ബംഗളൂരുവിന് സമീപം സിക വൈറസ്; പനി ബാധിതരെ പരിശോധിക്കുന്നു
text_fieldsബംഗളൂരു: ബംഗളൂരുവിന് സമീപമുള്ള കൊതുകുകളിൽ സിക വൈറസിനെ കണ്ടെത്തി. ചിക്കബല്ലപൂരിലാണ് സിക വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. തുടർന്ന് ഈ ഭാഗത്തുള്ള പനി ബാധിതരെ വിശദമായി പരിശോധിക്കുകയാണ്. ചിക്കബല്ലപൂരിലെ കൊതുകുകളെ ആഗസ്റ്റിൽ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് വൈറസ് ബാധ തിരിച്ചറിഞ്ഞത്.
തുടർന്ന് സാമ്പിൾ ഉൾപ്പെട്ട തൽക്കബെട്ടയുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തുടനീളം 100 സാമ്പിളുകൾ ശേഖരിച്ചു. ആറെണ്ണം ചിക്കബല്ലാപ്പൂരിൽ നിന്നുള്ളതാണ്. അതിൽ അഞ്ചെണ്ണം നെഗറ്റീവായി. ഒരെണ്ണം പോസിറ്റീവാണെന്ന് ജില്ല ആരോഗ്യ ഓഫിസർ ഡോ. എസ്. മഹേഷ് പറഞ്ഞു.
കടുത്ത പനി ബാധിച്ച മൂന്ന് രോഗികളുടെ സാമ്പിളുകൾ പാത്തോളജിക്കൽ വിശകലനത്തിനായി അയച്ചിട്ടുണ്ട്. സംസ്ഥാനമൊട്ടാകെ നടത്തിയ പരിശോധനക്കിടെ ശേഖരിച്ച സാമ്പിളുകളിൽ വൈറസ് വഹിക്കുന്നതായി കണ്ടെത്തിയ കൊതുകും ഉൾപ്പെടുന്നു. ഒക്ടോബർ 25നാണ് ഫലം വന്നത്.
ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ അണുബാധകൾ പരത്തുന്ന ഈഡിസ് കൊതുക് കടിക്കുന്നത് വഴിയാണ് സിക്ക വൈറസും പകരുന്നത്. 1947ൽ ഉഗാണ്ടയിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്. കഴിഞ്ഞ ഡിസംബറിൽ കർണാടകയിലെ റായ്ച്ചൂർ ജില്ലയിൽ അഞ്ചുവയസുകാരിക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഡിസംബറിൽ മഹാരാഷ്ട്രയിൽ പ്രായമായ വ്യക്തിക്കും സിക വൈറസ് സ്ഥിരീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

