ഉത്തർപ്രദേശിൽ 20കാരന് നേരെ വെടിയുതിർത്ത സംഭവത്തിൽ പ്രതിയായി യുവമോർച്ച നേതാവ്
text_fieldsലക്നോ: ഉത്തർപ്രദേശിലെ ഫിറോസാബാദിൽ 20 വയസ്സുള്ള ഒരാളെ രണ്ട് അക്രമികൾ വെടിവെച്ച സംഭവത്തിൽ ബി.ജെ.വൈ.എം ജില്ലാ പ്രസിഡന്‍റിനെ പ്രതി ചേർത്തു. ഭാരതീയ ജനത യുവ മോർച്ച (ബി.ജെ.വൈ.എം) ജില്ലാ പ്രസിഡന്റ് അങ്കിത് തിവാരിയുടേതാണ് തോക്കെന്ന് പൊലീസ് കണ്ടെത്തി.
വെടിവെപ്പിൽ ബി.ജെ.വൈ.എം ജില്ലാ പ്രസിഡന്റ് അങ്കിത് തിവാരിയുടെ നേരിട്ടുള്ള പങ്കാളിത്തം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഇയാൾക്കെതിരെ ആയുധ നിയമത്തിലെ സെക്ഷൻ 30 പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഫിറോസാബാദ് പോലീസ് പറഞ്ഞു. തിവാരി ഇതുവരെ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. അതേസമയം, സംഭവത്തിൽ തിവാരിക്ക് പങ്കില്ലെന്ന് ബി.ജെ.പി ഫിറോസാബാദ് ജില്ലാ പ്രസിഡന്റ് സതീഷ് ദിവാകർ അറിയിച്ചു.
ദീപാവലി ദിവസമായ ഒക്ടോബർ 20നാണ് ഉച്ചകഴിഞ്ഞാണ് വെടിവെപ്പുണ്ടായത്. മാനവേന്ദ്ര എന്ന മോനുവിന്‍റെ പിതാവ് കാവൽക്കാരനായി ജോലി ചെയ്യുന്ന ഒരു നഴ്സിങ് കോളേജിൽ വെച്ച് മോട്ടോർ സൈക്കിളിലെത്തിയ രണ്ട് പേർ വെടിയുതിർക്കുകയായിരുന്നു. മാനവേന്ദ്രയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇയാൾ ഇപ്പോൾ ചികിത്സയിലാണ്.
പ്രതികളായ സുമിത് കുമാറിനെയും 20 കാരനായ സഞ്ജയെയും പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ, തിവാരിയുടെ ലൈസൻസുള്ള തോക്കാണ് ഉപയോഗിച്ചതെന്ന് ഇരുവരും സമ്മതിച്ചു. ഇരയും സുമിത്തും തമ്മിൽ പ്രണയബന്ധം സംബന്ധിച്ച് തർക്കമുണ്ടായിരുന്നുവെന്നും ഇതാണ് വെടിപ്പിൽ കലാശിച്ചതെന്നുമാണ് നിഗമനം.
അങ്കിത് തിവാരി ലൈസൻസുള്ള റിവോൾവർ പ്രതി സുമിത്തിന്റെ പിതാവ് ബിജേന്ദ്ര യാദവിന് കൈമാറിയെന്ന് പൊലീസ് പറഞ്ഞു. തിവാരിയോടൊപ്പം, അദ്ദേഹത്തിന്റെ അടുത്ത സഹായിയായ ബിജേന്ദ്രയെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
സുമിത്തും സഞ്ജയും ഇപ്പോൾ റിമാൻഡിലാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

