നിങ്ങൾ തീ കൊണ്ടാണ് കളിക്കുന്നത്; ബില്ലുകൾ പിടിച്ചു വെക്കുന്ന പഞ്ചാബ്, തമിഴ്നാട് ഗവർണർമാർക്ക് സുപ്രീംകോടതിയുടെ വിമർശനം
text_fieldsന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ പിടിച്ചു വയ്ക്കുന്ന പഞ്ചാബ്, തമിഴ്നാട് ഗവർണർമാർക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. ഗവർണർമാർക്കെതിരെ സർക്കാരുകൾ നൽകിയ കേസിലാണ് കോടതിയുടെ വിമർശനം. നിയമസഭകൾ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാൻ വൈകരുതെന്ന് ഇരു ഗവർണർമാരോടും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിർദേശിച്ചു.
നിങ്ങൾ തീ കൊണ്ടാണ് കളിക്കുന്നത്. ഗവർണർമാർക്ക് എങ്ങനെയാണ് ഇത്തരത്തിൽ സംസാരിക്കാൻ കഴിയുന്നത്?പഞ്ചാബിൽ സംഭവിക്കുന്ന കാര്യങ്ങളിൽ ഞങ്ങൾ സംതൃപ്തരല്ല. ഇത്തരത്തിലുള്ള സമീപനം തുടരുമ്പോൾ എങ്ങനെയാണ് നമ്മൾക്ക് ജനാധിപത്യ സംവിധാനമായി തുടരാൻ കഴിയുക?ഇത് വളരെ ഗൗരവമുള്ള വിഷയമാണ്.''-പഞ്ചാബ് ഗവർണർക്കെതിരായ കേസിൽ സുപ്രീംകോടതി പറഞ്ഞു.
ജൂണിൽ നിയമസഭ പാസാക്കിയ നാല് ബില്ലുകൾക്ക് ഗവർണർ പുരോഹിത് അനുമതി നൽകുന്നതിൽ കാലതാമസം വരുത്തിയെന്നും മൂന്ന് ധനബില്ലുകൾ അദ്ദേഹത്തിന്റെ ശിപാർശക്കായി അയച്ചിരിക്കുകയാണ് എന്നതും ചൂണ്ടിക്കാട്ടി പഞ്ചാബിലെ ഭഗവന്ത് മാന്റെ നേതൃത്വത്തിലുള്ള എ.എ.പി സർക്കാർ ആണ് സുപ്രീംകോടതിയിൽ ഹരജി നൽകിയത്.
തീർപ്പാക്കാത്ത ഏഴ് ബില്ലുകളിൽ വെള്ളിയാഴ്ചയ്ക്കകം സ്വീകരിച്ച നടപടികൾ വ്യക്തമാക്കാൻ തിങ്കളാഴ്ച സുപ്രീം കോടതി ഗവർണർ പുരോഹിതിന് സമയപരിധി നൽകി. നടപടിയെടുക്കുന്നതിന് മുമ്പ് ഗവർണർമാർ കോടതിയലക്ഷ്യ ഹർജിക്കായി കാത്തിരിക്കേണ്ടതില്ലെന്ന് കോടതി ഊന്നിപ്പറഞ്ഞു. പഞ്ചാബ് സര്‍ക്കാറിനായി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി ഹാജരായി.
തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിക്കെതിരെയും അതിരൂക്ഷമായ വിമര്‍ശനമാണ് സുപ്രീം കോടതി ഉന്നയിച്ചത്. നിയമസഭ പാസാക്കിയ 12 സുപ്രധാന ബില്ലുകളില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍ ഭരണഘടന പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്ക് വളരെ എളുപ്പം സാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ കേന്ദ്രസര്‍ക്കാറിന്റെ നിലപാട് ചോദിച്ചുകൊണ്ട് സുപ്രീം കോടതി നോട്ടീസയച്ചു. നവംബര്‍ 20 ന് അറ്റോര്‍ണി ജനറലോ സോളിസിറ്റര്‍ ജനറലോ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാരിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകരായ അഭിഷേക് മനു സിങ്‌വിയും പി. വില്‍സണും ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

