പോരാട്ടം അവസാനിപ്പിച്ച് സകിയ ജാഫരി മടങ്ങി
text_fieldsഅഹ്മദാബാദ്: 2002ലെ ഗുജറാത്ത് വംശഹത്യക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയ സകിയ ജാഫരി (86) അന്തരിച്ചു.
കലാപത്തിൽ കൊല്ലപ്പെട്ട മുൻ കോൺഗ്രസ് എം.പി ഇഹ്സാൻ ജാഫരിയുടെ ഭാര്യയും മനുഷ്യാവകാശ പ്രവർത്തകയുമാണ്. കലാപത്തിനിടെ അഹ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ നടന്ന ആക്രമണത്തിൽ ഇഹ്സാൻ ജാഫരിയുൾപ്പെടെ 69 പേരാണ് കൊല്ലപ്പെട്ടത്. ഇരകൾക്കായി അവസാനം വരെ പൊരുതിയ സകിയയുടെ നിയമപോരാട്ടം ദേശീയ ശ്രദ്ധ നേടിയിരുന്നു.
കലാപത്തിലെ അതിജീവിത കൂടിയായ സകിയ 2008ൽ നൽകിയ ഹരജിയിൽ ഗുൽബർഗ് സൊസൈറ്റി ഉൾപ്പെടെയുള്ള ഒമ്പത് കേസുകളിൽ പുനരന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതേതുടർന്ന് അന്വേഷിച്ച പ്രത്യേകസംഘം അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ 63 പേർക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഇത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി മജിസ്ട്രേറ്റ് കോടതി തള്ളിയതോടെ ഗുജറാത്ത് ഹൈകോടതിയെയും പിന്നീട് സുപ്രീംകോടതിയെയും സമീപിച്ചു. 2022 ജൂൺ 24ന്, സുപ്രീംകോടതി ജാഫരിയുടെ അപ്പീൽ തള്ളുകയും പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി ശരിവെക്കുകയും ചെയ്തു.
സകിയയോടൊപ്പം ഹരജി നൽകിയ മനുഷ്യാവകാശപ്രവർത്തക ടീസ്റ്റ സെറ്റൽവാദിനെ സുപ്രീംകോടതി വിമർശിച്ചിരുന്നു. തെളിവിൽ കൃത്രിമത്വം കാട്ടിയെന്നാരോപിച്ച് ഗുജറാത്ത് പൊലീസ് അറസ്റ്റു ചെയ്ത ടീസ്റ്റക്ക് സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

