ഇന്ത്യയിൽ ശരീഅത്തല്ല, ഭരണഘടനയാണ്; ഹിജാബ് നിരോധനത്തിൽ യോഗി
text_fieldsയോഗി ആദിത്യനാഥ്
ലഖ്നോ: ഭരണഘടനാനുസൃതമായി പ്രവർത്തിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും ഇവിടെ ശരീഅത്ത് നിയമമല്ലെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കർണാടകയിലെ ഹിജാബ് നിരോധനം ന്യായീകരിച്ചുകൊണ്ടായിരുന്നു യോഗിയുടെ പ്രതികരണം.
ഇന്ത്യ ശരീഅത്ത് നിയമമനുസരിച്ച് പ്രവർത്തിക്കുന്ന രാജ്യമല്ലെന്ന് താലിബാൻ ചിന്താഗതിയുള്ള മതഭ്രാന്തന്മാർ മനസിലാക്കണം. ഭരണഘടനയനുസരിച്ചാണ് ഇന്ത്യ പ്രവർത്തിക്കുന്നത് -എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ യോഗി പറഞ്ഞു. സ്കൂളുകളിൽ കൃത്യമായ ഡ്രസ് കോഡ് നടപ്പാവണം. യു.പിയിൽ പൊതുജനങ്ങളോടോ ജീവനക്കാരോടോ കാവി ഷാൾ ധരിക്കാൻ ഞാൻ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. അത് ധരിക്കുന്നത് അവരുടെ വ്യക്തിപരമായ താൽപര്യമാണ് -യോഗി പറഞ്ഞു.
പുതിയ ഇന്ത്യയാണിതെന്ന് എനിക്ക് ഉറപ്പിച്ച് പറയാനാകും. ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജ്യമാണിത്. പുതിയ ഇന്ത്യയിൽ വികസനം എല്ലാവർക്കും വേണ്ടിയുള്ളതാണ്. എന്നാൽ, ആരെയും പ്രീതിപ്പെടുത്തുകയില്ല -യോഗി പറഞ്ഞു. യു.പിയിൽ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ടത്തിൽ 55 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.
അതിനിടെ, കർണാടകയിൽ ഹിജാബ് നിരോധന വിവാദത്തെ തുടർന്ന് അഞ്ച് ദിവസമായി അടഞ്ഞുകിടക്കുന്ന സ്കൂളുകൾ ഇന്ന് തുറന്നു. ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഹിജാബിനെതിരെ ഹിന്ദുത്വവാദികൾ കനത്ത പ്രതിഷേധമുയർത്തിയ ഉഡുപ്പിയിൽ സ്കൂൾ പരിസരങ്ങളിൽ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹിജാബ് നിരോധനത്തിനെതിരായ ഹരജിയിൽ കർണാടക ഹൈകോടതിയിൽ ഇന്ന് വാദം തുടരാനിരിക്കെ, ഇന്ന് തുടങ്ങുന്ന നിയമസഭ സമ്മേളനത്തിൽ വിഷയം ഉയർത്താനൊരുങ്ങുകയാണ് പ്രതിപക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

