ബെംഗളൂരുവിൽ ‘സോംബി ഡ്രഗ്’ പ്രചാരണം: വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടിയുമായി പൊലീസ്
text_fieldsബെംഗളൂരു: നഗരത്തിൽ ‘സോംബി ഡ്രഗ്’ വ്യാപകമാണെന്ന തരത്തിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടിയുമായി ബെംഗളൂരു പൊലീസ്. അടിസ്ഥാനരഹിതമായ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചവർക്ക് നോട്ടീസ് അയച്ചുതുടങ്ങിയതായി സിറ്റി പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിങ് അറിയിച്ചു. ആദ്യഘട്ടത്തിൽ നടൻ ദുനിയ വിജയ്, മുൻ പൊലീസ് കമ്മീഷണറും ബി.ജെ.പി നേതാവുമായ ഭാസ്‌കർ റാവു എന്നിവരടക്കം 25ഓളം പേർക്ക് നോട്ടീസ് നൽകാനാണ് പൊലീസിന്റെ തീരുമാനം.
ബെംഗളൂരുവിലെ തിരക്കേറിയ റോഡിൽ ഒരാൾ അസ്വാഭാവികമായ രീതിയിൽ പെരുമാറുന്ന വീഡിയോ ‘സോംബി ഡ്രഗ്’ ഉപയോഗിച്ചതിനെ തുടർന്നാണെന്ന അവകാശവാദത്തോടെയാണ് പ്രചരിച്ചത്. എന്നാൽ, വീഡിയോയിലുള്ള വ്യക്തിയെ കണ്ടെത്തി വൈദ്യപരിശോധനക്ക് വിധേയനാക്കിയപ്പോൾ മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് കമ്മീഷണർ വ്യക്തമാക്കി. ഇയാൾ മദ്യത്തോടൊപ്പം ചില ഗുളികകൾ കഴിച്ചതാണ് അസ്വാഭാവിക പെരുമാറ്റത്തിന് കാരണമായതെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വരയും വിശദീകരിച്ചു. ബെംഗളൂരുവിൽ ഇത്തരത്തിലുള്ള മയക്കുമരുന്നുകൾ നിലവിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ വീഡിയോ ആദ്യം അപ്‌ലോഡ് ചെയ്ത വിദ്യാരണ്യപുര സ്വദേശി ഹേമന്ത് കുമാറിനെ ബാഗലൂർ പൊലീസ് അറസ്റ്റ് ചെയ്തു. വിദേശ രാജ്യങ്ങളിൽ സോംബി ഡ്രഗ് ഉപയോഗിക്കുന്നവർ കാണിക്കുന്ന ശാരീരിക ലക്ഷണങ്ങൾ കണ്ടപ്പോഴാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് പ്രതിയുടെ മൊഴി. ഇയാൾ പിന്നീട് മറ്റൊരു വീഡിയോയിലൂടെ മാപ്പപേക്ഷിച്ചു. തെളിവുകളില്ലാതെയും മെഡിക്കൽ റിപ്പോർട്ടുകൾ പരിശോധിക്കാതെയും ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും വ്യക്തിഹത്യ നടത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും കമ്മീഷണർ മുന്നറിയിപ്പ് നൽകി. സമൂഹമാധ്യമങ്ങളിൽ ഇത്തരം വ്യാജവാർത്തകൾ പങ്കുവെക്കുന്നവർ ജാഗ്രത പാലിക്കണമെന്നും പൊലീസ് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

