ഫലസ്തീന്‍ പ്രശ്നപരിഹാരം: ഉന്നതതല ചര്‍ച്ച 30ന്
text_fieldsന്യൂയോര്‍ക്: പലവട്ടം നടത്തി പരാജയമായ ഫലസ്തീന്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നു. യു.എന്‍ പൊതുസഭയുടെ 70ാം വാര്‍ഷികാഘോഷങ്ങള്‍ക്കിടെ ഫലസ്തീന്‍^ഇസ്രായേല്‍ പ്രശ്നപരിഹാരത്തിനായി നാലു വന്‍ശക്തികളായ യു.എസ്, യു.എന്‍, യൂറോപ്യന്‍ യൂനിയന്‍, റഷ്യ എന്നിവയെ പങ്കെടുപ്പിച്ച് സെപ്റ്റംബര്‍ 30ന് ഉന്നതതല ചര്‍ച്ച നടക്കും. യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ കാര്‍മികത്വം നല്‍കുന്ന ചര്‍ച്ച ന്യൂയോര്‍ക്കിലാകും നടക്കുക. റഷ്യന്‍ വിദേശകാര്യ മന്ത്രി, യു.എസ് സ്റ്റേറ്റ് സെക്രട്ടറി, യൂറോപ്യന്‍ യൂനിയന്‍ ഉന്നതതല പ്രതിനിധി, സുരക്ഷാ നയ മേധാവി എന്നിവരാണ് പങ്കെടുക്കുക. അറബ് ലീഗ് സെക്രട്ടറി ജനറല്‍, ഈജിപ്ത്, സൗദി അറേബ്യ, ജോര്‍ഡന്‍ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ എന്നിവര്‍ക്കുകൂടി ക്ഷണമുണ്ടായേക്കും. പശ്ചിമേഷ്യന്‍ വിഷയവുമായി ബന്ധപ്പെട്ട് ചതുര്‍ ശക്തികളായി പരിഗണിക്കപ്പെടുന്നവയാണ് യു.എന്‍, യു.എസ്, ഇ.യു, റഷ്യ എന്നിവ. യു.എന്‍ പൊതുസഭയുടെ വാര്‍ഷിക ചടങ്ങുകളുടെ ഭാഗമായി എത്തുന്ന പ്രതിനിധികളെ പങ്കെടുപ്പിക്കുക എളുപ്പമാകുമെന്ന് കണ്ടാണ് ബാന്‍ കി മൂണ്‍ ചര്‍ച്ച ആസൂത്രണംചെയ്തത്.
ചതുര്‍ ശക്തികളെന്ന ആശയം ഇടക്കാലത്ത് ദുര്‍ബലമായിരുന്നുവെങ്കിലും വീണ്ടും പുതുജീവന്‍ കൈവന്നതോടെ ചര്‍ച്ചകളും സജീവമാകുമെന്ന് യൂറോപ്യന്‍ യൂനിയന്‍ വിദേശനയ വക്താവ് ഫ്രഡറിക് മുഗ്രിനിയും പറഞ്ഞു. മാര്‍ച്ചിലാണ് നാലു ശക്തികളുടെ പ്രതിനിധികള്‍ ഫലസ്തീന്‍ വിഷയത്തില്‍ വീണ്ടും സംഗമിച്ചിരുന്നത്.
ഇസ്രായേലിന്‍െറ ഭാഗത്തുനിന്നുള്ള അനാവശ്യ സമ്മര്‍ദങ്ങളെ തുടര്‍ന്ന് 2014 ആരംഭത്തോടെ ചര്‍ച്ചകള്‍ വഴിമുട്ടിയിരുന്നു. അമേരിക്ക മുന്‍കൈയെടുത്ത സംഭാഷണങ്ങള്‍ അവസാനിച്ച് മാസങ്ങളാവും മുമ്പേ ഗസ്സയില്‍ ഇസ്രായേല്‍ കൂട്ടക്കുരുതിയും നടത്തി. കഴിഞ്ഞ വര്‍ഷം ജൂലൈ-ആഗസ്റ്റ് മാസങ്ങളില്‍ നടന്ന ആക്രമണത്തില്‍ 2200 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
