യോഗിക്കും മോദിക്കും പെൺമക്കൾ ഇല്ലാത്തതിനാൽ ഈ വേദനയറിയില്ല’- ശബീർ ഖാൻ
text_fieldsന്യൂഡൽഹി: ‘എവിടെനിന്നും ഒരു സഹായവും ലഭിച്ചില്ല. സഹായത്തിനായി രാഷ്ട്രീയക്കാരെയും സിനിമാക്കാരെയുമെല്ലാം സമീപിച്ചുനോക്കി. യോഗിജിക്കും മോദിജിക്കും പെൺമക്കൾ ഇല്ലാത്തതിനാൽ ഈ വേദന അവർക്ക് മനസ്സിലാകില്ല. അവരുമായി ബന്ധപ്പെട്ട ആരെങ്കിലുമായിരുന്നുവെങ്കിൽ നടപടി എടുക്കുമായിരുന്നു’- കൊലക്കേസിൽ വധശിക്ഷക്കിരയായ ശഹ്സാദി ഖാന്റെ പിതാവ് ശബീർ ഖാന്റേതാണ് വാക്കുകൾ. ശഹ്സാദി ഖാൻ ജീവനോടെ ഉണ്ടോ ഇല്ലയോ എന്നറിയാൻ വഴിയില്ലാതെ വന്നപ്പോഴാണ് അതറിയാൻ വേണ്ടി മാത്രം ഡൽഹി ഹൈകോടതിയെ സമീപിച്ചതെന്ന് കുടുംബത്തിനുവേണ്ടി ഡൽഹി ഹൈകോടതിയിൽ ഹരജി നൽകിയ അഡ്വ. അലി മുഹമ്മദ് പറഞ്ഞു.
മകളുടെ കാര്യത്തിൽ കേന്ദ്ര സർക്കാറിന്റെ ഭാഗത്തുനിന്ന് പിന്തുണ ലഭിച്ചില്ലെന്നും തങ്ങൾ പരിശ്രമിച്ചിട്ടും അവൾക്ക് നീതി ലഭിച്ചില്ലെന്നും ബാന്ദ ജില്ലയിലെ ഗൊയ്റ മുഗളായ് ഗ്രാമത്തിൽനിന്ന് അലി വേദനയോടെ പറഞ്ഞു. അബൂദബിയിൽ പോകാനോ അവിടെ ഒരു വക്കീലിനെ വെക്കാനോ പറ്റിയ സാമ്പത്തിക സ്ഥിതിയിലായിരുന്നില്ല കുടുംബം. അതിനാൽ കേന്ദ്ര സർക്കാറിന്റെ വിവിധതലങ്ങളിൽ കുടുംബം അപേക്ഷ നൽകി. എന്നാൽ, സർക്കാർ തങ്ങൾക്കൊപ്പം നിന്നില്ല. തെറ്റ് ചെയ്യാതിരുന്നിട്ടും കോടതിയിൽ നിരപരാധിത്വം തെളിയിക്കാനായില്ല.
2024 ഫെബ്രുവരിയിൽ അപ്പീൽ തള്ളി വധശിക്ഷ ശരിവെച്ചപ്പോൾ വിഷയത്തിൽ ഇടപെടാൻ ഇന്ത്യൻ എംബസിക്കും പ്രധാനമന്ത്രിയുടെ ഓഫിസിനും വിദേശമന്ത്രാലയത്തിനും എഴുതിയിട്ടും ഒരു ഫലവുമുണ്ടായില്ലെന്ന് ശബീർ ഖാൻ തുടർന്നു. ഒടുവിൽ ഫെബ്രുവരി 14നാണ് അവസാനമായി അവൾ ഫോണിൽ സംസാരിച്ചത്. ശഹ്സാദിയുടെ അവസാനത്തെ ആഗ്രഹപ്രകാരമുള്ള ഫോൺ വിളിയാണെന്നും ഒന്നോ രണ്ടോ ദിവസത്തിനകം വധശിക്ഷ നടപ്പാക്കുമെന്നും പറഞ്ഞായിരുന്നു അബൂദബിയിൽനിന്നുള്ള ആ വിളി. അതിനുശേഷം മകൾക്ക് എന്തു സംഭവിച്ചുവെന്നറിയാൻ ഫെബ്രുവരി 21ന് പ്രധാനമന്ത്രിക്കും വിദേശ മന്ത്രാലയത്തിനും വീണ്ടുമെഴുതി. എന്നാൽ, ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചില്ല. തുടർന്നാണ് ശഹ്സാദി ഖാൻ ജീവനോടെ ഉണ്ടോ ഇല്ലയോ എന്നറിയാൻവേണ്ടി ഡൽഹി ഹൈകോടതിയെ സമീപിച്ചതെന്ന് കുടുംബത്തിനുവേണ്ടി ഹരജി നൽകിയ അഡ്വ. അലി മുഹമ്മദ് പറഞ്ഞു.
അതേസമയം നിയമപരമായ എല്ലാ സഹായവും ചെയ്തുവെന്നും ദയാഹരജികളും പൊതുമാപ്പിനുള്ള അപേക്ഷകളും നൽകിയെന്നുമാണ് വിദേശമന്ത്രാലയം പറയുന്നത്. ഫെബ്രുവരി 14ന് തൂക്കിലേറ്റിയ ശഹ്സാദി ഖാനെ ഇന്ന് അബൂദബിയിൽ ഖബറടക്കുമെന്നാണ് മന്ത്രാലയം ഹൈകോടതിയെ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

