സിറിയ: പൊതുതെരഞ്ഞെടുപ്പിന് തയാറെന്ന് ബശ്ശാര്‍
text_fieldsഡമസ്കസ്: സിറിയന്‍ജനത ആഗ്രഹിക്കുന്നുവെങ്കില്‍ പൊതുതെരഞ്ഞെടുപ്പിന് തയാറെന്ന് പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദ്. ഡമസ്കസിലെ വസതിയില്‍ റഷ്യന്‍ പാര്‍ലമെന്‍റംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ബശ്ശാര്‍ ഇക്കാര്യമറിയിച്ചത്. കൂടിക്കാഴ്ചയെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാന്‍ സിറിയന്‍മാധ്യമങ്ങള്‍ തയാറായില്ല. രാജ്യത്ത് തെരഞ്ഞെടുപ്പ് അത്യാവശ്യമാണെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ബശ്ശാര്‍ എതിരല്ളെന്ന് റഷ്യന്‍ പാര്‍ലമെന്‍റംഗം അലക്സാണ്ടര്‍ യുഷ്ചെന്‍കോ സൂചിപ്പിച്ചു.
ഐ.എസ് പോലുള്ള തീവ്രവാദശക്തികള്‍ക്കെതിരെ സിറിയയില്‍ വിമതസൈന്യവുമായും യു.എസുമായും സഹകരിക്കാന്‍ തയാറാണെന്ന് റഷ്യന്‍ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. എന്നാല്‍, പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിനെ പിന്തുണക്കുന്ന റഷ്യയുമായി സഹകരിക്കാന്‍ തയാറല്ളെന്ന് വിമതസൈന്യം വ്യക്തമാക്കി. ഐ.എസിനെതിരെ എന്ന വ്യാജേന റഷ്യ കൂടുതലായും ഉന്നംവെക്കുന്നത് വിമതസൈന്യത്തിന്‍െറ കേന്ദ്രങ്ങളാണെന്നും അവര്‍ ആരോപിച്ചു. 24 മണിക്കൂറിനിടെ രാജ്യത്തുടനീളം നടന്ന റഷ്യന്‍ വ്യോമാക്രമണത്തില്‍ 44 പേര്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെയാണ് റഷ്യയുടെ വാഗ്ദാനം. ഐ.എസിനെതിരെയാണ് സിറിയയിലെ വ്യോമാക്രമണം. അതേസമയം, യു.എസും വിമതസൈന്യവും സ്വന്തംനിലയില്‍ ഐ.എസിനെതിരായി പോരാട്ടം തുടരുകയാണ്. എന്നാല്‍, ഐ.എസിനെതിരെ റഷ്യയുമായി സഹകരിക്കാന്‍ യു.എസ് വിമുഖത കാണിക്കുന്നത് മണ്ടത്തമാണ്. സ്വതന്ത്രസൈന്യം എന്ന പേരിലറിയപ്പെടുന്ന വിമതര്‍ക്ക് പിന്തുണ നല്‍കാന്‍ ഒരുക്കമാണെന്നും റഷ്യന്‍ ആഭ്യന്തരമന്ത്രി സെര്‍ജി ലാവ്റോവ് വ്യക്തമാക്കി.
‘വിമതസേനയുടെ കേന്ദ്രങ്ങള്‍ റഷ്യ ബോംബിട്ട് തകര്‍ക്കുകയാണ്. ബശ്ശാറിന് പിന്തുണ തുടരുന്നതിനിടെ അവര്‍ വിമതസൈന്യവുമായി സഹകരിക്കുമെന്നാണ് പറയുന്നത്. ഇത് എങ്ങനെ സാധ്യമാകും? റഷ്യയുടെ നിലപാട് മനസ്സിലാവുന്നില്ല’ -വിമതസംഘത്തിന്‍െറ വക്താവ് കേണല്‍ അഹ്മദ് സൗദ് സൂചിപ്പിച്ചു.
രാജ്യത്ത് തെരഞ്ഞെടുപ്പിനുള്ള ആഹ്വാനവും അവര്‍ തള്ളി. സഹകരിക്കാന്‍ തയാറാണെന്നു പറയുന്നതിന് പകരം ആക്രമണം നിര്‍ത്തുകയാണ് റഷ്യ ചെയ്യേണ്ടത്. സിറിയയിലെ സാഹചര്യം റഷ്യ മനപ്പൂര്‍വം അവഗണിക്കുകയാണ്. ദശലക്ഷങ്ങള്‍ ഇപ്പോഴും പലായനം തുടരുകയാണ്. രാജ്യത്തെ നിരവധി നഗരങ്ങള്‍ ബോംബാക്രമണങ്ങളില്‍ ഛിന്നഭിന്നമായി. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ എങ്ങനെയാണ് പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുക. 2014 ജൂണില്‍ നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ബശ്ശാര്‍ 88.7 ശതമാനം വോട്ടുകള്‍ക്കാണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. 2012 മേയിലാണ് രാജ്യം അവസാനമായി പാര്‍ലമെന്‍ററി തെരഞ്ഞെടുപ്പ് അഭിമുഖീകരിച്ചത്.
ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിനായി വിമതസൈന്യവുമായി ചര്‍ച്ചക്ക് തയാറാണെന്ന് ബശ്ശാര്‍ അറിയിച്ചതായും റഷ്യ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം സംബന്ധിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുമായി ലാവ്റോവ് സംഭാഷണം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
