Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്ഷേത്രനിർമാണം എതിർത്തവർ അയോധ്യയെ അപകീർത്തിപ്പെടുത്തുന്നു; പ്രതിപക്ഷ പാർട്ടികൾ മുഗളന്മാരുടെ ശിഷ്യരെന്നും യോഗി ആദിത്യനാഥ്

text_fields
bookmark_border
https://www.madhyamam.com/tags/yogi-adityanath
cancel
camera_alt

യോഗി ആദിത്യനാഥ്

ലഖ്നോ: രണ്ട് നൂറ്റാണ്ടു മുമ്പ് രാജ്യം ഭരിച്ചിരുന്ന മുഗൾ ചക്രവർത്തിമാരായ ബാബറിന്റെയും ഔറംഗസേബിന്റെയും ശിഷ്യന്മാരാണ് ഇപ്പോഴത്തെ പ്രതിപക്ഷ പാർട്ടികളെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

നമ്മുടെ വിശ്വാസം ശ്രീരാമൻ, കൃഷ്ണൻ, ബാബ വിശ്വനാഥ് എന്നിവരിലാണ്. എന്നാൽ, പ്രതിപക്ഷത്തിന്റെ വിശ്വാസം ബാബറിലും ഔറംഗസേബിലുമാണ്. അത്തരക്കാർക്ക് സനാതന വിശ്വാസത്തിന്റെയും രാജ്യത്തിന്റെ വിശ്വാസത്തെയും ബഹുമാനിക്കാൻ കഴിയുമോയെന്നും യോഗി ചോദിച്ചു. കൃഷ്ണ ജന്മാഷ്ടമിയോട് അനുബന്ധിച്ച് മഥുരയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.

‘ഏകദേശം 500 വർഷങ്ങൾക്ക് മുമ്പ് അയോധ്യയിൽ ഒരു വിദേശ ആക്രമണകാരി നമ്മുടെ വിശ്വാസത്തെ തകർക്കാൻ ശ്രമിച്ചിരുന്നു. തങ്ങളെത്തന്നെ അജയ്യരായി കരുതിയിരുന്നതാണ് അവർ. സനാതന വിശ്വാസത്തെ ഇല്ലാതാക്കാൻ അവർ നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. എന്നിട്ടും ആരും അതിൽ വിജയിച്ചില്ല. അത്തരം പ്രവൃത്തികൾ ചെയ്യാൻ ധൈര്യപ്പെട്ടവർ തുടച്ചുനീക്കപ്പെട്ടു. ഇന്ന് അവരുടെ പേരുകൾ പോലും ഉച്ചരിക്കാൻ ആരും അവശേഷിക്കുന്നില്ല.’ -യോഗി കൂട്ടിച്ചേർത്തു.

കർഷകർ, യുവാക്കൾ, സ്ത്രീകൾ, സംരംഭകർ എന്നിവരുടെ താൽപര്യങ്ങൾക്ക് ക്ഷതമേൽപ്പിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞേക്കുമെങ്കിലും ‘ഡബിൾ എൻജിൻ’ സർക്കാർ (ബി.ജെ.പി സർക്കാർ) അതിൽ അവരെ വിജയിക്കാൻ അനുവദിക്കില്ല. ഇപ്പോൾ അയോധ്യയുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

രാമക്ഷേത്ര നിർമാണത്തെ എതിർത്തവർ ഇപ്പോൾ അയോധ്യയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണ്. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുരയെ അയോധ്യയുടെ മാതൃകയിൽ വികസിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൃഷ്ണ ജന്മാഷ്ടമിയോട് അനുബന്ധിച്ച് മഥുരയിലെ പ്രശസ്തമായ ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിൽ യോഗി ആദിത്യനാഥ് ദർശനം നടത്തി പ്രത്യേക പൂജകൾ അർപ്പിച്ചു. ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങൾ ജന്മാഷ്ടമിയുടെ ഭാഗമായി വൈവിധ്യമായ പരിപാടികൾ സംഘടിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story