യു.പിയിലെ ആശുപത്രി ശുചിമുറിയിൽ യുവ നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പൊലീസ്
text_fieldsകാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഞായറാഴ്ച 21കാരിയായ യുവ നഴ്‌സിനെ ജോലി ചെയ്തിരുന്ന ആശുപത്രിയുടെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി മാധ്യമങ്ങളോട് പറഞ്ഞു.
ബീഹാറിലെ സിവാൻ ജില്ലയിൽ നിന്നുള്ള ചാന്ദ്‌നി (21) ഒരു മാസമായി കാൺപൂരിലെ ലജ്പത് നഗറിലെ ആശുപത്രിയിൽ ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ആറ് വർഷമായി റാവത്പൂരിൽ ലക്ഷ്മി ഗുപ്ത എന്ന സ്ത്രീയുടെ കുടുംബത്തോടൊപ്പമാണ് അവർ താമസിച്ചിരുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ശനിയാഴ്ച രാത്രി ജോലിയിൽ പ്രവേശിച്ച ചാന്ദ്നിയെ പിറ്റേന്ന് രാവിലെ മുതൽ കാണാനില്ലായിരുന്നു. തുടർന്ന് സഹപ്രവർത്തകർ നടത്തിയ തിരച്ചിലിൽ ആശുപത്രിയുടെ മൂന്നാം നിലയിലെ സ്വകാര്യ ശുചിമുറിയുടെ വാതിൽ ഉള്ളിൽ നിന്നും അടച്ചിട്ട നിലയിൽ കണ്ടെത്തി. ശുചിമുറിയുടെ അകത്ത് നിന്ന് പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് വാതിൽ തകർത്തപ്പോൾ ചാന്ദ്നിയുടെ മൃതദേഹം നിലത്ത് കിടക്കുന്നതായി സഹപ്രവർത്തകർ കണ്ടെത്തിയതായും ആശുപത്രി മേധാവി പൊലീസിൽ മൊഴി നൽകി.
തുടർന്ന് സംഭവസ്ഥലത്ത് പൊലീസ് നടത്തിയ തിരച്ചിലിൽ സിറിഞ്ചുകളും കുത്തിവെപ്പ് മരുന്നുകളും കണ്ടെത്തി. പ്രാഥമികാന്വേഷണത്തിൽ വിഷം കുത്തിവച്ചുള്ള ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ട നടപടികൾക്കായി അയച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

