ഹലാൽ സർട്ടിഫിക്കേഷന്റെ പേരിൽ രാജ്യത്ത് 25,000 കോടി പിരിച്ചെന്ന ആരോപണവുമായി യോഗി ആദിത്യനാഥ്
text_fieldsഗോരഖ്പൂരിൽ ആർ.എസ്.എസിന്റെ ശതാബ്ദി ആഘോഷ പരിപാടിയിൽ യോഗി ആദിത്യനാഥ്
ന്യൂഡൽഹി: കേന്ദ്ര അനുമതിയില്ലാതെ ഹലാൽ സർട്ടിഫിക്കേഷന്റെ പേരിൽ രാജ്യത്ത് 25,000 കോടി പിരിച്ചതായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു. ഈ തുക ഭീകരതക്കും ലവ് ജിഹാദിനും മതപരിവർത്തനത്തിനുമായി ഉപയോഗിച്ചുവെന്നും ആദിത്യനാഥ് പറഞ്ഞു.
എന്തെങ്കിലും വാങ്ങുമ്പോൾ അതിൽ ഹലാൽ സർട്ടിഫിക്കേഷനുണ്ടോ എന്ന് നോക്കണം. ഇത് യു.പിയിൽ നിരോധിച്ചിട്ടുണ്ട്. തീപ്പെട്ടിപോലും ഹലാൽ മുദ്രവെച്ച് വിൽക്കുകയാണെന്ന് യോഗി ആരോപിച്ചു. ഗോരഖ്പൂരിൽ ആർ.എസ്.എസിന്റെ ശതാബ്ദി ആഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ നിലവിലെ ജനസംഖ്യാവസ്ഥ മാറ്റാനാണ് രാഷ്ട്രീയ ഇസ്ലാം ലക്ഷ്യമിടുന്നത്. അത് വലിയ വെല്ലുവിളിയാണ്. ഇതിനെതിരെ പോരാടിയവരാണ് നമ്മുടെ പൂർവികർ. പക്ഷേ, ഇക്കാര്യമിപ്പോൾ ചർച്ച ചെയ്യുന്നില്ല. ബ്രിട്ടീഷ്, ഫ്രഞ്ച് കോളനിവത്കരണം പലപ്പോഴും ചരിത്രത്തിൽ ചർച്ചയാണ്. എന്നാൽ, രാഷ്ട്രീയ ഇസ്ലാമിനെക്കുറിച്ച് അത്തരം ചർച്ചകളൊന്നുമില്ല. ഛത്രപതി ശിവാജി, ഗുരു ഗോബിന്ദ്സിങ്, മഹാറാണ പ്രതാപ്, മഹാറാണ സംഗ തുടങ്ങിയവർ രാഷ്ട്രീയ ഇസ്ലാമിനെതിരെ പോരാടിയവരാണ്.
ഈ പദ്ധതി ഇപ്പോഴും ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുന്നുവെന്ന് യു.പിയിലെ ഛംഗൂർ ബാബ കേസ് ഉദാഹരണമാക്കി യോഗി പറഞ്ഞു. (ജലാലുദ്ദീൻ ഷാ എന്ന ഛംഗൂർ ബാബ യു.പിയിലെ ബൽറാംപൂരിൽ ആൾദൈവ സമാനമായ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇയാൾ ജൂലൈയിലാണ് അറസ്റ്റിലായത്). രാഷ്ട്രീയ ഇസ്ലാം ഉൾപ്പെടെയുള്ള ഭീഷണികൾക്കെതിരായാണ് ആർ.എസ്.എസിന്റെ പ്രവർത്തനമെന്നും അത് പ്രശംസനീയമാണെന്നും യോഗി തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

