ആപ്പിലൂടെ ലോണെടുത്തത് 2000 രൂപ, അടച്ചുതീർത്തിട്ടും ഭീഷണി; ഭാര്യയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ചു, യുവാവ് ജീവനൊടുക്കി
text_fieldsവിശാഖപട്ടണം: ലോൺ ആപ്പിന്‍റെ ഭീഷണിയെ തുടർന്ന് യുവാവ് ജീവനൊടുക്കി. ലോൺ ആപ്പിന് പിന്നിലെ ഏജന്‍റുമാർ ഭാര്യയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിനെ തുടർന്നുള്ള മാനസിക പ്രയാസത്തിലാണ് യുവാവ് ജീവനൊടുക്കിയത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്വദേശിയായ നരേന്ദ്ര എന്ന 25കാരനാണ് മരിച്ചത്.
ഒക്ടോബർ 28നായിരുന്നു നരേന്ദ്രയുടെയും അഖിലയുടെയും വിവാഹം. വിവാഹത്തെ തുടർന്നുള്ള സാമ്പത്തിക പ്രയാസത്തിന്‍റെ സമയത്താണ് ഓൺലൈൻ ആപ്പ് വഴി നരേന്ദ്ര 2000 രൂപ കടമെടുത്തത്. പിന്നീട് ലോൺ ഏജന്‍റുമാർ നിരന്തരം ഫോണിലൂടെ ഭീഷണിപ്പെടുത്തുകയായിരുന്നു.
നരേന്ദ്രയുടെ ഫോണിൽ നിന്നും അഖിലയുടെ ചിത്രങ്ങൾ ആപ്പ് വഴി കൈക്കലാക്കിയ ഏജന്‍റുമാർ ഇത് മോർഫ് ചെയ്ത് വ്യാജ നഗ്നചിത്രം സൃഷ്ടിച്ചു. ഇത് നരേന്ദ്രയുടെ കോൺടാക്ട് ലിസ്റ്റിലെ മുഴുവനാളുകൾക്കും അയച്ചുകൊടുക്കുകയായിരുന്നു. മുഴുവൻ പണവും അടച്ചുതീർത്തിട്ടും ഏജന്‍റുമാർ ഭീഷണി തുടർന്നു. ഇതോടെ കടുത്ത മാനസിക പ്രയാസത്തിലായ നരേന്ദ്ര ജീവനൊടുക്കുകയായിരുന്നു.
ആന്ധ്രപ്രദേശിൽ ലോൺ ആപ്പുമായി ബന്ധപ്പെട്ട് ഒരാഴ്ചക്കിടെ മൂന്നാമത്തെ ആത്മഹത്യയാണിത്. ആത്മഹത്യക്ക് ശ്രമിച്ച മറ്റൊരാളെ പൊലീസ് രക്ഷപ്പെടുത്തിയിരുന്നു. ലോൺ ആപ്പ് ഭീഷണികൾ വാർത്തയായതോടെ നടപടി പ്രഖ്യാപിച്ച് സർക്കാർ രംഗത്തെത്തി. നിയമവിരുദ്ധ ആപ്പുകളെ കണ്ടെത്തി നടപടിയെടുക്കുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി വംഗലപുഡി അനിത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

