‘യോഗി ഹനുമാനെ അപമാനിക്കുന്നു’; ഇൻഡ്യ മുന്നണി നേതാക്കളെ കുരങ്ങന്മാരെന്ന് വിളിച്ചതിൽ മറുപടിയുമായി കോൺഗ്രസ്
text_fieldsപവൻ ഖേര
പട്ന: ഇൻഡ്യ മുന്നണി നേതാക്കളെ കുരങ്ങന്മാരെന്ന് വിശേഷിപ്പിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി കോൺഗ്രസ് നേതാവ് പവൻ ഖേര രംഗത്ത്. നേതാക്കളെ അവഹേളിച്ചതിലൂടെ യോഗി ഹനുമാനെ അപമാനിച്ചെന്ന് അദ്ദേഹം പറയുന്നു. “യു.പി മുഖ്യമന്ത്രി യോഗിയാണ്, പക്ഷേ ഹനുമാനെ അപമാനിക്കുന്നു. ഒരു യോഗി ഹനുമാനെ അപമാനിച്ചാൽ എന്തു പറയാനാണ്. പൊതുജനം നമ്മെ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്” -പവൻ ഖേര പറഞ്ഞു.
നേരത്തെ കോൺഗ്രസ് എം.പിയും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരെ പപ്പു, ടപ്പു, അക്കു എന്നീ പേരുകൾ വിളിച്ചാണ് ആദിത്യനാഥ് അവഹേളിച്ചത്. ബിഹാറിലെ ദർഭംഗയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ, മൂന്ന് കുരങ്ങന്മാരാണ് പ്രതിപക്ഷത്തിനായി പ്രചാരണം നടത്തുന്നതെന്ന് യോഗി പറഞ്ഞു.
“മഹാത്മ ഗാന്ധിക്ക് മൂന്ന് കുരങ്ങന്മാരുണ്ടായിരുന്നതു പോലെ, ഇന്ന് പപ്പു, ടപ്പു, അപ്പു എന്നീ പേരുകളുള്ള കുരങ്ങന്മാരാണ് ഇൻഡ്യ മുന്നണിക്കുള്ളത്. പപ്പുവിന് സത്യമോ നല്ലതെന്തെങ്കിലുമോ പറയാനാകില്ല. ടപ്പുവിന് സത്യം കാണാനും അപ്പുവിന് കേൾക്കാനും കഴിയില്ല. രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും തേജസ്വി യാദവും ഇൻഡ്യ സഖ്യത്തിന്റെ പുതിയ മൂന്ന് കുരങ്ങന്മാരാണ്. ഇവർ ജാതിയുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയും കലാപങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവരുമാണ്. ഇവർ കുടുംബ മാഫിയകളെ പ്രലോഭിപ്പിച്ച് ശിഷ്യന്മാരാക്കി ബിഹാറിന്റെ സുരക്ഷ തകർക്കാൻ ശ്രമിക്കുന്നു. ബിഹാറിൽ ജാതിയെ ജാതിക്കെതിരെ തിരിച്ചുവിട്ടു. തോക്കുകളും പിസ്റ്റളുകളും ഉപയോഗിച്ച് ബിഹാറിന്റെ മുഴുവൻ സംവിധാനവും അലങ്കോലമാക്കി” -യോഗി പറഞ്ഞു.
കോൺഗ്രസും ആർ.ജെ.ഡിയും സമാജ്വാദി പാർട്ടിയും ബിഹാറിൽ കുറ്റവാളികളെ കെട്ടിപ്പിടിക്കുകയാണെന്നും നുഴഞ്ഞുകയറ്റക്കാരെ വിളിച്ചുകയറ്റി സംസ്ഥാനത്തിന്റെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുകയാണെന്നും യോഗി ആരോപിച്ചു. “നമ്മൾ ഭിന്നിക്കുകയില്ല, പരസ്പരം പോരടിക്കുകയുമില്ല എന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. ആർ.ജെ.ഡി-കോൺഗ്രസ് സഖ്യം അധികാരത്തിലിരുന്നപ്പോൾ റേഷൻ കടകൾ കൊള്ളയടിക്കപ്പെട്ടു. ഇന്ന് ബിഹാറിലുള്ളവർ ഉൾപ്പെടെ 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ ലഭിക്കുന്നുണ്ട്” - യോഗി കൂട്ടിച്ചേർത്തു.
അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന വാഗ്ദാനം ബി.ജെ.പി നിറവേറ്റിയെന്നും ഇനി സീതാമഡിയിൽ മാ ജാനകിയുടെ ക്ഷേത്രം നിർമിച്ച് അതിനെ രാം ജാനകി മാർഗ് വഴി അയോധ്യയുമായി ബന്ധിപ്പിക്കുമെന്നും യു.പി മുഖ്യമന്ത്രി പറഞ്ഞു. ബിഹാറിലെ 243 അംഗ നിയമസഭയിലേക്ക് നവംബർ ആറിനും 11നുമായി രണ്ട് ഘട്ടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും 14നാണ്. സംസ്ഥാനത്ത് 742 കോടി വോട്ടർമാരാണുള്ളത്. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ 65 ലക്ഷം പേരെ പുറത്താക്കിയിരുന്നു. 2020ൽ 110 സീറ്റിൽ മത്സരിച്ച ബി.ജെ.പി 74 ഇടത്ത് വിജയിച്ചു. 115 സീറ്റിൽ മത്സരിച്ച ജെ.ഡി.യു 43 ഇടത്തും വിജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

