ലഖ്‌നോ: കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും സഹിഷ്ണുത പുലർത്തുന്ന നയമല്ല സർക്കാരിനുള്ളതെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2017 മാർച്ച് 20 മുതൽ 2020 ഒക്ടോബർ അഞ്ചുവരെയുള്ള കാലയളവിൽ വിവിധ ജില്ലകളിൽ നടന്ന ഏറ്റുമുട്ടലുകളിൽ 125 കുറ്റവാളികൾ കൊല്ലപ്പെടുകയും 2,607 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.
ലഖ്‌നോവിലെ പൊലീസ് ലൈനിൽ നടന്ന പൊലീസ് അനുസ്മരണ ദിന പരേഡിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2019-20 കാലയളവിൽ ഡ്യൂട്ടിയിൽ ജീവൻ നഷ്ടപ്പെട്ട യു.പി പൊലീസിലെ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രി ആദരാഞ്ജലി അർപ്പിച്ചു. പൊലീസുകാരുടെ ത്യാഗം എല്ലാവരേയും പ്രചോദിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.