ന്യൂഡൽഹി: ഇ-ടിക്കറ്റ് എടുത്ത് വെയിറ്റിങ് ലിസ്റ്റിലാവുന്നവർക്കും ട്രെയിനിൽ യാത്ര ചെയ്യാനുള്ള അവസരം നൽകി സുപ്രീംകോടതി. വെയിറ്റിങ് ലിസ്റ്റിൽ ഉള്ള യാത്രക്കാർക്ക് ട്രെയിനിൽ കയറുകയും ഒഴിവുള്ള ബർത്തുകൾ ഉപയോഗിക്കുകയും ചെയ്യാം. ഇ-ടിക്കറ്റ് െവയിറ്റിങ് ലിസ്റ്റുകാർക്കും യാത്ര ചെയ്യാമെന്ന 2004ലെ ഡൽഹി ഹൈകോടതി ഉത്തരവിനെതിരെ റെയിൽവേ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. ഇതോടെയാണ് ഇ-ടിക്കറ്റുള്ള വെയിറ്റിങ് ലിസ്റ്റുകാർക്കും യാത്ര ചെയ്യാനുള്ള അവസരം ഒരുങ്ങിയത്.
നിലവിൽ സ്റ്റേഷനുകളിൽനിന്ന് നേരിട്ട് സീറ്റ് ബുക്ക് ചെയ്ത് വെയിറ്റിങ്ലിസ്റ്റുകാർക്ക് ട്രെയിനിൽ യാത്ര ചെയ്യാനുള്ള അവസരം റെയിൽവേ നൽകിയിരുന്നു. എന്നാൽ, റെയിൽവേയുടെ ഇൗ നടപടി വിവേചനമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. റെയിൽവേയുടെ അപ്പീൽ സുപ്രീംകോടതി തള്ളിയതോടെ യാത്രക്കാരുടെ അവസാന ചാർട്ട് പുറത്തിറങ്ങുേമ്പാൾ ഇ-ടിക്കറ്റിൽ വെയിറ്റിങ് ലിസ്റ്റിലുള്ള യാത്രക്കാരുടെ ടിക്കറ്റ് റദ്ദാക്കാനാകില്ല. സുപ്രീംകോടതി അപ്പീൽ പരിഗണിച്ചപ്പോൾ റെയിൽവേക്കുവേണ്ടി അഭിഭാഷകർ ഹാജരായിരുന്നില്ല. നേരേത്ത അഭിഭാഷകർ ഹാജരാവാത്തതിനെ തുടർന്ന് രണ്ടു തവണ കേസ് മാറ്റിവെച്ചിരുന്നു.