പഹൽഗാം ഭീകരാക്രമണത്തിന് മുമ്പ് ജ്യോതി മൽഹോത്ര പാകിസ്താനിലുമെത്തി, ചൈനയും സന്ദർശിച്ചു; കേരളത്തിലെത്തിയതായും അന്വേഷണ സംഘം
text_fieldsന്യൂഡൽഹി: ചാരവൃത്തി കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര(33) നിരവധി തവണ പാകിസ്താൻ സന്ദർശിച്ചതായി കണ്ടെത്തി. പഹൽഗാം ഭീകരാക്രമണത്തിന് തൊട്ടുമുമ്പ് പാകിസ്താൻ സന്ദർശിച്ച ജ്യോതി ചൈനയിലും പോയതായും പൊലീസ് അറിയിച്ചു. മാത്രമല്ല, പാക് ഉദ്യോഗസ്ഥരുമായും ഇവർ അടുത്ത ബന്ധം പുലർത്തുകയും ചെയ്തിരുന്നു. ഇത് തെളിയിക്കുന്ന ചിത്രങ്ങളും വിഡിയോകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കുറെ കാലമായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു ജ്യോതി മൽഹോത്ര.
മാത്രമല്ല, മൂന്നു മാസം മുമ്പ് ഇവർ കേരളത്തിലെത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരിയിൽ കേരള സന്ദർശനത്തിന്റെ വിഡിയോ പങ്കുവെച്ചിരുന്നു. കണ്ണൂരിൽ നിന്നാണ് യാത്ര തുടങ്ങിയത്. അതിന്റെ ദൃശ്യങ്ങളും വിവരണങ്ങളും യൂട്യൂബിൽ പങ്കുവെച്ചിട്ടുണ്ട്. കണ്ണൂർ കൂടാതെ കോഴിക്കോട്, തൃശൂർ, മൂന്നാർ, ആലപ്പുഴ, കൊച്ചി, തിരുവനന്തപുരം, ഇടുക്കി എന്നിവിടങ്ങളിലും ജ്യോതി മൽഹോത്ര എത്തി. ആ സ്ഥലങ്ങളുടെയെല്ലാം വിഡിയോ യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്തിട്ടുമുണ്ട്.
ഇന്ത്യയിലെ തന്ത്രപ്രധാന സ്ഥലങ്ങളുടെ വിവരങ്ങൾ ചോർത്തുക, ദൃശ്യങ്ങൾ പകർത്തുക എന്നതായിരുന്നു ജ്യോതിയിൽ നിന്ന് പാക് രഹസ്യാന്വേഷണ വിഭാഗം ലക്ഷ്യമിട്ടത്. സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായവരെയാണ് പാക് രഹസ്യാന്വേഷണ ഏജൻസികൾ നോട്ടമിടുന്നത്. ഇങ്ങനെ ജ്യോതിയെയും ട്രാപ്പിലാക്കിയിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഡൽഹിയിലെ പാക് ഹൈകമീഷനും ഇവർ നിരന്തരം സന്ദർശിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ജ്യോതിയുടെ വരുമാന സ്രോതസ്സിനെ കുറിച്ചും അന്വേഷണമുണ്ട്. ഇവർ നടത്തിയ വിദേശയാത്രകളെ കുറിച്ചും അന്വേഷിക്കും.
ജ്യോതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോഴാണ് ഹരിയാന പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത്. ഹരിയാന പൊലീസിന് പുറമെ കേന്ദ്ര ഏജൻസികളും അന്വേഷണ രംഗത്തുണ്ട്. ജ്യോതിയുടെ ട്രാവൽ വിത്ത് ജോ എന്ന യൂട്യൂബ് ചാനലിന് 3.77 ലക്ഷം സബ്സ്ക്രൈബർമാരുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

