Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമോഷ്ടിക്കപ്പെട്ട...

മോഷ്ടിക്കപ്പെട്ട കുട്ടികള്‍ വംശഹത്യയുടെ മറ്റൊരു മുഖമോ?

text_fields
bookmark_border
മോഷ്ടിക്കപ്പെട്ട കുട്ടികള്‍ വംശഹത്യയുടെ മറ്റൊരു മുഖമോ?
cancel

തെല്‍ അവീവ്: നാല്‍പതു വര്‍ഷത്തെ തന്‍െറ ജീവിതം പൂര്‍ണമായും കളവായിരുന്നു. പൂര്‍ണമായും എന്നുവെച്ചാല്‍, പേരു പോലും. മാതാപിതാക്കളും ബന്ധുക്കളും നാടും വീടും...അങ്ങനെ ഞാനുമായി ബന്ധപ്പെട്ടതെല്ലാം കളവായിരുന്നെന്ന് തെളിഞ്ഞാല്‍ ആരാണ് ഞെട്ടിത്തരിക്കാത്തത്. ഇവിടെ ഇസ്രായേലില്‍ അങ്ങനെയൊരു തിരിച്ചറിവില്‍ ആദ്യം ഞെട്ടിയത് ഗില്‍ ഗ്രുണ്‍ബൗം എന്നയാളാണ്. തന്‍െറ അസ്ഥിത്വത്തെ കുറിച്ച അന്വേഷണങ്ങള്‍ ഗ്രുണ്‍ബൗമിനെ കൊണ്ടത്തെിച്ചത് മൂടിവെക്കപ്പെട്ട വലിയൊരു സത്യത്തിലാണ്. 

1950കളില്‍ ആയിരക്കണക്കിന് കുട്ടികള്‍ അവരുടെ സ്വന്തം മാതാപിതാക്കളറിയാതെ ഇസ്രായേലില്‍ മോഷ്ടിക്കപ്പെട്ടു എന്ന സത്യത്തിലേക്ക്. ജനിച്ചുടനെ ആശുപത്രി ജീവനക്കാരുടെയും സര്‍ക്കാറിന്‍െറയും ഒത്താശയോടെ പെറ്റമ്മയുടെ മാറില്‍നിന്ന് അടര്‍ത്തിയെടുക്കപ്പെട്ട ചോരപ്പൈതങ്ങള്‍. പിന്നീട് അവര്‍ മറ്റേതോ കുടുംബത്തില്‍, പേറ്റുനോവനുഭവിച്ച അമ്മയെ ഒരിക്കലും കാണാതെ ജീവിക്കുകയായിരുന്നു. അറുപതുകാരനായ ഗ്രുണ്‍ബൗം തന്‍െറ ജീവിതത്തിലെ ഏറ്റവും പ്രധാനമായ ആ സത്യമറിഞ്ഞത് ജീവിതത്തിന്‍െറ പാതിയും പിന്നിട്ട ശേഷമാണ്. തെല്‍ അവീവില്‍ ഹോളോകോസ്റ്റ് അതിജീവിച്ച ദമ്പതികളുടെ മകനായാണ് ഗ്രുണ്‍ബൗം വളര്‍ന്നത്. സമ്പന്നരും കച്ചവടക്കാരുമായിരുന്നു അവര്‍. എന്നാല്‍, അവര്‍ തന്‍െറ മാതാപിതാക്കളായിരുന്നില്ളെന്നും പതിറ്റാണ്ടുകള്‍ തന്നോട് കളവുപറയുകയായിരുന്നെന്നും അദ്ദേഹം പിന്നീട് തിരിച്ചറിഞ്ഞു. 

1956ല്‍ വടക്കന്‍ ഇസ്രായേലിലെ ഒരു ആശുപത്രിയില്‍ വെച്ചാണ് ഗ്രുണ്‍ബൗം മോഷ്ടിക്കപ്പെട്ടത്. മോഷ്ടിച്ചത് അമ്മയെ പരിചരിച്ച ഡോക്ടര്‍ തന്നെ. കുട്ടി ജനനത്തോടെ മരിച്ചതായി ഡോക്ടര്‍ അമ്മയെ ധരിപ്പിച്ചു. എന്നാല്‍, മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാനോ മൃതദേഹം കാണാനോ അവരെ അനുവദിച്ചില്ല. മോഷ്ടിക്കപ്പെട്ട ആ കുഞ്ഞിനെ അധികൃതര്‍ പിന്നീട് തെല്‍ അവീവിലെ ദമ്പതികള്‍ക്ക് നല്‍കുകയായിരുന്നു.

