ലഖ്നോ: രാജ്യത്തെ നടുക്കിയ ഹാഥറസ് ബലാത്സംഗ കൊലപാതകവും സ്ത്രീപീഡന പരമ്പരകളും ചർച്ചയാവുന്നതിനിടെ സംസ്ഥാനത്ത് ബലാത്സംഗങ്ങൾ കുറഞ്ഞെന്ന അവകാശവാദവുമായി ഉത്തർപ്രദേശ് സർക്കാർ. 2016ലും മറ്റും സംഭവിച്ചതുമായി തട്ടിച്ചുനോക്കുേമ്പാൾ സംസ്ഥാനത്ത് അത്തരം കേസുകളിൽ 42.24 ശതമാനം കുറവുവന്നുവെന്നാണ് വാദം.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ മുൻവർഷത്തേതിനെക്കാൾ 27.32 ശതമാനം കുറവുണ്ട്. ഇത്തരം കേസുകൾ കർശനമായി അന്വേഷിക്കുന്നുണ്ടെന്നും യോഗി സർക്കാർ വന്നതിൽ പിന്നെ അഞ്ചു പ്രതികൾക്ക് വധശിക്ഷയും 193 പേർക്ക് ജീവപര്യന്തവും വിധിച്ചതായും വാർത്തക്കുറിപ്പിൽ പറയുന്നു. സ്ത്രീകൾക്ക് സുരക്ഷ ഒരുക്കാൻ റോമിയോ സ്ക്വാഡുകൾ, മൊബൈൽ ആപ്, രാത്രിസുരക്ഷാ സംവിധാനം, സഹായ ഡെസ്ക്കുകൾ, പിങ്ക് ബൂത്ത് തുടങ്ങി ഒട്ടനവധി നടപടികളും സ്വീകരിച്ചിട്ടുണ്ട്.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിലും സൈബർ കുറ്റങ്ങളിലും രാജ്യത്ത് ഏറ്റവുമധികം പേർ ശിക്ഷിക്കപ്പെടുന്നത് സംസ്ഥാനത്താണെന്ന് നേരത്തേ നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സർക്കാർ പറഞ്ഞിരുന്നു.