സൊമാറ്റോയിൽ ഭക്ഷണം കിട്ടാൻ വൈകിയതിന് തർക്കം; ഡെലിവറി ബോയി മൂക്കിന് ഇടിച്ചതായി യുവതിയുടെ പരാതി
text_fieldsബംഗളൂരു: ഒാൺലൈനിൽ ഒാർഡർ ചെയ്ത ഭക്ഷണം എത്തിക്കാൻ വൈകിയതിനെതുടർന്നുണ്ടായ തർക്കത്തിൽ സൊമാറ്റോ ഡെലിവറി ബോയി മർദിച്ചതായി യുവതിയുടെ പരാതി. മൂക്കിന് പരിക്കേറ്റ് ചോരയൊലിപ്പിച്ചുകൊണ്ട് യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. എന്നാൽ, തന്നെ ചെരുപ്പുകൊണ്ട് അടിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് വാതിലിൽ തട്ടി യുവതിയുടെ മുഖത്ത് പരിക്കേറ്റതെന്ന് ഡെലിവറി ബോയി മൊഴി നൽകി.
കണ്ടൻറ് ക്രിയേറ്ററും മേക്കപ്പ് ആർട്ടിസ്റ്റുമായ ഹിതേഷ ചന്ദ്രാനെയാണ് സൊമാറ്റോ ഡെലിവറി ബോയി മർദിച്ചുവെന്ന പരാതിയുമായി രംഗത്തെത്തിയത്. വൈകീട്ട് 3.30ഒാടെയാണ് സൊമാറ്റോയിൽ ഭക്ഷണം ഒാർഡർ ചെയ്തത്. 4.30ഒാടെ എത്തിക്കേണ്ട ഭക്ഷണം സമയം കഴിഞ്ഞിട്ടും എത്തിയില്ല. ഇതോടെ സൊമാറ്റോ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ട് ഒാർഡർ കാൻസൽ ചെയ്യാനോ അതല്ലെങ്കിൽ ഡെലിവറി തുക തിരിച്ചുനൽകാനോ ആവശ്യപ്പെട്ടു. ഇതിനിടയിൽ ഭക്ഷണവുമായി ഡെലിവറി ബോയി എത്തി. വൈകിയതിനാൽ ഒാർഡർ വേണ്ടെന്നും കസ്റ്റമർ കെയറുമായി സംസാരിക്കുകയാണെന്നും അറിയിച്ചെങ്കിലും തിരിച്ചുപോകാതെ ബലമായി വാതിൽ തുറന്ന്് മർദിക്കുകയായിരുന്നുവെന്ന് ഹിതേഷ ചന്ദ്രാനെ പറഞ്ഞു.
അതേസമയം, സംഭവത്തിൽ ഉൾപ്പെട്ട ഡെലിവറി േബായിയെ പുറത്താക്കിയതായി സൊമാറ്റോ അറിയിച്ചു. പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും യുവതിയുമായി സംസാരിക്കുമെന്നും സൊമാറ്റോ അധികൃതർ അറിയിച്ചു. യുവതിയുടെ പരാതിയിൽ ഇലക്ട്രോണിക് സിറ്റി പൊലീസ് കേസെടുത്ത് ഡെലിവറി ബോയിയെ കസ്റ്റഡിയിലെടുത്തു.
ഹിതേഷ തന്നെ ചെരുപ്പുകൊണ്ട് അടിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് വാതിലിൽ തട്ടി അവർക്ക് പരിക്കേറ്റതെന്ന് ഡെലിവറി ബോയി മൊഴി നൽകി. എന്നാൽ, വാതിൽ ബലമായി തുറന്ന് അകത്ത് കയറാൻ യുവാവ് ശ്രമിച്ചപ്പോഴാണ് താൻ ചെരുപ്പുകൊണ്ട് അടിക്കാൻ തുനിഞ്ഞതെന്നും അപ്പോൾ യുവാവ് മുഖത്ത് ഇടിക്കുകയായിരുന്നുവെന്നും ഹിതേഷ മാധ്യമങ്ങളോട് പറഞ്ഞു.