ദലിത് വിരുദ്ധ പരസ്യം; സൊമാറ്റോക്ക് നോട്ടീസ്
text_fieldsന്യൂഡൽഹി: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പുറത്തിറക്കിയ പരസ്യത്തിൽ ദലിത് വിഭാഗത്തെ അപമാനിച്ചെന്ന പരാതിയിൽ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം ആയ സൊമാറ്റോക്ക് ദേശീയ പട്ടികജാതി കമീഷന്റെ നോട്ടീസ് അയച്ചു. ആമിർഖാൻ ചിത്രമായ ‘ലഗാനി’ൽ നടൻ ആദിത്യ ലഖിയ അവതരിപ്പിച്ച കച്റ എന്ന ദലിത് കഥാപാത്രത്തെ മാലിന്യവുമായി ബന്ധപ്പെടുത്തി സൊമാറ്റോ ഇറക്കിയ പരസ്യത്തിനെതിരെ വ്യാപക പരാതി ഉയർന്നതിനു പിന്നാലെയാണ് നടപടി.
സിനിമയിൽ ശക്തമായ ദലിത് കഥാപാത്രമായിരുന്നു കച്റ. എന്നാൽ, സൊമാറ്റോ പുറത്തിറക്കിയ രണ്ട് മിനിറ്റുള്ള പരസ്യത്തിൽ മാലിന്യങ്ങള്‍കൊണ്ട് നിര്‍മിച്ച വസ്തുവായിട്ടാണ് ഈ കഥാപാത്രത്തെ ചിത്രീകരിച്ചിരിക്കുന്നത്. പ്രതിഷേധം ഉയർന്നതോടെ സൊമാറ്റോ പരസ്യം പിൻവലിച്ചിരുന്നു.

