാനമായ വിയനയില്‍നിന്ന് ട്രെയിന്‍ സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. അഭയാര്‍ഥികളെ സ്വീകരിക്കാന്‍ സന്നദ്ധത അറിയിച്ച ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കലിന്‍െറ ചിത്രവും ചില അഭയാര്‍ഥികള്‍ ഉയര്‍ത്തിപ്പിടിച്ചു.
പ്രതിസന്ധി പരിഹരിക്കുന്നതില്‍ യൂറോപ്പിന്‍െറ അലംഭാവത്തിനെതിരെ ആഗോള പ്രതിഷേധം രൂക്ഷമായതോടെയാണ് കഴിഞ്ഞ ദിവസം ജര്‍മനി അഭയാര്‍ഥികളെ സ്വീകരിക്കാന്‍ സന്നദ്ധത അറിയിച്ച് രംഗത്തത്തെിയത്.
അഭയം തേടിയത്തെുന്നവരെ തടയില്ളെന്നും രാജ്യത്തത്തെുന്നവര്‍ക്ക് പരിധി വെക്കില്ളെന്നും ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം അവസാനത്തോടെ എട്ടു ലക്ഷം അഭയാര്‍ഥികള്‍ എത്തുമെന്നാണ് ജര്‍മനി കണക്കുകൂട്ടുന്നത്.
ഹംഗറിയില്‍ കുടുങ്ങിക്കിടന്നവരനുഭവിച്ച കടുത്ത ദുരിതങ്ങള്‍ ലോകത്തിനുള്ള ഉണര്‍ത്തുമന്ത്രമാണെന്നും യൂറോപ്പ് ഇനിയും അവരെ കൈയൊഴിയരുതെന്നും ഓസ്ട്രിയന്‍ വിദേശകാര്യ മന്ത്രി സെബാസ്റ്റ്യന്‍ കുര്‍സ് പറഞ്ഞു.
യൂറോപ്പിലെ ക്രിസ്ത്യന്‍ ഇടവകകളോട് ഓരോ അഭയാര്‍ഥി കുടുംബങ്ങളെ ദത്തെടുക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. വത്തിക്കാനില്‍നിന്നുതന്നെ ഇതിന് തുടക്കമിടുമെന്നും മാര്‍പാപ്പ വ്യക്തമാക്കി. വത്തിക്കാനിലെ രണ്ട് ഇടവകകള്‍ ഉടന്‍ രണ്ട് അഭയാര്‍ഥി കുടുംബങ്ങളെ ദത്തെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
