'നിങ്ങൾ കുട്ടികളെ ഉണ്ടാക്കിയിട്ട് പഠനച്ചെലവ് സർക്കാർ വഹിക്കണമെന്നോ?' സ്ത്രീകളോട് ബി.ജെ.പി എം.എൽ.എയുടെ ചോദ്യം
text_fieldsലഖ്നോ: നിങ്ങൾ ഉണ്ടാക്കിയ കുട്ടികളുടെ പഠനച്ചെലവ് എന്തിനാണ് സർക്കാർ വഹിക്കണമെന്ന് പറയുന്നതെന്ന് യു.പിയിലെ ബി.ജെ.പി എം.എൽ.എ. ഫീസിളവിന് ശുപാർശ ചെയ്യണമെന്നാവശ്യപ്പെട്ട് തന്നെ വന്നുകണ്ട സ്ത്രീകളോടാണ് എം.എൽ.എയുടെ പ്രതികരണം. ഉത്തർ പ്രദേശിലെ ഒൗരയ്യ മണ്ഡലത്തിലെ രമേശ് ദിവാകർ എം.എൽ.എയാണ് വിവാദ പരാമർശം നടത്തിയത്.
ഞായറാഴ്ച നിയോജകമണ്ഡലത്തിൽ നടന്ന പൊതുസമ്മേളനത്തിനിടെയായിരുന്നു സംഭവം. സ്വകാര്യ സ്കൂളുകളിലെ ഫീസ് ഇളവിനായി പ്രദേശവാസികളായ സ്ത്രീകൾ രമേശ് ദിവാകറെ സമീപിക്കുകയായിരുന്നു. അപ്പോഴാണ് 'നിങ്ങൾ കുട്ടികളെ ഉണ്ടാക്കിയിട്ട് പൈസ നമ്മൾ കൊടുക്കണോ'' എന്ന് ചോദിച്ചത്. തുടർന്ന് തനിക്ക് ചുറ്റുമുള്ള സ്ത്രീകളോടായി 'എന്തിനാണ് സർക്കാർ സ്കൂളുകൾ? അവിടെ ഫീസൊന്നും ഈടാക്കുന്നില്ലല്ലോ? നിങ്ങൾക്ക് ഭക്ഷണവും വസ്ത്രവുമെല്ലാം സർക്കാർ നൽകുന്നില്ലേ. നിങ്ങൾ പണത്തിനും ശുപാർക്കുമായി ഞങ്ങളുടെ അടുത്ത് വരുന്നു'' -എന്നും എം.എൽ.എ പരിഹസിച്ചു.
എം.എൽഎയുടെ പരിഹാസം അതിരുവിട്ടപ്പോൾ കൂട്ടത്തിലൊരു സ്ത്രീ 'ഇത് നിങ്ങളെ തെരഞ്ഞെടുത്ത പൊതുജനമാണെന്ന്' എം.എൽ.എയോട് പ്രതികരിച്ചതായും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
അതേസമയം, സംഭവത്തെ കുറിച്ച് അറിയില്ലെന്ന് ബി.ജെ.പി വക്താവ് സമീർ സിങ് പറഞ്ഞു. "എനിക്കോ സംസ്ഥാന നേതൃത്വത്തിനോ ഈ വിഷയത്തെക്കുറിച്ച് അറിയില്ല. സ്ത്രീകളോട് നിന്ദ്യമായി സംസാരിക്കാൻ ആർക്കും അവകാശമില്ല. എല്ലാവരെയും ബഹുമാനിക്കുന്ന പാർട്ടിയാണ് ബി.ജെ.പി. എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ഇക്കാര്യം അന്വേഷിക്കും'' -അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ബി.ജെ.പിയുടെ തനി സ്വരൂപമാണ് എം.എൽ.എ കാണിച്ചതെന്ന് സമാജ്‌വാദി പാർട്ടി വക്താവ് രാജേന്ദ്ര ചൗധരി അഭിപ്രായപ്പെട്ടു. ബി.ജെ.പിക്കാർ ആരെയും സഹായിക്കാതെ സ്ത്രീകളെ അപമാനിക്കുകയാണ് ചെയ്യുന്നത്. എം.എൽ.എയുടെ സംസാരം നിർഭാഗ്യകരവും അപലപനീയവുമാണ് -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