ഗില്‍ ഗ്രുണ്‍ബൗം
 

1990കളുടെ അവസാനത്തോടെയാണ് ഗ്രുണ്‍ബൗം താന്‍ ദത്തുപുത്രനാണെന്ന് തിരിച്ചറിയുന്നത്. തന്‍െറ യഥാര്‍ഥ മാതാപിതാക്കളെ കണ്ടത്തെണമെന്ന് അദ്ദേഹമുറപ്പിച്ചു. പക്ഷേ, അധികൃതര്‍ അദ്ദേഹത്തിന്‍െറ ലക്ഷ്യം നേടുന്നതിന് തടസ്സം സൃഷ്ടിച്ചുകൊണ്ടിരുന്നു. അവസാനം അദ്ദേഹം തന്‍െറ കുടുംബത്തിന്‍െറ വേരുകള്‍ കണ്ടത്തെി. വടക്കന്‍ ഇസ്രായേലിലെ ഹൈഫ എന്ന സ്ഥലത്തെ മൈമന്‍ എന്നാണ് തന്‍െറ മാതാപിതാക്കളുടെ കുടുംബ പേരെന്ന് മനസ്സിലാക്കി. അന്വേഷണം അതുകൊണ്ടവസാനിപ്പിക്കാന്‍ അദ്ദേഹം സന്നദ്ധമായില്ല. അങ്ങനെ, തന്‍െറ നാല്‍പത്തിയൊന്നാമത്തെ വയസ്സില്‍ നൊന്തുപെറ്റ മാതാവിനെ ഗ്രുണ്‍ബൗം കണ്ടുമുട്ടി. തന്‍െറ യഥാര്‍ഥ പിതാവ് നേരത്തേ മരിച്ചുപോയതിനാല്‍ അദ്ദേഹത്തെ ബൗമിന് കണ്ടുമുട്ടാനായില്ല. പിന്നീട് ബൗം ഒരു ഇരട്ട ജീവിതം തന്നെ നയിച്ചു. തന്‍െറ വളര്‍ത്തു മാതാപിതാക്കളെ പിരിയാതെ സ്വന്തം അമ്മയുമായുള്ള ബന്ധം തുടര്‍ന്നു. വൃദ്ധരായ തന്‍െറ ‘വളര്‍ത്തു’ മാതാപിതാക്കളെ തന്‍െറ കണ്ടത്തെലിന്‍െറ വിവരം അദ്ദേഹം അറിയിച്ചതുമില്ല. ഗ്രുണ്‍ബൗമിന്‍െറ കഥ ഒറ്റപ്പെട്ടതല്ളെന്ന് പിന്നീടുള്ള വര്‍ഷങ്ങളില്‍ വെളിപ്പെട്ടു. ഇസ്രായേല്‍ രൂപവത്കൃതമായ ആദ്യ പതിറ്റാണ്ടില്‍ ആയിരക്കണക്കിന് കുട്ടികള്‍ മോഷ്ടിക്കപ്പെട്ടിരുന്നു എന്ന് വ്യക്തമായി. കഴിഞ്ഞ ആഴ്ച ഇക്കാര്യം സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ അംഗീകരിച്ചു. മാതാപിതാക്കളുടെ അനുമതിയില്ലാതെ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ ‘ദത്തെടുക്കപ്പെട്ട’തായി ഇസ്രായേല്‍ മന്ത്രി തന്നെയാണ് ഏറ്റു പറഞ്ഞത്.

2001ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം വെളിപ്പെടുത്തുന്നത് ഇസ്രായേലിന്‍െറ ആദ്യ ആറു വര്‍ഷങ്ങളില്‍ അയ്യായിരം കുട്ടികളെ കാണാതായി എന്നാണ്. എന്നാല്‍, ഈ പഠനത്തിലെ വിവരങ്ങള്‍ പൂര്‍ണമായും വെളിപ്പെടുത്തുന്നത് തടഞ്ഞിരിക്കയാണ്. 2071ന് ശേഷം മാത്രമേ ഇക്കാര്യം പൊതുജനത്തിന് മുന്നില്‍ വെളിപ്പെടുത്തൂ. എന്നാല്‍, വിവിധ കോണുകളില്‍നിന്ന് ഇക്കാര്യത്തില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തെ ദത്തെടുപ്പ് സംബന്ധമായ ഫയലുകള്‍ വെളിപ്പെടുത്തണമെന്ന് ശക്തമായ ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകരും അക്കാദമിക വിദഗ്ധരും സുപ്രധാനമായ ചില ചോദ്യങ്ങള്‍ ഇക്കാര്യത്തില്‍ ഉയര്‍ത്തുന്നുണ്ട്. കുട്ടികളെ മോഷ്ടിച്ചത് ഐക്യരാഷ്ട്ര സഭയുടെ ‘വംശഹത്യ’യെ കുറിച്ച വ്യാഖ്യാനത്തില്‍പെടുന്ന ഒന്നാണെന്നത് ഇതില്‍ ഗൗരവമേറിയ വാദമാണ്. ‘ഒരു വംശീയ വിഭാഗത്തില്‍ പെട്ട കുട്ടിയെ മറ്റൊരു വിഭാഗത്തിലേക്ക് നിര്‍ബന്ധപൂര്‍വം മാറ്റുന്നത്’ യു.എന്‍ വ്യാഖ്യാനത്തില്‍ ജെനൊസൈഡ് അഥവാ വംശഹത്യയാണ്. 
ഇസ്രായേല്‍ രൂപവത്കൃതമായ ഉടന്‍ യമന്‍, ഇറാഖ്, മൊറോകോ, തുനീഷ്യ എന്നിവിടങ്ങളില്‍ നിന്ന് ഇസ്രായേലിലത്തെിയ ജൂത കുടുംബങ്ങളിലുള്ളവരാണ് മോഷ്ടിക്കപ്പെട്ട കുട്ടികളിലേറെപ്പേരും. യൂറോപ്യന്‍ ജൂതരും അറബ് വംശജരായ ജൂതരും തമ്മിലുള്ള വംശീയ വേര്‍തിരിവുകള്‍ ഇക്കാര്യത്തില്‍ അന്തര്‍ധാരയായി വര്‍ത്തിച്ചിട്ടുണ്ടെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. അതിനാല്‍, ഇസ്രായേലിന്‍െറയും ലോകത്തിന്‍െറയും ചരിത്രത്തിലെ മൂടിവെക്കപ്പെട്ട ഒരു വംശഹത്യ കൂടിയാവാം ‘മോഷ്ടിക്കപ്പെട്ട കുട്ടികളി’ലൂടെ വെളിപ്പെടുന്നത്.

(കടപ്പാട് അല്‍ജസീറ)

Show Full Article
TAGS:tel aviv child hood refuge 
Next Story