മോദിയുടെ പരാമര്‍ശത്തെ സ്വാഗതം ചെയ്ത് ബലൂച് ദേശീയവാദികള്‍
text_fieldsവാഷിങ്ടണ്‍: സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന സ്വാഗതംചെയ്ത് ബലൂച് ദേശീയവാദികള്‍ രംഗത്ത്. പാകിസ്താന് ബലൂചിസ്താന്‍ മേഖലയിലും പാക് അധീന കശ്മീരിലും അതിക്രമം നടത്തുന്നതായ മോദിയുടെ പ്രസ്താവന ലോകം ഏറ്റെടുക്കണമെന്നും സ്വാതന്ത്ര്യത്തിനായുള്ള ബലൂചികളുടെ പോരാട്ടത്തെ ഇന്ത്യ സഹായിക്കണമെന്നും അമേരിക്കയില്‍ കഴിയുന്ന ബലൂച് ദേശീയ പ്രസ്ഥാന നേതാവ് ഖലീല്‍ ബലൂച് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും മോദിയുടെ അഭിപ്രായത്തോടൊപ്പം ചേരുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ 68 വര്‍ഷമായി ഞങ്ങളുടെ ഭൂമിയില്‍ പാകിസ്താന് അധിനിവേശം നടത്തുകയും അടിച്ചമര്‍ത്തുകയുമാണ്. മോദിയുടെ അഭിപ്രായപ്രകടനം ഈ വിഷയത്തില്‍ ഗുണകരമായ വികാസമാണ് -അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ബലൂച് റിപ്പബ്ളിക്കന്‍ പാര്‍ട്ടി നേതാവ് ബ്രാഹുംദഗ് ബുഗ്തിയും പ്രസ്താവനയെ സ്വാഗതംചെയ്യുകയും നന്ദി അറിയിക്കുകയും ചെയ്തു.
