ട്രെയിനില്‍ ആയുധധാരിയെ കീഴ്പ്പെടുത്തി അമേരിക്കന്‍ പൗരന്മാര്‍
text_fieldsപാരിസ്: മൂന്ന് അമേരിക്കക്കാര്‍ ഫ്രാന്‍സില്‍ അനുമോദനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. അവരുടെ വീരകൃത്യം ഇല്ലാതാക്കിയത് വന്‍ ദുരന്തത്തെ. ഫ്രാന്‍സിലെ അതിവേഗ ട്രെയിനില്‍ എ.കെ 47 തോക്കുമായി യാത്രികരെ മുള്‍മുനയില്‍ നിര്‍ത്തിയ മൊറോക്കന്‍ വംശജനെ കീഴടക്കിയാണ് ഇവര്‍ താരമായിരിക്കുന്നത്. ആന്‍റണി സാഡ് ലര്‍, സ്പെന്‍സര്‍ സ്റ്റോണ്‍, അലക് സ്കാര്‍ലടോസ് എന്നിവരാണ് ഇപ്പോള്‍ ഫ്രഞ്ച് ജനതയുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നത്.
ആംസ്റ്റര്‍ഡാമില്‍നിന്നും പാരിസിലേക്ക് പോവുകയായിരുന്ന താലിസ് എന്ന അതിവേഗ ട്രെയിനിലാണ് ആയുധധാരി വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. എന്നാല്‍, ആന്‍റണിയുടെ നേതൃത്വത്തില്‍ ആയുധധാരിയെ അതിസാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. സ്പെന്‍സര്‍ സ്റ്റോണ്‍ അമേരിക്കന്‍ എയര്‍ഫോഴ്സ് അംഗവും അലക് സ്കാര്‍ലടോസ് നാഷനല്‍ ഗാര്‍ഡ് അംഗവുമാണ്. ഇവരുടെ ബാല്യകാല സുഹൃത്താണ് സാക്രമെന്‍േറാ സ്റ്റേറ്റ് സര്‍വകലാശാല വിദ്യാര്‍ഥി ആന്‍റണി സാഡ്ലര്‍. മൂവരും യൂറോപ്യന്‍ പര്യടനത്തിലായിരുന്നു. ഫ്രഞ്ച് ആഭ്യന്തര മന്ത്രി ബെര്‍നാഡ് കാസനോവ് സംഭവസ്ഥലം സന്ദര്‍ശിച്ചു. ആയുധധാരിയെ അറസ്റ്റ് ചെയ്തതായി അദ്ദേഹം അറിയിച്ചു.
‘സീറ്റുകള്‍ക്കിടയില്‍ നില്‍ക്കുകയായിരുന്ന ആയുധധാരിയുടെ തോക്ക് പിടിച്ചുവാങ്ങുകയായിരുന്നു ആദ്യം ചെയ്തത്. പിന്നീട് മൂന്നു പേരും കൂടി ബോധം പോകുംവരെ അയാളെ അടിച്ചുവീഴ്ത്തുകയായിരുന്നു’ -ബ്രിട്ടനില്‍നിന്നുള്ള ട്രെയിന്‍ യാത്രികന്‍ വിശദീകരിച്ചു. എല്ലാവരുംകൂടി ആയുധധാരിയെ പിടിച്ചുകെട്ടുകയും മുറിവേറ്റവരെ സഹായിക്കുകയും ചെയ്യുകയായിരുന്നു. 26കാരനായ സ്ളീമാന്‍ ഹംസിയെന്നാണ് ആയുധധാരിയുടെ പേരെന്ന് പൊലീസ് അറിയിച്ചു. സ്പെയിനില്‍ ജീവിക്കുകയായിരുന്ന ഹംസി അടുത്തകാലത്ത് സിറിയ സന്ദര്‍ശിച്ചിരുന്നതായി ഇന്‍റലിജന്‍സ് വൃത്തങ്ങളെ ഉന്നയിച്ച് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യല്‍ ആരംഭിച്ചിട്ടുണ്ട്.
ആയുധധാരിയെ കീഴ്പ്പെടുത്തിയ അമേരിക്കക്കാരെ ഒബാമ അനുമോദിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ഫ്രഞ്ച് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
