‘മുറിവേറ്റ കടുവക്ക് എന്തു ചെയ്യാനാകുമെന്ന് നിങ്ങൾ കാണും’; അമിത് ഷാ മറാഠികളെ വിലകുറച്ചു കാണരുതെന്ന് ഉദ്ധവ് താക്കറെ
text_fieldsഅമിത് ഷാ, ഉദ്ധവ് താക്കറെ
മുംബൈ: മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഉദ്ധവ് വിഭാഗം ശിവസേനയെ തുടച്ചുനീക്കിയെന്നും ഉദ്ധവ് താക്കറെക്ക് അദ്ദേഹത്തിന് യോജിച്ച സ്ഥാനം കാണിച്ചുകൊടുക്കുമെന്നുമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശത്തിന് മറുപടിയുമായി ഉദ്ധവ് താക്കറെ. മറാഠികളെ വിലകുറച്ച് കാണരുതെന്നും മുറിവേറ്റ കടുവക്ക് എന്തു ചെയ്യാനാകുമെന്ന് വൈകാതെ അമിത് ഷാ അറിയുമെന്നും ഉദ്ധവ് പറഞ്ഞു. ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ ജന്മ വാർഷികത്തോടനുബന്ധിച്ച് നടന്ന യോഗത്തിലായിരുന്നു താക്കറെ ഇക്കാര്യം പറഞ്ഞത്.
“ഈ തെരഞ്ഞടുപ്പുകൾ ഉദ്ധവ് താക്കറെക്ക് യോജിച്ച സ്ഥാനം കാണിച്ചുകൊടുക്കുമെന്നാണ് അമിത് ഷാ പറഞ്ഞത്. മുറിവേറ്റ കടുവക്ക് എന്താണ് ചെയ്യാൻ കഴിയുകയെന്ന് അമിത് ഷാക്ക് കാണിച്ചുകൊടുക്കാം. മറാഠികളെ നിങ്ങൾ വിലകുറച്ച് കാണരുത്. ഔറംഗസേബിനെ മുട്ടുകുത്തിച്ച പാരമ്പര്യമാണ് ഞങ്ങളുടേത്, ആരാണ് അമിത് ഷാ?” -എന്നിങ്ങനെയാണ് ഉദ്ധവ് താക്കറെയുടെ പരാമർശം. ബാലറ്റ് പേപ്പറിൽ തെരഞ്ഞെടുപ്പ് നടത്താൻ കേന്ദ്രത്തെ അദ്ദേഹം വെല്ലുവിളിച്ചു. ‘ഹിന്ദുത്വ’യുടെ പേരിൽ ബി.ജെ.പിയെ കടന്നാക്രമിച്ച താക്കറെ, വർഗീയ സംഘർഷം പ്രചരിപ്പിക്കുന്നവർ ഹിന്ദുക്കളാകില്ലെന്നും പറഞ്ഞു.
കഴിഞ്ഞ വർഷം നടന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ശിവസേന (ഉദ്ധവ് വിഭാഗം) 20 സീറ്റുകൾ മാത്രമാണ് നേടിയത്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം 235 സീറ്റുകളിൽ ജയിച്ചാണ് ഭരണത്തുടർച്ച നേടിയത്. തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ നിരവധി മഹാ വികാസ് അഘാഡി (എം.വി.എ) നേതാക്കൾ ഇ.വി.എമ്മുകളിൽ കൃത്രിമം നടക്കുന്നതായി ആശങ്ക ഉന്നയിച്ചു. എന്നാൽ ആശങ്ക അനാവശ്യമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ പ്രതികരിച്ചു പേപ്പർ ബാലറ്റിലേക്ക് മടങ്ങാനുള്ള ആഹ്വാനം പിന്തിരിപ്പനാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

