ഈജിപ്തില്‍ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി
text_fieldsകൈറോ: ഈജിപ്തില്‍ മുഹമ്മദ് മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കിയതിനുശേഷം നടക്കുന്ന പാര്‍ലമെന്‍ററി തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. വോട്ടെടുപ്പ് തിങ്കളാഴ്ചയും തുടരും. രാവിലെ ഒമ്പതിന് തുടങ്ങിയ പോളിങ് രാത്രി ഒമ്പതിനാണ് അവസാനിച്ചത്.
മുര്‍സിയെ പുറത്താക്കിയശേഷം അധികാരമേറ്റെടുത്ത അബ്ദുല്‍ ഫതാഹ് അല്‍സീസിതന്നെ പ്രസിഡന്‍റായി തുടരുമെന്നാണ് വിലയിരുത്തല്‍. 2012ല്‍ പാര്‍ലമെന്‍റ് പിരിച്ചുവിട്ടതിനുശേഷം നീണ്ട ഇടവേളക്കുശേഷമാണ് രാജ്യം തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കുന്നത്. 596 അംഗ പാര്‍ലമെന്‍ററി തെരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളിലായാണ് നടക്കുന്നത്. രണ്ടാംഘട്ടം നവംബറിലാണ്. ഡിസംബര്‍ നാലിന് അന്തിമ ഫലപ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. ആദ്യഘട്ടത്തില്‍ 270 ലക്ഷം ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. 5000ത്തിലേറെ മത്സരാര്‍ഥികളും പിന്തുണക്കുന്നത് അല്‍സീസിയെ ആണ്. അതിനാല്‍, അവര്‍ക്കുതന്നെയാവും പാര്‍ലമെന്‍റില്‍ മേധാവിത്വമെന്നാണ് വിലയിരുത്തല്‍. പ്രതിപക്ഷത്തിന്‍െറ അസാന്നിധ്യത്തിലാണ് ഇത്തവണ വോട്ടെടുപ്പ് എന്നതും ശ്രദ്ധേയം.
ഏകാധിപതി ഹുസ്നി മുബാറകിന്‍െറ പതനത്തിനുശേഷം രാജ്യം അഭിമുഖീകരിച്ച ആദ്യ പാര്‍ലമെന്‍ററി തെരഞ്ഞെടുപ്പില്‍ ആധിപത്യംനേടിയ മുസ്ലിം ബ്രദര്‍ഹുഡ് രാജ്യത്ത് നിരോധിച്ചിരിക്കയാണ്. അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത സൈന്യം മുര്‍സിയെ തടങ്കലിലുമാക്കി.
ആദ്യഘട്ട വോട്ടെടുപ്പിന്‍െറ ഭാഗമായി പ്രവാസികളുടെ വോട്ടെടുപ്പ് ശനിയാഴ്ച ആരംഭിച്ചിരുന്നു. പ്രസിഡന്‍റ് അല്‍സീസി ടെലിവിഷനിലൂടെ ജനങ്ങളോട് വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിച്ചു. മുര്‍സിയെ പുറത്താക്കി അധികാരം പിടിച്ചെടുത്തശേഷം സൈനികമേധാവിയായിരുന്ന അല്‍സീസിയായിരുന്നു പ്രസിഡന്‍റ്. ഏതാണ്ട് 90 ലക്ഷം ഈജിപ്തുകാര്‍ വിവിധ രാജ്യങ്ങളില്‍ പ്രവാസികളായി കഴിയുന്നുണ്ട്. അതത് രാജ്യങ്ങളുടെ എംബസികള്‍വഴിയാണ് അവര്‍ വോട്ട് രേഖപ്പെടുത്തിയത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ലിബിയ, സിറിയ, യമന്‍, മധ്യ ആഫ്രിക്കന്‍ റിപ്പബ്ളിക് എന്നീ രാജ്യങ്ങളില്‍ വോട്ടെടുപ്പ് നടന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
