അഭയാര്‍ഥി ക്യാമ്പുകളില്‍ കനത്ത ദുരിതം
text_fieldsബുഡപെസ്റ്റ്: യുദ്ധഭൂമികളില്‍നിന്ന് ജീവനുംകൊണ്ട് യൂറോപ്പിലേക്ക് പലായനം ചെയ്യുന്നവര്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ നേരിടുന്നത് അതിദാരുണ അവസ്ഥയെന്ന് റിപ്പോര്‍ട്ട്. തൊഴുത്തിലടച്ച കന്നുകാലികളെപോലെയാണ് നിസ്സഹായരായ ജനത കഴിയുന്നതെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് എമര്‍ജന്‍സി വെളിപ്പെടുത്തി. ഹംഗറിയിലെ ക്യാമ്പില്‍ പൊലീസ് അഭയാര്‍ഥികള്‍ക്കു നേരെ ഭക്ഷണപ്പൊതികള്‍ വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതേസമയം, ഹംഗറിയില്‍ 300 കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക ഷെല്‍ട്ടറുകള്‍ ഒരുക്കിയായി യു.എന്‍ അറിയിച്ചു.
പുതുതായത്തെുന്നവര്‍ക്കായി അടിയന്തര ഷെല്‍ട്ടറുകള്‍ ഒരുക്കാന്‍ യു.എന്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, പതിനായിരക്കണക്കിന് അഭയാര്‍ഥികള്‍ക്ക് അടിയന്തരമായി എത്തിച്ചുനല്‍കേണ്ട അടിസ്ഥാന ആവശ്യങ്ങള്‍ പോലും ഇതുവരെയും ആയിട്ടില്ളെന്ന് മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തുന്നു. അഭയാര്‍ഥികളെ ജയില്‍പ്പുള്ളികളായി കണക്കാക്കരുതെന്ന് യൂറോപ്യന്‍ കൗണ്‍സിലും മുന്നറിയിപ്പു നല്‍കി. യുദ്ധസമാനമായ സിറിയയിലെ ഇദ്ലിബ്, റാഖ പ്രവിശ്യകളില്‍നിന്നത്തെുന്നവരെ കൂടുതല്‍ കാഠിന്യമാണ് ക്യാമ്പുകളില്‍ കാത്തിരിക്കുന്നത്.
ഓസ്ട്രിയന്‍ അഭയാര്‍ഥി ക്യാമ്പുകള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ സൈന്യത്തിന്‍െറ നേതൃത്വത്തില്‍ പുതിയ ടെന്‍റുകള്‍ നിര്‍മിക്കുന്നുണ്ട്. ഗ്രീക് അതിര്‍ത്തി ഗ്രാമങ്ങളില്‍ തുടരുന്ന കനത്തമഴയിലും മണ്ണിടിച്ചിലിലും ആയിരക്കണക്കിന് പേര്‍ ദുരിതംപേറുകയാണ്. മഴയെ തടുക്കാന്‍ ചിലര്‍ കൈയിലുള്ള പ്ളാസ്റ്റിക് ബാഗുകള്‍കൊണ്ട് വിഫലശ്രമം നടത്തുന്നുണ്ടായിരുന്നു. അതിനിടെ അടുത്തവര്‍ഷം പതിനായിരം സിറിയന്‍ അഭയാര്‍ഥികളെ ഏറ്റെടുക്കുമെന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ വ്യക്തമാക്കി. സംഘര്‍ഷം നേരിടുന്ന രാജ്യങ്ങളില്‍നിന്ന് പലായനം ചെയ്യുന്ന 70,000 പേര്‍ക്ക് യു.എസ് പ്രതിവര്‍ഷം അഭയം നല്‍കുന്നുണ്ട്. സിറിയയില്‍നിന്നുള്ള അഭയാര്‍ഥികളുടെ കാര്യത്തില്‍ മൗനം പാലിക്കുന്ന യു.എസ് സമീപനത്തില്‍ വിമര്‍ശമുയര്‍ന്നിരുന്നു.
2016ഓടെ 65,000 സിറിയന്‍ അഭയാര്‍ഥികളെ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് 62,000 അമേരിക്കക്കാര്‍ ഒപ്പിട്ട നിവേദനം ഒബാമഭരണകൂടത്തിനു സമര്‍പ്പിച്ചു. സിറിയന്‍ അഭയാര്‍ഥികളെ ഏറ്റെടുക്കാനുള്ള ഒബാമയുടെ തീരുമാനത്തെ യു.എന്‍ വക്താവ് സ്വാഗതം ചെയ്തു.
യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പ്രവഹിക്കുന്ന ലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ രണ്ടാം ലോകയുദ്ധത്തിനുശേഷം യൂറോപ്യന്‍ യൂനിയന്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി ഫ്രാങ്ക് വോള്‍ട്ടര്‍ സ്റ്റീന്‍ മീര്‍ പ്രസ്താവിച്ചു. ഈ വാരാന്ത്യത്തില്‍ 40,000 അഭയാര്‍ഥികളെയാണ് ജര്‍മനി പ്രതീക്ഷിക്കുന്നത്. അഭയാര്‍ഥികള്‍ക്കായി വാതില്‍ തുറന്നിട്ട ജര്‍മന്‍ സമീപനം രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. യൂറോപിലെ അഭയാര്‍ഥികള്‍ക്കായി നാനൂറ് കോടി യു.എന്‍ വകയിരുത്തിയിട്ടുണ്ട്.
അതിനിടെ അഭയാര്‍ഥികളുടെ ഒഴുക്ക് തടയാന്‍ പൊലിസ് ഓസ്ട്രിയയിലെ തീവണ്ടി സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ആയിരക്കണക്കിന് പേര്‍ കാല്‍നടയായി തലസ്ഥാന നഗരിയായ വിയന്നയിലേക്ക് നീങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
