ഖബർസ്ഥാനുകളല്ല, ബി.ജെ.പി സർക്കാർ പൊതു പണം ചെലവിടുന്നത് ക്ഷേത്രങ്ങൾ നിർമിക്കാനാണെന്ന് യോഗി
text_fieldsലഖ്നോ: യു.പിയിൽ നേരത്തെയുണ്ടായിരുന്ന സർക്കാറുകൾ ഖബർസ്ഥാനുകൾക്ക് സ്ഥലം കണ്ടെത്താനായിരുന്നു പൊതുജനങ്ങളുടെ പണം ചെലവാക്കിയിരുന്നതെങ്കിൽ ഇപ്പോഴത്തെ ബി.ജെ.പി സർക്കാർ ക്ഷേത്രങ്ങൾ നിർമിക്കാനും നവീകരിക്കാനുമാണ് പണം ചെലവഴിക്കുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി അയോധ്യയിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് കാലത്ത് നടപ്പാക്കിയ പ്രധാന മന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി അടുത്ത വർഷം ഹോളി വരെ തുടരുമെന്ന് യോഗി പറഞ്ഞു. പദ്ധതി നവംബറിൽ അവസാനിക്കാനിരിക്കുകയായിരുന്നു. യു.പിയിലെ 15 കോടിയോളം ജനങ്ങൾക്ക് പദ്ധതി ഉപകരിക്കുമെന്നും യോഗി പറഞ്ഞു. 661 കോടി ചെലവ് വരുന്ന 50 വ്യത്യസ്ത പദ്ധതികളും യോഗി ഉദ്ഘാടനം ചെയ്തു.
അടുത്ത വർഷമാണ് യു.പിയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. ഇതിന്‍റെ മുന്നൊരുക്കമായി നിരവധി പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്ര നിർമാണമാണ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഉയർത്താൻ പോകുന്ന പ്രധാന പ്രചാരണായുധം.
യു.പിയിൽ 30 വർഷം മുമ്പ് ജയ് ശ്രീറാം വിളിക്കുന്നത് യു.പിയിൽ കുറ്റകൃത്യമായിരുന്നു. അന്ന് നിങ്ങൾക്ക് നേരെ വെടിയുതിർത്തവർ ഇന്ന് നിങ്ങളുടെ ശക്തിക്ക് മുന്നിൽ തല കുനിക്കുകയാണ്. 2023ൽ ക്ഷേത്രം നിർമാണം പൂർത്തിയാകും. അതുവരെ ലോകത്ത് ഒരു ശക്തിക്കും നിർമാണം തടയാനാകില്ലെന്നും മോദി പറഞ്ഞു.