കിഴക്കന്‍ യുക്രെയ്ന് പ്രത്യേക പദവി
text_fieldsകിയവ്: റഷ്യന്‍ അനുകൂല വിമതര്‍ ഭരിക്കുന്ന കിഴക്കന്‍ മേഖലക്ക് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാ ഭേദഗതിക്ക് യുക്രെയ്ന്‍ പാര്‍ലമെന്‍റ് അംഗീകാരം. ഇതിനെതിരെ പ്രതിഷേധവുമായി പാശ്ചാത്യ അനുകൂലികള്‍ തെരുവിലിറങ്ങിയതോടെ രാജ്യം വീണ്ടും സംഘര്‍ഷമുഖത്ത്. കിയവില്‍ നടന്ന സംഘട്ടനങ്ങളില്‍ നൂറോളം പൊലീസുകാര്‍ക്ക് പരിക്കേറ്റു.
കിഴക്കന്‍ മേഖലയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് പ്രസിഡന്‍റ് പെട്രോ പൊറോഷെങ്കോ തയാറാക്കിയ അധികാര വികേന്ദ്രീകരണ പദ്ധതിയുടെ ഭാഗമായാണ് തിങ്കളാഴ്ച പാര്‍ലമെന്‍റില്‍ വോട്ടെടുപ്പ് നടന്നത്.
ഭൂരിപക്ഷം ലഭിച്ചതോടെ തുടര്‍നടപടികളുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്.
പാര്‍ലമെന്‍റിനു മുന്നില്‍ തമ്പടിച്ച പ്രതിഷേധക്കാര്‍ എറിഞ്ഞ ഗ്രനേഡ് പൊട്ടിയാണ് കാവലുണ്ടായിരുന്ന പൊലീസുകാര്‍ക്ക് പരിക്കേറ്റത്. നാലു പേരുടെ നില അതീവ ഗുരുതരമാണ്.
പാശ്ചാത്യന്‍ അനുകൂല എം.പിമാരുടെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് കരട് നിയമം സഭയില്‍ പാസായത്. ബെഞ്ചിലിടിച്ചും ബഹളംവെച്ചും പ്രതിഷേധമറിയിച്ച പാര്‍ലമെന്‍റ് അംഗങ്ങള്‍ രാജ്യത്തിന് നാണക്കേടാണ് പുതിയ നിയമമെന്ന് പ്രഖ്യാപിച്ചു. 265 പേര്‍ അനുകൂലമായി വോട്ടുചെയ്തു. കേവല ഭൂരിപക്ഷത്തിന് ആവശ്യമായതിനേക്കാള്‍ 39 വോട്ട് കൂടുതല്‍. വര്‍ഷാവസാനം നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 300 വോട്ട് നേടാനായാല്‍ നിയമം പ്രാബല്യത്തിലാകും. പ്രതിഷേധം കനക്കുന്ന സാഹചര്യത്തില്‍ ഇത് സംഭവിക്കുമോയെന്നതാണ് ആശങ്ക.
യുക്രെയ്ന്‍ സര്‍ക്കാറിനെതിരെ നിലകൊള്ളുന്ന വിമതരുടെ നിയന്ത്രണത്തിലുള്ള ഡോണെറ്റ്സ്ക്, ലുഹാന്‍സ്ക് പ്രവിശ്യകള്‍ക്കാണ് പ്രത്യേക പദവി നല്‍കുന്നത്.
ഫെബ്രുവരിയില്‍ ബെലറൂസ് നഗരമായ മിന്‍സ്കില്‍ നടന്ന ചര്‍ച്ചകളിലെ തീരുമാനത്തിന്‍െറ അടിസ്ഥാനത്തിലാണ് പുതിയ നടപടിയെങ്കിലും രാജ്യത്തെ പാശ്ചാത്യ അനുകൂലികള്‍ ഇതിനെതിരാണ്.
അതേസമയം, യുക്രെയ്നില്‍ സമാധാനം തിരിച്ചുകൊണ്ടുവരാന്‍ ഇതല്ലാതെ വഴിയില്ളെന്നാണ് സന്ധിചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ രാജ്യങ്ങളുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
