ഗൂഡല്ലൂർ: യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ രണ്ട് എസ്.ഐമാരെ സ്ഥലംമാറ്റി. തേനാട്കൊബൈ സ്റ്റേഷനിലെ എസ്.ഐമാരായ ശെന്തിൽകുമാറിനെ എരുമാടിലേക്കും ലോകനാഥനെ ഊട്ടി റൂറൽ സ്റ്റേഷനിലേക്കും മാറ്റി എസ്.പി ശശിമോഹനാണ് ഉത്തരവിട്ടത്. ഊട്ടി കെന്തരൈ പുതുവീട് ഭാഗത്തെ കർഷകൻ ശ്രീനിവാസനാണ് (38) കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചത്.
തേനാട്കൊബൈ പൊലീസ് ദൊഡബെഡയിൽ വാഹന പരിശോധനക്കിടെ ശ്രീനിവാസൻ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് ബൈക്ക് കസ്റ്റഡിയിലെടുത്ത് പിഴ ഈടാക്കി. ഈ മനോവിഷമത്തിൽ വീട്ടിൽ പോയി ശ്രീനിവാസൻ ജീവനൊടുക്കുകയായിരുന്നു. പൊലീസുകാരുടെ പീഡനവും അസഭ്യവുമാണ് ശ്രീനിവാസൻ മരിക്കാനിടയാക്കിയതെന്ന് ആരോപിച്ച് കുടുംബം മൃതദേഹം കൈപ്പറ്റാതെ ഉപരോധം നടത്തിയിരുന്നു.
പിന്നീട് സംസ്ഥാന മനുഷ്യാവകാശ കമീഷന് പരാതിയും നൽകിയിരുന്നു. കലക്ടർ, എസ്.പി എന്നിവർ മൂന്ന് ആഴ്ചക്കുള്ളിൽ മറുപടി നൽകണമെന്ന് കമീഷൻ ഉത്തരവിട്ടു. ഇതേത്തുടർന്നാണ് നടപടി.