14-ാം നൂറ്റാണ്ടിലെ അദീന മസ്ജിദിനു മുന്നിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് യൂസഫ് പത്താൻ; മസ്ജിദല്ല ക്ഷേത്രമാണെന്ന് ബി.ജെ.പി, ഇത്തവണ അവകാശവാദം ബംഗാളിൽ
text_fieldsയൂസഫ് പത്താൻ അദീന മസ്ജിദിനു മുന്നിൽ (Photo: X/ @iamyusufpathan)
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മാൽഡയിലുള്ള അദീന മസ്ജിദ് ക്ഷേത്രമാണെന്ന വാദവുമായി സംസ്ഥാന ബി.ജെ.പി രംഗത്ത്. തൃണമൂൽ കോൺഗ്രസ് എം.പിയും മുൻ ക്രിക്കറ്റ് താരവുമായ യൂസഫ് പത്താൻ മസ്ജിദിനു മുന്നിൽ നിന്ന് പകർത്തിയ ചിത്രം എക്സിൽ പങ്കുവെച്ചതിന് ‘തിരുത്തെ’ന്ന കുറിപ്പോടെയാണ് ബി.ജെ.പി പുതിയ വാദമുയർത്തിയത്. സംഭവം ബംഗാളിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് കാരണമായിട്ടുണ്ട്. ഉത്തരേന്ത്യയിൽ പലയിടത്തും സമാന അവകാശവാദവുമായി സംഘപരിവാർ സംഘടനകൾ രംഗത്തുവരുന്നതിനിടെയാണ് ബംഗാളിലെ സംഭവവികാസം.
വ്യാഴാഴ്ചയാണ് പത്താൻ അദീന മസ്ജിദ് സന്ദർശിച്ചത്. പള്ളിയുടെ വാസ്തുകലയെ പ്രശംസിച്ചും ചരിത്രപരമായ വസ്തുതകൾ ഉൾപ്പെടുത്തിയുമുള്ള കുറിപ്പിനൊപ്പം എക്സിൽ ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തു. “ഇല്യാസ് ഷാഹി വംശത്തിലെ രണ്ടാമത്തെ ഭരണാധികാരിയായിരുന്ന സുൽത്താൻ സിക്കന്ദർ ഷാ 14-ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച പള്ളിയാണ് അദീന മസ്ജിദ്. 1373-75 കാലഘട്ടത്തിൽ പണികഴിപ്പിച്ച ഈ പള്ളി, അക്കാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ മസ്ജിദായിരുന്നു. മേഖലയിലെ വാസ്തുകലാ പാരമ്പര്യത്തെ എടുത്തുകാണിക്കുന്ന നിർമിതിയാണിത്” -പത്താൻ എക്സിൽ കുറിച്ചു. വെള്ളിയാഴ്ച ഈ പോസ്റ്റ് റീട്വീറ്റ് ചെയ്ത പശ്ചിമ ബംഗാൾ ബി.ജെ.പി, ‘തിരുത്ത്: ആദിനാഥ ക്ഷേത്രം’ എന്നുകൂടി ചേർത്തതോടെ വിവാദത്തിന് തുടക്കമായി.
1300കളിൽ ബംഗാളി, അറബ്, പേർഷ്യൻ വാസ്തുകലകളെ സംയോജിപ്പിച്ചാണ് സിക്കന്ദർ ഷാ മദിന മസ്ജിദ് പണികഴിപ്പിച്ചത്. ദമാസ്കസിലെ ഉമയാദ് മസ്ജിദുമായി സാമ്യമുള്ള ഈ പള്ളിക്കുള്ളിൽ മരണാനന്തരം സിക്കന്ദർ ഷായെ മറവുചെയ്തെന്നും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഏതാനും ഹൈന്ദവ പുരോഹിതർ ഇവിടെ പൂജ നടത്തിയത് വിവാദമായിരുന്നു. ഹിന്ദുക്ഷേത്രം തകർത്താണ് പള്ളി നിർമിച്ചതെന്ന അവകാശവാദവുമായി ബംഗാളിലെ നിരവധി പുരോഹിതരും ഹിന്ദുത്വ സംഘടനകളും രംഗത്തുവന്നിരുന്നു. വരുംനാളുകളിലും വിഷയവുമായി ബന്ധപ്പെട്ട് വിവാദം സജീവമാകാനുള്ള സാധ്യതയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

