ഗുരുദ്വാരയിലിരുന്ന് മദ്യപിച്ചതിന് ഭക്തൻ യുവതിയെ വെടിവെച്ചുകൊന്നു
text_fieldsപാട്യാല: ഗുരുദ്വാരക്കകത്തിരുന്ന് മദ്യപിച്ചെന്നാരോപിച്ച് പഞ്ചാബിൽ യുവതിയെ വെടിവെച്ചുകൊന്നു. പഞ്ച്കുല സ്വദേശിനിയായ പർവിന്ദർ കൗർ (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഗുരുദ്വാരയിലെ നിത്യസന്ദർശകനായ നിർമൽജിത് സിങ് സൈനിയെ പാട്യാല പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിനുശേഷം ഇയാൾ കീഴടങ്ങുകയായിരുന്നു.
മതവികാരം വ്രണപ്പെടുത്തിയതിന്റെ ദേഷ്യത്തിലാണ് യുവതിക്കുനേരെ വെടിയുതിർത്തതെന്ന് നിർമൽജിത് സിങ് മൊഴിനൽകി. ഞായറാഴ്ച ദുഖ് നിവാരൻ സാഹിബ് ഗുരുദ്വാരയുടെ വിശുദ്ധ തീർഥക്കുളത്തിന് സമീപത്തുനിന്ന് പർവിന്ദർ കൗർ പരസ്യമായി മദ്യപിച്ചുവെന്ന് ഗുരുദ്വാര കമ്മിറ്റി പറയുന്നു. സംഭവം ശ്രദ്ധയിൽപെട്ട ഗുരുദ്വാര പരിപാലകർ യുവതിയെ മാനേജറുടെ ഓഫിസിലെത്തിച്ചു. ഇതിനിടെ മദ്യലഹരിയിലായിരുന്ന യുവതി മദ്യക്കുപ്പികൊണ്ട് പരിപാലകരെ ആക്രമിക്കാനും ശ്രമിച്ചുവത്രെ.
മാനേജറുടെ മുറിയിൽനിന്ന് പരവിന്ദർ കൗർ പൊലീസുകാരനൊപ്പം പുറത്തേക്ക് ഇറങ്ങിവരുന്നതിനിടെയാണ് നിർമൽജിത് സിങ് തന്റെ കൈവശമുണ്ടായിരുന്ന തോക്കുപയോഗിച്ച് അഞ്ചുതവണ വെടിയുതിർക്കുന്നതെന്ന് പാട്യാല സീനിയർ പൊലീസ് സൂപ്രണ്ട് വരുൺ ശർമ പറഞ്ഞു. സമീപത്തുണ്ടായിരുന്ന മറ്റൊരാൾക്കും പരിക്കേറ്റു. മദ്യത്തിന് അടിപ്പെട്ട പർവിന്ദർ കൗർ ലഹരിവിമുക്തി കേന്ദ്രത്തിൽ ചികിത്സതേടിയതിന്റെ രേഖയും പൊലീസ് കണ്ടെടുത്തു.

