ഇസ്രായേല്‍ ബുള്‍ഡോസറുകള്‍ കാത്ത് 13,000 ഫലസ്തീന് കെട്ടിടങ്ങള്‍
text_fieldsജറൂസലം: വെസ്റ്റ് ബാങ്കില്‍ 13,000ത്തോളം ഫലസ്തീന് കെട്ടിടങ്ങള്‍ തകര്‍ക്കല്‍ ഭീഷണിയിലെന്ന് ഐക്യരാഷ്ട്രസഭയുടെ മാനുഷിക കാര്യ കോഓഡിനേഷന്‍ കാര്യാലയം (ഓച്ച) പുറത്തുവിട്ട റിപ്പോര്‍ട്ട്. നിയമാനുസൃതമല്ലാത്ത നിര്‍മിതിയെന്ന് കാണിച്ചാണ് ഇസ്രായേല്‍ ഭീഷണി. വെസ്റ്റ് ബാങ്കിലെ ഏരിയ സി എന്ന പേരില്‍ സമ്പൂര്‍ണ ഇസ്രായേല്‍ നിയന്ത്രണത്തിലുള്ള പ്രദേശത്താണ് ഈ കെട്ടിടങ്ങള്‍.
1995ലെ ഓസ്ലോ ഉടമ്പടി പ്രകാരമാണ് വെസ്റ്റ് ബാങ്കിന്‍െറ 60 ശതമാനത്തോളം വരുന്ന ഇവിടെ ഇസ്രായേല്‍ ഭരണം സ്ഥാപിക്കപ്പെട്ടത്.
1998നും 2014നുമിടയില്‍ ഇവിടെയുള്ള ഫലസ്തീന് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട 14,000ത്തിലേറെ ഉത്തരവുകളാണ് ഇസ്രായേല്‍ പുറത്തിറക്കിയത്. ഇതില്‍ 11,000 ഉത്തരവുകളാണ് ഇനിയും നടപ്പാക്കാന്‍ ബാക്കിയുള്ളത്.
മുഴുവന്‍ ഉത്തരവുകളും നടപ്പാക്കിയിട്ടില്ളെങ്കിലും ഏതു നിമിഷവും തകര്‍ക്കപ്പെടുമെന്ന ഭീതി ഈ കെട്ടിടങ്ങളില്‍ താമസിക്കുന്നവരെ വേട്ടയാടുന്നു. അനധികൃത നിര്‍മാണമെന്ന് ഇസ്രായേല്‍ പറയുന്നുണ്ടെങ്കിലും ഫലസ്തീനികള്‍ക്ക് ഇവിടെ കെട്ടിട നിര്‍മാണാനുമതി നിഷേധിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ മാസം ആംനസ്റ്റിയടക്കമുള്ള 31 രാജ്യാന്തര സംഘടനകള്‍ വെസ്റ്റ് ബാങ്കിലെ കെട്ടിടങ്ങള്‍ തകര്‍ക്കാനുള്ള ഇസ്രായേലിന്‍െറ ആര്‍ത്തിക്കെതിരെ വിമര്‍ശമുയര്‍ത്തിയിരുന്നു.
ഓച്ച റിപ്പോര്‍ട്ടിനെക്കുറിച്ച് ഇസ്രായേല്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
