കർണാടകയിൽ യുവമോർച്ച നേതാവിന്റെ കൊലപാതകം; അന്വേഷണം കേരളത്തിലേക്കും
text_fieldsകര്‍ണാടക സുള്ള്യ ബെല്ലാരെയിൽ യുവമോര്‍ച്ച നേതാവിനെ വെട്ടിക്കൊന്ന കേസിൽ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കും. കർണാടക പൊലീസ് കേരള പൊലീസിന്റെ സഹായം തേടി. കേസിലെ പ്രതികളെ പിടികൂടുന്നില്ലെന്നാരോപിച്ച് കര്‍ണാടകയില്‍ ബി.ജെ.പി പ്രവർത്തകർ നേതാക്കൾക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. നഗരത്തില്‍ സംഘടിച്ച പ്രവര്‍ത്തകര്‍ കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ കല്ലേറു നടത്തി. പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദക്ഷിണ കന്നഡ ജില്ലയിലെ മൂന്നു താലൂക്കുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
മൃതദേഹം കാണാനെത്തിയ ബി.ജെ.പി കർണാടക സംസ്ഥാന പ്രസിഡന്റ് നളിൻ കുമാർ കട്ടീൽ എം.പിയുടെ വാഹനം ബി.ജെ.പി പ്രവർത്തകർ ഉപരോധിച്ചു. ബെല്ലാരെയിലെത്തിയ മന്ത്രി സുനിൽകുമാർ, പുത്തൂർ എം.എൽ.എ സഞ്ജീവ മറ്റന്തൂർ എന്നിവർക്കെതിരെയും പ്രതിഷേധമുണ്ടായി. ബി ജെ.പി കാസർകോട് നഗരസഭ കൗൺസിലർ രമേശൻ ഉൾപ്പടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിവീശുകയും ചെയ്തു.
അതേസമയം, കേസില്‍ അഞ്ച് പ്രതികളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. പ്രതികളെ ഉടൻ പിടികൂടുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉറപ്പു നല്‍കി. സുള്ള്യ ബെലാരെയ്ക്കടുത്ത് നെട്ടാരുവിൽ ചൊവ്വാഴ്ച രാത്രിയാണ് യുവമോര്‍ച്ച പ്രാദേശിക നേതാവായ പ്രവീണ്‍ നെട്ടാരുവിനെ ഒരു സംഘം വെട്ടിക്കൊന്നത്. തന്റെ കോഴിക്കടയടച്ച് വീട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നതിനിടെയായിരുന്നു അക്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

