ലോകജനസംഖ്യ 2100ഓടെ 1100 കോടി മറികടക്കും
text_fieldsയുനൈറ്റഡ് നേഷന്‍സ്: നിലവില്‍ 7.3 ബില്യന്‍ എത്തിനില്‍ക്കുന്ന ലോക ജനസംഖ്യ 2050ഓടെ 9.7 ബില്യനായും ഈ നൂറ്റാണ്ടിന്‍െറ അവസാനത്തോടെ 11.2 ബില്യനായും ഉയരുമെന്ന് ഐക്യരാഷ്ട്ര സഭയുടെ ജനസംഖ്യാ പഠനവിഭാഗം പുറത്തുവിട്ട വിവരങ്ങള്‍ സൂചിപ്പിക്കുന്നു. ആഫ്രിക്കന്‍ ജനസംഖ്യയിലാണ് ഏറ്റവും കൂടുതല്‍ വര്‍ധന കണക്കാക്കുന്നത്. നിലവില്‍ 1.2 ബില്യന്‍ ജനസംഖ്യയുള്ള ഇവിടെ 2100ഓടെ 3.4 മുതല്‍ 5.6 ബില്യന്‍ വരെയായി ഉയരുമെന്നാണ് പഠനങ്ങള്‍ നല്കുന്ന സൂചന.
4.4 ബില്യന്‍ ജനസംഖ്യയോടെ നിലവില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന ഏഷ്യാ ഭൂഖണ്ഡത്തില്‍ നൂറ്റാണ്ടിന്‍െറ പകുതിയോടെ ജനസംഖ്യ 5.3 ബില്യനായി ഉയരുമെന്നും പിന്നീട് 2100ഓടെ 4.9 ബില്യനായി കുറയുമെന്നും പ്രവചിക്കപ്പെടുന്നു. ഉയര്‍ന്ന ജനസംഖ്യ നിരക്കും എന്നാല്‍ താഴ്ന്ന പ്രത്യുല്പാദന നിരക്കുമുള്ള ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങള്‍ ഈ നൂറ്റാണ്ടിന്‍െറ അവസാനത്തിന് മുമ്പുതന്നെ വൃദ്ധന്മാര് കൂടുതലുള്ള രാജ്യങ്ങളായി മാറുമെന്ന വിവരവുമുണ്ട്.
ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ വര്‍ധിക്കാനിടയുള്ള വൃദ്ധജനസംഖ്യ കണക്കിലെടുത്ത് വരുംകാലങ്ങളില്‍ വയോജന പെന്ഷന്, ആരോഗ്യ പരിപാലനം പോലുള്ള സാമൂഹികക്ഷേമ പദ്ധതികള്‍ക്കായി കൂടുതല്‍ പണം നീക്കിവെക്കേണ്ടിവരുമെന്ന് ജനസംഖ്യാ പഠന വിഭാഗം ഡയറക്ടര്‍ ജോണ്‍ ആര് വില്മത് പറഞ്ഞു. 23 ശതമാനം വളര്‍ച്ചയാണ് 2100ഓടെ ലോകജനസംഖ്യയില്‍ പ്രതീക്ഷിക്കുന്നത്. നിലവിലെ കണക്കുകള്‍ പ്രകാരം 9.5 ബില്യനും 13.3 ബില്യനും ഇടയിലായിരിക്കും 2100ലെ ലോക ജനസംഖ്യയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
