വിഭജനം അകറ്റിയ അനന്തരവനെ 75 വർഷത്തിന് ശേഷം നേരിൽകണ്ട് 92കാരൻ; വഴിയൊരുക്കിയത് യൂട്യൂബർമാർ
text_fieldsലാഹോർ: ഇന്ത്യ-പാക് വിഭജന കാലത്ത് ചിതറിപ്പോയതാണ് സർവൻ സിങ്ങിന്‍റെ കുടുംബം. 75 വർഷങ്ങൾക്കിപ്പുറം പാകിസ്താനിലെ ഗുരുദ്വാര കർത്താപൂർ സാഹിബിൽ വെച്ച് അനന്തരവൻ മോഹൻ സിങ്ങിനെ ഒരിക്കൽ കൂടി നേരിൽ കണ്ട നിർവൃതിയിലാണ് 92കാരനായ സർവൻ സിങ്.
ലാഹോറിൽനിന്ന് 130 കി.മീ. അകലെയുള്ള ഗുരു നാനാക്കിന്‍റെ സമാധി സ്ഥലം കൂടിയായ ഗുരുദ്വാര കർത്താപൂർ സാഹിബിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. പഴയ കഥകളുമായി നാല് മണിക്കൂറോളം ഇവർ ഒന്നിച്ച് ചെലവിട്ടു. വെളുത്ത കുർത്തയും കറുപ്പും വെളുപ്പും നിറത്തിലുള്ള ടർബനും ധരിച്ചാണ് ഇരുവരും എത്തിയത്. പൂമാലയും പനിനീർപ്പൂക്കൾ വർഷിച്ച് ഇരുവരുടെയും ബന്ധുക്കൾ കൂടിക്കാഴ്ച ആഘോഷമാക്കി.
ഇവരുടെ 22ഓളം ബന്ധുക്കൾ വിഭജനകാലത്തെ ലഹളയിൽ ക്രൂരമായി കൊല്ലപ്പെട്ടിരുന്നു. ഇപ്പോഴത്തെ പാകിസ്താൻ പ്രദേശമായ ചക്കാണ് സർവാന്‍റെ ദേശം. വിഭജനത്തെ തുടർന്ന് സർവാൻ ഇന്ത്യയിലേക്ക് കടന്നു. മോഹനെ ഒരു മുസ്‍ലിം കുടുംബം എടുത്ത് വളർത്തുകയും ഹാലിഖ് സാഹിബ് എന്ന് പേര് നൽകുകയുമായിരുന്നു.
വിഭജനത്തെ സംബന്ധിച്ച് വിഡിയോ ചെയ്യുന്ന ജാണ്ഡിയാലയിലെ യൂട്യൂബർ സർവാന്‍റെ കഥ പങ്ക് വെച്ചിരുന്നു. മോഹനെ കുറിച്ച് പാകിസ്താനിലുള്ള ഒരു യൂട്യൂബറും വിഡിയോ ചെയ്തിട്ടുണ്ട്. ഈ രണ്ട് വിഡിയോയും കണ്ട് സാമ്യം തോന്നിയ ആസ്ട്രേലിയയിലുള്ള പഞ്ചാബിയാണ് ഇരുവർക്കും തമ്മിൽ കാണാൻ വഴിയൊരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

