എ.ഐ ഉച്ചകോടിയിലെ ഷർട്ടൂരി പ്രതിഷേധം: യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ അറസ്റ്റിൽ
text_fieldsഎ.ഐ ഉച്ചകോടിക്കിടെ നടന്ന പ്രതിഷേധം, ഉദയ് ഭാനു ചിബ്
ന്യൂഡൽഹി: ഭാരത് മണ്ഡപത്തിൽ നടന്ന ഇന്ത്യ എ.ഐ ഇംപാക്ട് ഉച്ചകോടിക്കിടെ ഷർട്ടൂരി പ്രതിഷേധിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ് അറസ്റ്റിലായി. പല ഘട്ടങ്ങളായി നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത എ.ഐ ഉച്ചകോടിക്കിടെയായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ അപ്രതീക്ഷിതമായി അർദ്ധനഗ്ന പ്രതിഷേധം നടത്തിയത്. തൊഴിലില്ലായ്മ, സാങ്കേതികവിദ്യയുടെ ദുരുപയോഗം തുടങ്ങിയ വിവിധ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു വേറിട്ട പ്രതിഷേധം. എന്നാൽ അതിസുരക്ഷാ മേഖലയായ ഭാരത് മണ്ഡപത്തിൽ നടന്ന സംഭവം വലിയ സുരക്ഷാ വീഴ്ചയായും അച്ചടക്ക ലംഘനമായും വിലയിരുത്തപ്പെട്ടു.
പ്രതിഷേധവുമായി ബന്ധപ്പെട്ട് ഉദയ് ഭാനു ചിബിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ മറ്റ് പ്രതിഷേധക്കാരുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ക്രമസമാധാനം തകർക്കാൻ ആരെയും അനുവദിക്കില്ല എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
കോൺഗ്രസിന്റെ പ്രതിഷേധ രീതിക്കെതിരെ രാഷ്ട്രീയ രംഗത്തുനിന്നും അക്കാദമിക രംഗത്തുനിന്നും വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഉൾപ്പെടെയുള്ളവർ പ്രതിഷേധം അതിരുകടന്നുവെന്ന് അഭിപ്രായപ്പെട്ടു. സംഭവത്തിന് പിന്നാലെ രാഹുൽ ഗാന്ധിക്കെതിരെ കരിങ്കൊടി കാണിച്ച് ബി.ജെ.പി പ്രവർത്തകരും രംഗത്തെത്തിയിരുന്നു. യൂത്ത് കോൺഗ്രസ് തുടക്കത്തിൽ കറുത്ത കുടകളും ടി-ഷർട്ടുകളും ഉപയോഗിച്ച് പ്രതിഷേധിക്കാനാണ് പദ്ധതിയിട്ടതെങ്കിലും അവസാന നിമിഷം അത് മാറ്റുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

