Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമഹാദുരന്തത്തിന്‍െറ...

മഹാദുരന്തത്തിന്‍െറ ഓര്‍മപ്പെടുത്തലായി ഹിരോഷിമദിനം

text_fields
bookmark_border
മഹാദുരന്തത്തിന്‍െറ ഓര്‍മപ്പെടുത്തലായി ഹിരോഷിമദിനം
cancel

ടോക്യോ: എട്ടാം പിറന്നാളാഘോഷത്തിന്‍െറ ആലസ്യത്തിലായിരുന്നു കീകോ ഒഗുറോ അന്ന്. തിളക്കമുള്ള പുത്തനുടുപ്പും സമൃദ്ധമായ സദ്യയുമായി ബന്ധുക്കള്‍ക്കൊപ്പം തുള്ളിച്ചാടിനടന്ന രാത്രിയുടെ സന്തോഷം കുഞ്ഞുമോളുടെ മുഖത്തുണ്ട്. ഹിരോഷിമയുടെ വടക്കേയറ്റത്ത് ഒരു കുന്നിന്‍െറ വെളുമ്പിലാണ് അവളുടെ വീട്. തൊട്ടുമുന്നിലൂടെ ഒഴുകിനീങ്ങുന്ന നിരത്തില്‍ വെറുതെയിറങ്ങിയതാണ്. രാവിലെ 8.10 ആയിക്കാണും. അപ്പോഴാണ് ഒരു ജനതതിയുടെ തലവര മാറ്റിവരച്ച ആ ദുരന്തം മിന്നായംപോലെ ചുറ്റും പകര്‍ന്ന വെളിച്ചവും കാതടപ്പിക്കുന്ന ശബ്ദവുമായി എത്തുന്നത്.
‘എനിക്ക് ശ്വാസം നിലച്ചുപോയിരുന്നു. മണ്ണിലേക്ക് എടുത്തെറിയപ്പെട്ട പ്രതീതി. ബോധമറ്റ് ഞാന്‍ നിലത്തുകിടന്നു. ഏറെകഴിഞ്ഞ് ഓര്‍മ തെളിയുമ്പോള്‍ ചുറ്റും ഇരുട്ടിയിരിക്കുന്നു. ഒന്നും കാണാനാകുന്നില്ല. രാത്രി നേരത്തേയത്തെിയപോലെ. ശബ്ദങ്ങളും നിലച്ചിരിക്കുന്നു’. തുടര്‍ന്നുള്ള മണിക്കൂറുകളില്‍ പാതിതുറന്ന കണ്ണുകളുമായി കീകോ പിന്നീട് ചുറ്റും കണ്ടതത്രയും ചരിത്രം.‘അധികമായില്ല. സ്ഫോടനത്തില്‍നിന്ന് രക്ഷപ്പെടുന്നവരുടെ ഒഴുക്കായിരുന്നു നിരത്തില്‍. മലയോരം കടന്നാല്‍ അഭയമാകുമെന്ന് അവര്‍ കരുതിയിരിക്കണം. പലരുടെയും ശരീരക്കാഴ്ചകള്‍ അതിദാരുണമായിരുന്നു. ഓടുന്നവരുടെ ചര്‍മം തൂങ്ങിയാടുന്നുണ്ട്. പരിചയമില്ലാത്തതിനാല്‍ ഇവരെ കണ്ടപ്പോള്‍ ആദ്യം തോന്നിയത് പുറത്തും കൈയിലും എന്തോ തൂക്കിയിട്ട് ഓടുകയാണെന്നായിരുന്നു. സൂക്ഷിച്ചുനോക്കിയപ്പോഴാണ് ശരീരഭാഗങ്ങളാണെന്ന് തിരിച്ചറിഞ്ഞത്. മുടികളത്രയും കരിഞ്ഞുണങ്ങിയിട്ടുണ്ട്. ശരീരത്തില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നവര്‍...’ കീകോ പറയുന്ന കഥയില്‍ അമേരിക്ക ചെയ്തുകൂട്ടിയ മഹാക്രൂരതയുടെ ചെറിയ ചിത്രമുണ്ട്.ഇന്ന് 18കാരിയായിരുന്ന ഷിസുകോ ആബെയുടെ ഓര്‍മകളിലും ദുരന്തത്തിന് ഭീകരമുഖം തന്നെ. ‘ശരീരത്തിന്‍െറ വലതുവശം പൂര്‍ണമായി ഉരുകിപ്പോയിരുന്നു. ആള്‍ക്കൂട്ടം ഓടുന്നത് കണ്ടപ്പോള്‍ ഞാനും ഒപ്പം ചേര്‍ന്നു. ആരോ പറയുന്നത് കേട്ടു, പുഴയില്‍ ചാടാന്‍. അധികമായില്ല, പുഴയില്‍ കബന്ധങ്ങളുടെ ഘോഷയാത്രയായിരുന്നു’.

