മംഗളൂരു: കുണ്ടപാടി ജെപ്പുവിൽ യുവാവിനെ അപ്പാർട്മെൻറിൽ കയറി വെട്ടിക്കൊന്നു. എൻ.എസ്.യു (ഐ) നേതാവായിരുന്ന ഇല്യാസാണ് (32) ശനിയാഴ്ച രാവിലെ ഒമ്പതോടെ ആക്രമണത്തിനിരയായത്. വാതിലിൽ മുട്ടി അകത്തുകടന്ന രണ്ടംഗ ആക്രമിസംഘം മകനോടൊപ്പം ഉറങ്ങുകയായിരുന്ന ഇല്യാസിനെ വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആക്രമികൾ ഉടൻ സ്ഥലംവിട്ടു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നെഞ്ചിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. ഇല്യാസും അനുജനും ഭാര്യാമാതാവും രണ്ടു വയസ്സുള്ള മകനുമായിരുന്നു ഇൗ സമയം വീട്ടിലുണ്ടായിരുന്നത്. ഭാര്യ രാവിലെ ആശുപത്രിയിലേക്ക് പോയി
രുന്നു.
കൊലപാതക കേസിൽ പ്രതിയായ ഇല്യാസ് മൂന്നു ദിവസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. രണ്ടു സംഘങ്ങൾ തമ്മിലുള്ള വൈരമാണ് സംഭവത്തിന് പിന്നിലെന്ന് സിറ്റി പൊലീസ് കമീഷണർ ടി.ആർ. സുരേഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കാട്ടിപ്പള്ളയിൽ ദീപക് റാവു കൊല്ലപ്പെട്ട കേസിലെ പ്രതി പിങ്കി നവാസിെൻറ കൂട്ടാളിയാണ് ഇല്യാസ്.
ഭക്ഷ്യ -പൊതുവിതരണ മന്ത്രി യു.ടി. ഖാദർ ഉൾപ്പെടെ കോൺഗ്രസ് നേതാക്കളുമായി അടുത്തബന്ധം പുലർത്തിയി
രുന്നു. മന്ത്രി ഖാദറും ഇല്യാസും ഒരേ ചടങ്ങിൽ പങ്കെടുക്കുന്ന ഫോട്ടോ ദീപക് റാവു വധത്തെത്തുടർന്ന് സംഘ്പരിവാർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. വിവാഹവേദികളിലും പൊതുപരിപാടികളിലും സംഭവിക്കാവുന്ന ഇത്തരം ഒത്തുചേരലുകളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നതിനെ മന്ത്രി അപലപിക്കുകയും ചെയ്തിരുന്നു.
ഈ മാസം മംഗളൂരുവിൽ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണിത്. മൂന്നാം തീയതി പട്ടാപ്പകൽ ദീപക് റാവു (28) കൊല്ലപ്പെട്ടതാണ് ആദ്യസംഭവം. അന്ന് രാത്രി വെേട്ടറ്റ കൊട്ടാര ചൗക്കിയിലെ ഫാസ്റ്റ് ഫുഡ് കട നടത്തിപ്പുകാരൻ ആകാശഭവനയിലെ ബഷീർ (47) മൂന്നാംനാൾ മരിച്ചിരുന്നു.