ചരിത്രംകുറിച്ച് പുതിയ സൂയസ് കനാല്‍ തുറന്നു
text_fieldsകൈറോ: ഏഷ്യക്കും യൂറോപ്പിനുമിടയിലെ ജലഗതാഗതത്തില്‍ നാഴികക്കല്ലായി പുതിയ സൂയസ് കനാല്‍ തുറന്നു. ‘മഹത്തായ ഈജിപ്ഷ്യന്‍ സ്വപ്നം’ എന്നു പേരിട്ട 72 കിലോമീറ്റര്‍ കനാലാണ് നിര്‍മാണം പൂര്‍ത്തിയാക്കി രാജ്യാന്തര ഗതാഗതത്തിനായി തുറന്നുകൊടുത്തത്. ഇതോടെ കനാല്‍ വഴി ഒരേസമയം ഇരുവശത്തേക്കും തടസ്സങ്ങളില്ലാതെ കപ്പലുകള്‍ക്ക് സര്‍വിസ് നടത്താനാകും.
1869ല്‍ നിര്‍മിച്ച കനാലില്‍ നടത്തുന്ന മൂന്നാമത്തെ സുപ്രധാന നവീകരണ ജോലിക്ക് 600 കോടി രൂപയാണ് ചെലവ്. ഈജിപ്തുകാര്‍ മാത്രം നല്കിയ പണം ഉപയോഗിച്ചാണ് നിര്‍മാണമെന്ന സവിശേഷതയും ഇത്തവണയുണ്ട്. ആറു ദിവസംകൊണ്ടാണ് ഇത്രയും ഉയര്‍ന്ന തുക രാജ്യം പിരിച്ചെടുത്തത്. തീരപ്രദേശങ്ങളില്‍ വസിച്ചുവന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ ഇതിനുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. നിലവിലുള്ള ജലപാതയിലെ തിരക്ക് ഒഴിവാക്കി വേഗതയേറിയ ഗതാഗതം സാധ്യമാക്കാന്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് നിലവിലെ കനാലിന് സമാന്തരമായി പുതിയ പാത പ്രഖ്യാപിച്ചത്. 43,000 ജോലിക്കാര്‍ 12 മാസം നടത്തിയ കഠിന പ്രയത്നത്തിലൂടെ അതിവേഗം നിര്‍മാണം പൂര്‍ത്തിയാക്കി ആഴ്ചകള്‍ക്ക് മുമ്പു നടത്തിയ പരീക്ഷണ ഓട്ടം വിജയമായിരുന്നു.
37 കിലോമീറ്റര്‍ പുതുതായി കുഴിക്കുകയും 35 കിലോമീറ്ററില്‍ വീതിയും ആഴവും വര്‍ധിപ്പിച്ചുമാണ് കനാല്‍ ഒരുക്കിയിരിക്കുന്നത്. നവീകരണത്തിനുശേഷം പലയിടത്തും ആഴം നിലവിലുള്ളതിന്‍െറ അഞ്ചിരട്ടിയായി ഉയര്‍ന്നിട്ടുണ്ട്. വീതി 40ശതമാനവും വര്‍ധിച്ചു. വ്യവസായങ്ങള്‍ക്ക് മുന്‍ഗണന നല്കി 100 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ സൂയസ് കനാല്‍ സോണും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമെ, വ്യവസായിക വികസനത്തിനായി 400 ചതുരശ്ര കിലോമീറ്റര്‍ വേറെയും നീക്കിവെച്ചിട്ടുണ്ട്.
നവീകരണം വഴി യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും തിരിച്ചുമുള്ള കപ്പല്‍ ഗതാഗതം ഇരട്ടിയാകുമെന്നാണ് പ്രതീക്ഷ. നിലവില്‍ 530 കോടി ഡോളര്‍ വരുമാനം ലഭിക്കുന്നത് സര്‍വിസുകള്‍ വര്‍ധിക്കുക വഴി 2023ല്‍ 1320 കോടി ഡോളറാക്കാമെന്നാണ് ഈജിപ്തിന്‍െറ കണക്കുകൂട്ടല്‍. എന്നാല്‍, യൂറോപ്പില്‍നിന്നുള്ള വ്യാപാരം അത്രയും വര്ധിക്കുമോയെന്നത് കണ്ടറിയണം.
ആഗോള കപ്പല്‍ ഗതാഗതത്തിന്‍െറ ഏഴു ശതമാനവും നിലവില്‍ സൂയസ് കനാല്‍ വഴിയാണ്. ഇത് കുത്തനെ ഉയരുന്നപക്ഷം ഈജിപ്തിന്‍െറ തകര്‍ന്നുകിടക്കുന്ന സമ്പദ്വ്യവസ്ഥക്ക് പുതുജീവനാകും. വ്യാഴാഴ്ച ഇസ്മാഈലിയ തുറമുഖത്ത് നടന്ന പ്രൗഢചടങ്ങില് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയാണ് തുറന്നുകൊടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