•••••••••
1945 ആഗസ്റ്റ് ആറിനായിരുന്നു ലോക മന$സാക്ഷിയെ ഞെട്ടിച്ച ഭീകരതയുമായി അമേരിക്കയുടെ ബി 29 ബോംബര്‍ വിമാനം ‘ഇത്തിരിക്കുഞ്ഞന്‍’   (little boy) അണുബോംബ് ഹിരോഷിമക്കുമേല്‍ വര്‍ഷിച്ചത്. നിമിഷങ്ങള്‍ക്കുള്ളില്‍ 60,000 പേര്‍ പിടഞ്ഞുവീണു. നഗരത്തിന്‍െറ 90 ശതമാനം ജൈവവ്യവസ്ഥയും തുടച്ചുനീക്കപ്പെട്ടു. മൂന്നു ദിവസം കഴിഞ്ഞ് ആഗസ്റ്റ് ഒമ്പതിന് സമീപനഗരമായ നാഗസാക്കിക്കുമേലും ബി 29 പോര്‍വിമാനം അണുബോംബുമായത്തെി. ഞൊടിയിടയില്‍ ഇല്ലാതായത് 40,000 പേര്‍. അമേരിക്ക ഇന്നും ന്യായീകരിക്കുന്ന നിഷ്ഠുരത ഇരു നഗരങ്ങളിലെയും പരിസരങ്ങളിലെയും തുടര്‍ന്നുള്ള തലമുറകളില്‍നിന്ന് അപഹരിച്ചത് വേറെയും ആയിരങ്ങളുടെ ജീവന്‍. അംഗവൈകല്യം സംഭവിച്ചവര്‍. ഗുരുതര രോഗങ്ങളുമായി പിറന്നവര്‍. ബുദ്ധിവൈകല്യമുള്ളവര്‍... ലോകത്തിന് ആണവായുധത്തിന്‍െറ ഭീകരത ബോധ്യപ്പെടുത്താന്‍ ജീവിക്കുന്ന രക്തസാക്ഷികളുമേറെ.ഇരുബോംബുകളും പതിച്ചതോടെ ജപ്പാന്‍ രാജാവ് ഹിരോഹിതോ നിരുപാധികം കീഴടങ്ങുന്നതായി പ്രഖ്യാപിച്ചു.
1939ല്‍ യുദ്ധം ആരംഭിക്കുംമുമ്പേ നാസി ജര്‍മനിയില്‍നിന്ന് കുടിയേറിയവരുള്‍പ്പെടെ ഒരു സംഘം ശാസ്ത്രജ്ഞര്‍ ആണവായുധ ഗവേഷണങ്ങളിലായിരുന്നു. തൊട്ടടുത്ത വര്‍ഷം അമേരിക്ക ഇതിന് സാമ്പത്തികസഹായം നല്‍കിത്തുടങ്ങി. മന്‍ഹാട്ടന്‍ പദ്ധതിയെന്നായിരുന്നു പേരിട്ടത്. വര്‍ഷങ്ങള്‍കൊണ്ട് മാരകശേഷിയുള്ള യൂറേനിയം 235ഉം പ്ളൂട്ടോണിയം 239ഉം ഇവര്‍ വികസിപ്പിച്ചെടുത്തു. അമേരിക്കന്‍ സംസ്ഥാനമായ ന്യൂ മെക്സികോയിലെ ലോസ് അലമോസില്‍ ജെ. റോബര്‍ട്ട് ഓപന്‍ഹീമറുടെ നേതൃത്വത്തില്‍ ഇവ ഉപയോഗിച്ച് ആദ്യ അണുബോംബ് വികസിപ്പിച്ചു. 1945 ജൂലൈ 16ന് ബോംബിന്‍െറ വിജയകരമായ പരീക്ഷണം പൂര്‍ത്തിയാക്കിയതോടെ ജപ്പാനില്‍ ഇതു വര്‍ഷിക്കാനും തീരുമാനമായി. ജര്‍മനി കീഴടങ്ങിയിട്ടും ജപ്പാന്‍ മഹാമേരുവായി പോരു തുടര്‍ന്നത് സഹിക്കാതെയാണ് അമേരിക്ക അണുബോംബുകൊണ്ട് പ്രതികാരത്തിന് ഇറങ്ങിയത്.നഗരമധ്യത്തില്‍നിന്ന് 500 മീറ്റര്‍ ഉയരെ പൊട്ടിത്തെറിക്കുംവിധമായിരുന്നു ബോംബിങ്ങിന്‍െറ ആസൂത്രണം. അതങ്ങനെ സംഭവിക്കുകയും ചെയ്തു. അതോടെ രണ്ടു നഗരങ്ങളും അവിടെയുള്ള ജീവിതവും ഇല്ലാതായി. ഹിരോഷിമയും നാഗസാക്കിയും ചരിത്രവേഗത്തില്‍ തിരിച്ചത്തെിയെങ്കിലും ഓര്‍മപ്പെടുത്തലായി ഒരുവശം അതേ പടി നിലനിര്‍ത്തിയിട്ടുണ്ട്. 70ാം വാര്‍ഷികത്തില്‍ രാജ്യത്ത് മാത്രമല്ല, ലോകത്തുടനീളം അനുസ്മരണ പരിപാടികളും സംഘടിപ്പിച്ചുവരുകയാണ്.

Show Full Article
TAGS:
Next Story