കൊടും ചൂടിനെ ചെറുക്കാൻ ഡെലിവറി ഏജന്റുമാർക്ക് കൂളിങ് വെസ്റ്റുമായി സൊമാറ്റോ
text_fieldsഇന്ത്യയിലുടനീളം വേനൽക്കാല താപനില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോ തങ്ങളുടെ ഡെലിവറി ജീവനക്കാർക്ക് ജോലി സാഹചര്യങ്ങൾ കൂടുതൽ സുഖകരമാക്കാൻ എന്ന ലക്ഷ്യത്തോടെ ഒരു പുതിയ സംരംഭം അവതരിപ്പിച്ചിരിക്കുകയാണ്. കൊടും വേനലിലെ കടുത്ത ചൂടിനെ നേരിടാൻ ഡെലിവറി ഏജന്റുമാർക്ക് കമ്പനി കൂളിങ് വെസ്റ്റുകൾ പുറത്തിറക്കി. ഈ വേനൽക്കാലത്ത് 14ൽ ഏറെ നഗരങ്ങളിലായി 2500ൽ അധികം ഡെലിവറി ജീവനക്കാർ ഈ കൂളിങ് വെസ്റ്റുകൾ പരീക്ഷിക്കുമെന്ന് ലിങ്ക്ഡ്ഇൻ വഴി സൊമാറ്റോ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും 40 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ താപനില രേഖപ്പെടുത്തുന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഡെലിവറി ജീവനക്കാർക്ക് വേണ്ടി ഇങ്ങനെയൊരു നീക്കം.
സൊമാറ്റോയുടെ അഭിപ്രായത്തിൽ, ചൂടുള്ള സാഹചര്യങ്ങൾക്ക് വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ള വെസ്റ്റുകളാണ് ഇവ. ബാഷ്പീകരണ, പി.വി.എ അടിസ്ഥാനമാക്കിയുള്ള കൂളിംങ് സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഉപയോഗം തുടങ്ങി നാല് മണിക്കൂർ വരെ ഇവക്ക് തണുപ്പ് നൽകാൻ കഴിയും. ഭാരം കുറഞ്ഞതും സൂക്ഷ്മാണുക്കളെ ചെറുക്കുന്നതും ഈടുനിൽക്കുന്നതുമാണ് ഈ കൂളിങ് വെസ്റ്റുകൾ.
ഷെൽ ഫൗണ്ടേഷന്‍റെയും (ഫിലാന്ത്രോപിക് ഫണ്ട്‌റൈസിങ് സർവീസസ്, ലണ്ടൻ), ട്രെയിൻ ടെക്‌നോളജീസിന്റെ സ്‌പേസസ് പ്രോഗ്രാമിന്‍റെയും (ഇൻഡസ്ട്രിയൽ മെഷിനറി മാനുഫാക്ചറിങ്, നോർത്ത് കരോലിന) സഹകരണത്തോടെയാണ് കൂളിങ് വെസ്റ്റുകൾ നൽകുന്നത്. മുംബൈ ആസ്ഥാനമായുള്ള ബിസിനസ് കൺസൾട്ടിങ് സ്ഥാപനമായ ഇന്റലെകാപ്പ് ആണ് ഈ സംരംഭം ഇന്ത്യയിൽ നടപ്പാക്കുന്നത്.
ഒരു കൂളിങ് വെസ്റ്റ് യഥാർത്ഥത്തിൽ എന്താണ്?
ചൂടുള്ളതോ ഉയർന്ന സമ്മർദ്ദമുള്ളതോ ആയ അന്തരീക്ഷങ്ങളിൽ ശരീര താപനില നിയന്ത്രിക്കാൻ സഹായിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു സ്വൂട്ടാണ് കൂളിങ് വെസ്റ്റുകൾ. ശരീര താപം ഇല്ലാതാക്കുന്നതിനും താപ സമ്മർദ്ദം കുറക്കുന്നതിനും, വ്യത്യസ്തമായ രീതിയൽ ശരീരത്തെ തണുപ്പിക്കുന്ന സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഇവ പ്രവർത്തിക്കുന്നത്.
അമിതമായ ചൂടിൽ ദീർഘനേരം ശരീരം എക്സ്പോസ് ചെയ്യുന്നത് ഹീറ്റ് സ്ട്രോക്ക് പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. കൂളിങ് വെസ്റ്റുകൾ ശരീരത്തിന്റെ സ്വാഭാവിക താപനില നിയന്ത്രണ പ്രക്രിയകളെ പിന്തുണക്കുന്ന ഒരു തണുപ്പ് നൽകുന്നു, ഇത് ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളുടെ സാധ്യത കുറക്കാൻ സഹായിക്കുന്നു. സമൂഹമാധ്യമങ്ങളിൽ ഈ സംരംഭം ഏറെ ചർച്ച ചെയ്യപ്പെടുന്നതോടൊപ്പം തന്നെ ഡെലിവറി ജീവനക്കാരുടെ ക്ഷേമത്തിനായുള്ള ഈ ലക്ഷ്യത്തെ നിരവധി പേരാണ് അഭിനന്ദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

