പ്രവീൺ നെട്ടാരു വധം: പ്രതികളോട് കീഴടങ്ങാൻ നിർദേശിച്ച് എൻ.ഐ.എയുടെ രണ്ടാം വിളംബരം
text_fieldsപ്രവീൺ നെട്ടാരു
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ യുവമോർച്ച നേതാവായിരുന്ന പ്രവീൺ നെട്ടാരു വധക്കേസിലെ രണ്ടു പ്രതികളോട് അടുത്ത മാസം 18നകം കീഴടങ്ങാൻ നിർദേശിച്ച് കേന്ദ്ര അന്വേഷണ ഏജൻസി എൻ.ഐ.എ സുള്ള്യ ടൗണിലും പരിസരങ്ങളിലും കർണാടക പൊലീസ് അകമ്പടിയോടെ ഉച്ചഭാഷിണി ഉപയോഗിച്ച് വിളംബരം നടത്തി. ദക്ഷിണ കന്നട സുള്ള്യ പൊലീസ് സ്റ്റേഷൻ പരിധിയിലെ കല്ലു മു ട്ലുവിൽ ഉമർ ഫാറൂഖ്, മുസ്തഫ പൈചാർ എന്നിവർക്കായാണ് പൊലീസ് വാഹനത്തിലെ മൈക്കും ഉച്ചഭാഷിണി കെട്ടിയ ഓട്ടോറിക്ഷയും ഉപയോഗിച്ച് വിളംബരം നടത്തിയത്.
കഴിഞ്ഞ മാസം 27ന് രണ്ട് പ്രതികളുടെയും വീട് ചുമരുകളിൽ ജൂൺ 30 നകം കീഴടങ്ങിയില്ലെങ്കിൽ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന നോട്ടീസ് എൻ.ഐ.എ സംഘം പതിക്കുകയും ഈ വിവരം വാഹനത്തിൽ ഉച്ചഭാഷിണി ഘടിപ്പിച്ച് പ്രദേശത്ത് അറിയിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ വർഷം ജൂലൈ 26ന് ദക്ഷിണ കന്നട ജില്ലയിലെ സുള്ള്യ താലൂക്കിൽ ബെല്ലാരെയിൽ നടന്ന പ്രവീൺ വധക്കേസ് ആഗസ്റ്റ് 22നാണ് എൻ.ഐ.എ ഏറ്റെടുത്തത്. വിവരം നൽകുന്നവർക്ക് എൻ.ഐ.എ അഞ്ചു ലക്ഷം രൂപ വീതം പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.മറ്റു പ്രതികളായ ദക്ഷിണ കന്നട ബെൽത്തങ്ങാടിയിലെ നൗഷാദ്, കുടക് സ്വദേശികളായ അബ്ദുൽ നസർ, അബ്ദുറഹ്മാൻ എന്നിവരെയും കണ്ടെത്താനാവാത്ത ഏജൻസി കഴിഞ്ഞമാസം അവരുടെ വീടുകളിൽ പരിശോധന നടത്തിയിരുന്നു.

