സി.ജെ.പി ക്യാമ്പയിന് പ്രതിരോധവുമായി യോഗി സർക്കാർ; സ്കൂളുകളിൽ വീഡിയോ എടുത്താൽ എഫ്.ഐ.ആർ
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ സർക്കാർ സ്കൂളുകളുടെ പ്രവർത്തനങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും കുറിച്ച് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുമായി നടത്തിയ ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം. സ്കൂളുകളിലെ അപര്യാപ്തതകൾ ചൂണ്ടിക്കാണിച്ചുള്ള വീഡിയോ ക്യാമ്പയിനുകൾ ശക്തമാകുന്നതിനിടയിലാണ് സർക്കാരിന്റെ ഈ നീക്കം.
സംസ്ഥാനത്തെ സ്കൂളുകളിൽ വീഡിയോ ചിത്രീകരിക്കാൻ വെല്ലുവിളിച്ച് രംഗത്തു വന്ന 'കോക്രോച്ച് ജനതാ പാർട്ടി'യുടെ (സി.ജെ.പി) നീക്കത്തിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. രാജ്യവ്യാപകമായി സർക്കാർ സ്കൂളുകളിലെ അടിസ്ഥാന സൗകര്യക്കുറവുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് 'സ്‌കൂള്‍ തിക് കരോ' ക്യാമ്പയിന് സംഘടന തുടക്കമിട്ടിരുന്നു. ഇതിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ വിദ്യാർഥി പ്രക്ഷോഭങ്ങളും അരങ്ങേറി.
അതേസമയം, സ്കൂളുകളുടെ പ്രവർത്തനം സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനായി ജില്ലകളിൽ ഔദ്യോഗികമായി ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി യൂട്യൂബർമാർ ഉൾപ്പെടെയുള്ള പുറത്തുനിന്നുള്ളവർക്ക് പ്രൈമറി, അപ്പർ പ്രൈമറി സ്കൂളുകളിൽ പ്രവേശനം നിരോധിച്ചുകൊണ്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ ഉത്തരവിട്ടിരുന്നു. എന്നാൽ മോശം ഉച്ചഭക്ഷണം സംബന്ധിച്ച വീഡിയോകൾ പുറത്തുവന്നതിനെ തുടർന്നുള്ള പ്രതിഷേധങ്ങൾ ശക്തമായതോടെ ഈ ഉത്തരവുകളിൽ പിന്നീട് ഭേദഗതി വരുത്തി. രക്ഷിതാക്കൾക്കും സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾക്കും സ്കൂളുകൾ സന്ദർശിക്കാനും പ്രവർത്തനങ്ങൾ വിലയിരുത്താനും അനുമതി നൽകി പുതിയ സർക്കുലർ ഇറക്കുകയും ചെയ്തു.
വിഷയത്തിൽ ഗൗരവകരമായ ഇടപെടലുകളുമായി ചീഫ് സെക്രട്ടറിയും രംഗത്തെത്തിയിട്ടുണ്ട്. സ്കൂളുകളിൽ മികച്ച അടിസ്ഥാന സൗകര്യങ്ങളും ശുചിത്വവും ഉറപ്പാക്കാൻ ചീഫ് സെക്രട്ടറി എസ്.പി. ഗോയൽ ഡിവിഷണൽ കമ്മിഷണർമാർക്കും ജില്ലാ കളക്ടർമാർക്കും നിർദ്ദേശം നൽകി. മഴക്കാലത്തെ ശുചീകരണ പ്രവർത്തനങ്ങൾ, കുടിവെള്ള ലഭ്യത, ക്ലാസ് മുറികളിലെ വൈദ്യുതി സൗകര്യങ്ങൾ എന്നിവ കർശനമായി നിരീക്ഷിക്കാനും ഉദ്യോഗസ്ഥർക്ക് ഉത്തരവുണ്ട്. പി.എം. പോഷൻ പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് ഗുണനിലവാരമുള്ള ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
ഇതിനിടയിൽ, സർക്കാരിനെതിരെ രാഷ്ട്രീയ നീക്കങ്ങളും ശക്തമായിട്ടുണ്ട്. ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ് സോഷ്യൽ മീഡിയയിലൂടെ സർക്കാർ സ്കൂളുകളുടെ അവസ്ഥ ചൂണ്ടിക്കാണിച്ചുകൊണ്ട് പുതിയ ക്യാമ്പയിന് തുടക്കമിട്ടിട്ടുണ്ട്. യു.പിയിലെ സർക്കാർ സ്കൂളുകളുടെ യഥാർത്ഥ അവസ്ഥ ചിത്രീകരിച്ച് അയക്കാൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്യുകയുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

