Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെറ്റക്ക് യൂത്ത് കോൺഗ്രസിന്‍റെ അന്ത്യശാസനം; ഗുണ്ടായിസമെന്ന് ബി.ജെ.പി

text_fields
bookmark_border
മെറ്റക്ക് യൂത്ത് കോൺഗ്രസിന്‍റെ അന്ത്യശാസനം; ഗുണ്ടായിസമെന്ന് ബി.ജെ.പി
cancel

ന്യൂഡൽഹി: ആഗോള സമൂഹ മാധ്യമ ഭീമനായ മെറ്റക്കെതിരെ പ്രക്ഷോഭം കടുപ്പിച്ച് ഇന്ത്യൻ യൂത്ത് കോൺഗ്രസ്. ഭരണകക്ഷിയായ ബി.ജെ.പിയുടെ ആജ്ഞാനുവർത്തിയായി രാഷ്‍ട്രീയ സെൻസർഷിപ് നടത്തുകയാണെന്ന് ആരോപിച്ച്, നീക്കം ചെയ്ത അക്കൗണ്ടുകളും പോസ്റ്റുകളും ഏഴ് ദിവസത്തിനകം പുനഃസ്ഥാപിക്കാൻ യൂത്ത് കോൺഗ്രസ് അന്ത്യശാസനം നൽകി. ഹൈദരാബാദ്, മുംബൈ, ഗുരുഗ്രാം എന്നിവിടങ്ങളിലെ മെറ്റയുടെ ഓഫിസുകളിലേക്ക് ഇരച്ചുകയറിയ പ്രവർത്തകർ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ സർക്കാർ പറഞ്ഞതനുസരിച്ച് തടഞ്ഞുവെച്ച അക്കൗണ്ടുകളുടെ വിശദാംശങ്ങൾ നൽകണമെന്നാണ് ആവശ്യപ്പെട്ടത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കോടതി നടപടികൾ നേരിടേണ്ടിവരുമെന്നും പ്രക്ഷോഭം വ്യാപിപ്പിക്കുമെന്നുമാണ് മുന്നറിയിപ്പ്.

വൻകിട ആഗോള കമ്പനിയായ മെറ്റക്ക് നട്ടെല്ലുണ്ടാകണമെന്ന് എക്‌സിലെ പോസ്റ്റിൽ യൂത്ത് കോൺഗ്രസ് പറഞ്ഞു. രാഹുൽ ഗാന്ധിയെക്കുറിച്ച് പരാമർശിക്കുന്നതും, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും വിമർശിക്കുന്നതുമായ പോസ്റ്റുകൾ സ്വമേധയാ ബ്ലോക്ക് ചെയ്യപ്പെടുന്നുവെന്നാണ് ആരോപണം. അതിന് വിശദീകരണം വേണം. പ്രതിപക്ഷ ശബ്ദങ്ങൾ അടിച്ചമർത്തുന്ന നിയന്ത്രണങ്ങൾ നീക്കം ചെയ്യണം. മെറ്റ ബി.ജെ.പി സർക്കാറിന്‍റെ നിർദേശങ്ങളല്ല, ഇന്ത്യൻ ഭരണഘടന അനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്ന് അവർ ആവശ്യപ്പെട്ടു. എതിർശബ്ദങ്ങൾ അടിച്ചമർത്താൻ മെറ്റയെ ഉപയോഗിച്ച് ബി.ജെ.പി ഗുണ്ടായിസമാണ് കാണിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്‍റ് ഉദയ് ഭാനു ഛിബ് ആരോപിച്ചു.

അതേസമയം, യൂത്ത് കോൺഗ്രസിന്‍റെ പ്രക്ഷോഭത്തെ ബി.ജെ.പി ശക്തമായി വിമർശിച്ചു. ഗുണ്ടകളുടെ പാർട്ടിയാണ് കോൺഗ്രസ് എന്നും അക്രമങ്ങളെയും അതിക്രമങ്ങളെയും അവർ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും പാർട്ടി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി ‘എക്‌സ്’ പോസ്റ്റിൽ ആരോപിച്ചു. ഹൈദരാബാദിലെ മെറ്റ ഓഫിസ് തല്ലിത്തകർത്ത പ്രവർത്തകർ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ്. ഡൽഹിയിൽ അന്താരാഷ്‍ട്ര എ.ഐ ഉച്ചകോടി നടക്കുമ്പോൾ ഷർട്ട് പോലും ഇടാതെ ഇരച്ചുകയറി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്ത്യയെ നാണം കെടുത്തിയ സംഭവം അദ്ദേഹം ഓർമിപ്പിച്ചു. രാഹുൽ ഗാന്ധിയുടെ പാർട്ടി ഗുണ്ടകളുടെ പാർട്ടിയാണെന്ന് അദ്ദേഹം ആരോപിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Youth Congress Issues Meta Ultimatum
Next Story