ന്യൂഡൽഹി: കേന്ദ്ര സർക്കാറിൻെറ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് കുടിവെള്ളവും ഭക്ഷണവുമെത്തിച്ച് യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡൻറ് ബി.വി ശ്രീനിവാസും സംഘവും. വാഹനങ്ങളിൽ ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്യുന്നത് ബി.വി ശ്രീനിവാസ് നേരിട്ടുതന്നെയാണ്.
പാക്കറ്റുകളിലെത്തിച്ച പാലും യൂത്ത് കോൺഗ്രസിൻെറ നേതൃത്വത്തിൽ വിതരണം ചെയ്യുന്നുണ്ട്. സിന്ധു അതിർത്തിയിൽ യൂത്ത് കോൺഗ്രസിൻെറ നേതൃത്വത്തിൽ മെഡിക്കൽ പരിശോധനക്യാമ്പും തുടങ്ങിയിട്ടുണ്ട്.
കർഷക പ്രക്ഷോഭം വ്യാപിക്കുന്നതിനിടെ ബി.ജെ.പി തിരക്കിട്ട് ഉന്നതതല യോഗം ചേര്‍ന്നിട്ടുണ്ട്. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുടെ വസതിയിലായിരുന്നു യോഗം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
സമരം നീണ്ടുപോകുന്നത് ഡൽഹിയിൽ ഭക്ഷ്യക്ഷാമത്തിന് ഇടയാക്കുമെന്ന ആശങ്ക സർക്കാരിനുണ്ട്. കര്‍ഷകരാകട്ടെ ഡല്‍ഹിയിലേക്കുള്ള പ്രവേശന കവടങ്ങള്‍ അടച്ച് സമരം ചെയ്യാനും തീരുമാനിച്ചു. ചര്‍ച്ചക്ക് വിളിക്കാന്‍ അമിത് ഷാ മുന്നോട്ട് വെച്ച ഉപാധികള്‍ കര്‍ഷകര്‍ നേരത്തെ തള്ളിയിരുന്നു. പിന്നാലെയാണ് ചര്‍ച്ചക്ക് സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുക്കുന്നത്.