ആസ്ട്രേലിയയിൽ തൂക്കു പാർലമെന്‍റിന് സാധ്യത
text_fieldsമെല്‍ബണ്‍: പൊതു തെരഞ്ഞെടുപ്പ് നടന്ന ആസ്ട്രേലിയയിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കാതെ തൂക്കു പാർലമെന്‍റിന് സാധ്യതയെന്ന് റിപ്പോർട്ട്. ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി നേതൃത്വം നൽകുന്ന ലിബറല്‍ ദേശീയ സഖ്യവും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്കും ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് ആദ്യ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
അധോസഭയായ ജനപ്രതിനിധി സഭയിൽ 150 സീറ്റുകളിൽ ലിബറല്‍ പാര്‍ട്ടി സഖ്യത്തിന് 72 സീറ്റും ലേബര്‍ പാര്‍ട്ടിക്ക് 63 സീറ്റും ലഭിച്ചേക്കും. ഗ്രീൻ പാർട്ടി രണ്ടും അഞ്ചിലധികം സീറ്റുകൾ സ്വതന്ത്രന്മാരും നേടുമെന്നാണ് റിപ്പോർട്ട്.
ഉപരിസഭയായ സെനറ്റിലെ 76 സീറ്റുകളിൽ ഇരുപാർട്ടികളും 25 വീതം സീറ്റുകൾ പിടിക്കുമെന്നാണ് സൂചന. ഇരുസഭകളിലും പ്രതിപക്ഷമായ ലേബർ പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാകും. കേവല ഭൂരിപക്ഷത്തിന് ജനപ്രതിനിധി സഭയിൽ 76 സീറ്റുകളും സെനറ്റിൽ 38 സീറ്റുകളും വേണം. ചെറുപാർട്ടികളെയും സ്വതന്ത്രന്മാരെയും ഒപ്പം ചേർക്കുന്നവർക്ക് ഭരണത്തിലേറാൻ സാധിക്കും.
നിലവിലെ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുളും പ്രതിപക്ഷ നേതാവ് ബില്‍ ഷോര്‍ടെനും തമ്മിലാണ് പ്രധാന മത്സരം. ഭരണം തുടരാൻ സാധിക്കുമെന്ന് മാല്‍കം ടേണ്‍ബുളും ഭരണത്തിലേറുമെന്ന് ബില്‍ ഷോര്‍ടെനും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
45ാമത് ഫെഡറൽ പാര്‍ലമെന്‍റിലേക്ക് 226 അംഗങ്ങളെയാണ് തെരഞ്ഞെടുക്കുക. 55 രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധാനം ചെയ്ത് അഞ്ച് ഇന്ത്യന്‍ വംശജരടക്കം 1600 സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ട്.
മൂന്നു വര്‍ഷത്തിനിടെ നാലു പ്രധാനമന്ത്രിമാരാണ് രാജ്യം ഭരിച്ചത്. സാമ്പത്തിക അസ്ഥിരത, വിദ്യാഭ്യാസം, കാലാവസ്ഥാ വ്യതിയാനം, ഗ്രേറ്റ് ബാരിയര്‍ റീഫ്, ആരോഗ്യം, അഭയാര്‍ഥിപ്രശ്നം എന്നിവയാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ച പ്രധാന വിഷയങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
